സോഷ്യല്‍ മീഡിയയില്‍ ബി ജെ പി നേതാക്കളുടെ ഗ്രൂപ്പ് പോര്

കണ്ണൂര്‍ : ബി ജെ പി പ്രവര്‍ത്തകര്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ ശ്രീധരന്‍ പിള്ളയുടെ പേജിലൂടെ മറ്റൊരു മുന്‍ പ്രസിഡന്റായ വി മുരളീധരന്‍ എം പി ക്കെതിരെയും ബി ജെ പി നേതൃത്വത്തിനെതിരെയും  പ്രതിഷേധ പൊങ്കാല.

മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ച നടിമാര്‍ക്ക് ഐക്യദാര്‍ഡ്യവുമായി വി മുരളീധരന്‍ എം പി ഫേസ്ബുക്ക് പോസ്റ്റിട്ട് ഏറെ വൈകും മുമ്പ് അഡ്വ പി എസ് ശ്രീധരന്‍പിള്ള സോഷ്യല്‍ മീഡിയയിലെ യുവമോര്‍ച്ചയുടെ ശബ്ദമായ ലസിത പാലക്കലിന് ഐക്യദാര്‍ഡ്യവുമായി ഫേസ്ബുക്ക് പോസ്റ്റിട്ടു. അപ്പോഴാണ് ആര്‍ എസ് എസ് - ബി ജെ പി പ്രവര്‍ത്തകര്‍ ശ്രീധരന്‍ പിള്ളയുടെ പേജില്‍ കയറി മുരളീധരനെതിരെ പ്രതിഷേധിച്ചത്. ലസിത പാലക്കിനെതിരെ സിനിമാതാരവും ടെലിവിഷന്‍ അവതാരകനുമായ സാബു അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെതിരായി പോലീസ് നടപടി സ്വീകരിക്കാത്തതുകൊണ്ടാണ് ലസിതയുടെയും കൂട്ടരുടെയും പ്രതിഷേധം.

മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

"മലയാളചലച്ചിത്രരംഗത്തെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്നും നടി ഭാവനയും മറ്റു മൂന്ന് അഭിനേത്രികളും രാജിവയ്ക്കാനെടുത്ത തീരുമാനം ഏറ്റവും ഉചിതമായ ഒന്നാണ്.

മോഹന്‍ലാല്‍ എന്ന മഹാനായ നടന്‍ അമ്മയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തശേഷം കൈകൊണ്ട ആദ്യ സുപ്രധാന തീരുമാനം ദിലീപിനെ തിരിച്ചെടുക്കാനായിരുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. ശ്രീ മോഹന്‍ലാലിന്റെ പ്രതിച്ഛായയ്ക്ക് തന്നെ കളങ്കം വരുത്തിയ തീരുമാനമായിരുന്നു അത്.

ശ്രീമതി ഭാവന എഴുതിയ രാജിക്കത്ത് കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത് കൊണ്ട് അക്കാര്യത്തില്‍ ഒരു അഭിപ്രായപ്രകടനത്തിന് മുതിരുന്നില്ല. മലയാളികളുടെ ജനാധിപത്യബോധത്തിനുള്ള വെല്ലുവിളിയാണ് അമ്മയില്‍ നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍. എല്ലാവരും തുല്യര്‍ എന്ന ജനാധിപത്യ സങ്കല്പത്തിന് പകരം ചിലര്‍ മറ്റുള്ളവരെക്കാള്‍ വലിയവര്‍ എന്ന സ്ഥിതിയാണ് അമ്മയില്‍ നിലനില്‍ക്കുന്നത് എന്നാണ് സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.

അമ്മയുടെ ജനാധിപത്യസ്വഭാവം നിലനിര്‍ത്താന്‍ അധ്യക്ഷനെന്ന നിലയില്‍ ശ്രീ മോഹന്‍ലാല്‍ മുന്‍കൈ എടുക്കണമെന്നാണ് അദ്ദേഹത്തെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് മലയാളികളില്‍ ഒരാള്‍ എന്ന നിലയില്‍ എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്."

ശ്രീധരന്‍പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

"ലസിത പാലക്കല്‍ എന്ന സഹോദരിക്ക് ഫേസ്ബുക്കിലൂടെ ഒരു വ്യക്തിയില്‍ നിന്നും നേരിടേണ്ടി വന്ന അപമാനം അല്പം വൈകിയാണ് എന്റെ ശ്രദ്ധയില്‍ പെട്ടത്. ഇതിനെതിരെ അവര്‍ നിയമപരമായി തന്നെ നടപടികള്‍ സ്വീകരിച്ചത് അഭിനന്ദനം അര്‍ഹിക്കുന്നു. എന്നാല്‍ ഇതിനിതിരെ തുടര്‍ നടപടികളോ അന്വേഷണമോ നടത്താത്ത പോലീസ് നടപടി തികച്ചും അപലപനീയമാണ്. ഒരു രാഷ്ട്രീയ വിഷയമായി അല്ലാതെ ഇതിനെ ഒരു സ്ത്രീക്കെതിരെ നടത്തിയ അതിക്രമമായി കാണാന്‍ കഴിയാത്തത് ഈ സര്‍ക്കാരിന്റെ വീഴ്ച തന്നെയാണ്. ഈ വിഷയത്തില്‍ പ്രിയ സഹോദരിക്ക് തുടര്‍ നിയമ നടപടികള്‍ക്ക് ഒരു അഭിഭാഷകന്‍ എന്ന നിലയില്‍ എന്റെ എല്ലാ സഹായങ്ങളും ഉണ്ടാകും എന്ന് അറിയിച്ചു കൊള്ളുന്നു."

ശ്രീധരന്‍ പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വന്ന ബി ജെ പി പ്രവര്‍ത്തകരുടെ കമന്റുകളില്‍ ചിലത്

Renju Raveendran മറ്റു സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തുന്ന BJP കേരളത്തില്‍ മാത്രം അധികാരത്തിലെത്താത് ഇവിടുത്തെ നേതൃത്വത്തിന്റെ കുഴപ്പം കൊണ്ട് തന്നേയാണ്.ബൂത്ത് തലം മുതല്‍ സംസ്ഥാനതലം വരെ പിരിച്ചു വിടണം.കൂടുതല്‍ പറയണമെന്നുണ്ട് .സ്വന്തം പല്ലിന്റെ ഇട കുത്തി നാറ്റിക്കുന്നില്ല..

Arathy Nair ഇതാണ് കലക്കവെള്ളത്തില്‍ മീന്‍പിടിക്കുക എന്ന് പറയുന്നത് മുരളി ജി രാജിവച്ച സിനിമനടികളെ പിന്തുണച്ചു പോസ്റ്റ് ഇട്ടപ്പോള്‍ അടുത്ത ഗ്രൂപ്പ് കൃഷ്ണദാസ് ടീം ലസിതയെ പിന്തുണച്ചു പോസ്റ്റ് ഇട്ട് അതില്‍ ഏറ്റവും വലിയ വിരോധാഭാസം ശ്രീധരന്‍പിള്ള ചേട്ടന്‍ ഇന്നാണ് അറിഞ്ഞത് ലസിതയെ സാബു അപമാനിച്ചത് സംഭവം നടന്നിട്ട് ഏതാണ്ട് ഇരുപത്തഞ്ചു ദിവസം കഴിഞ്ഞു ഇവരെല്ലാം ചേര്‍ന്നാണ് കേരളത്തില്‍ ബിജെപിയെ വളര്‍ത്തികൊണ്ടിരിക്കുന്നതു എന്ന് ഓര്‍ക്കുമ്പോള്‍ ആണ് മനസ്സിന് വല്ലാത്ത സന്തോഷം . പ്രിയപ്പെട്ട ബിജെപി നേതാക്കളെ സംഘപ്രവര്‍ത്തകര്‍ ആരും അന്തംകമ്മികള്‍ അല്ലെ നിങ്ങളൊക്കെ ഓരോ ഉടായിപ്പ് പോസ്റ്റ് ഇടുമ്പോള്‍ വന്നു ജയ് ജയ് വിളിക്കാന്‍ നിങ്ങളുടെ പിറകെ നടക്കാന്‍ നിങ്ങള്‍ ഉണ്ടങ്കില്‍ നിങ്ങളോടൊപ്പം ഇല്ലങ്കില്‍ അടുത്ത് വരുന്ന നേതാക്കളോടൊപ്പം സംഘപ്രവര്‍ത്തകര്‍ കാണും കാരണം അവരാരും നേതാക്കളുടെ അടിമ അല്ല ഭഗവത്ധ്വജത്തെ മാത്രമേ പ്രണമിക്കു അതുകൊണ്ടു നിങ്ങളുടെ ഗ്രൂപ്പ് പ്രവര്‍ത്തനത്തിന് താത്കാലികമായി വിട നല്‍കുക ജനങ്ങളെ കൊണ്ട് ചിരിപ്പിക്കാതെ.

Sajosh Sajo ഇങ്ങനെ ഒരു പ്രതികരണം അത് മതി ഞങ്ങള്‍ BJP അണികള്‍ക്കും ആ സഹോദരിക്കും ഇന്ന് നമ്മുടെ ഒരു നേതാവ് കുറച്ചു സിനിമ നടിമാര്‍ക്ക് പിന്തുണ അറിയിച്ചിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തി വളരെ മോശം ആയിപ്പോയി ലസിതക്കും പിന്തുണ ആകാമായിരുന്നു അത് ആവശ്യമായിരുന്നു

 

 

 

27-Jun-2018