കാനറി പക്ഷികള്‍ സെര്‍ബിയന്‍ ആകാശം കീഴടക്കി
അഡ്മിൻ
റഷ്യ : സ്പാര്‍ട്ടക്ക് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ഫുട്ബോള്‍ പ്രമികള്‍ക്ക് മുന്നില്‍ സാംബാതാളത്തില്‍ ഫുട്ബോള്‍ കലാശങ്ങള്‍ ചവിട്ടി ഉറഞ്ഞാടിയ ബ്രസീിന്റെ മുന്നില്‍ വിജയം പറന്നിറങ്ങുകതന്നെ ചെയ്തു. സെര്‍ബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുട്ടുകുത്തിച്ച് ബ്രസീല്‍ പ്രീക്വാര്‍ട്ടറിലെത്തി. 36ാം മിനിട്ടില്‍ പൗളീഞ്ഞോയും 68ാം മിനിട്ടില്‍ തിയാഗോ സില്‍വയുമാണ് കാനറിക്ക് വേണ്ടി സെര്‍ബിയന്‍ വല ചലിപ്പിച്ചത്. രണ്ട് ജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കാനറിപ്പടയുടെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. പ്രീക്വാര്‍ട്ടറില്‍ മെക്സിക്കോയാണ് ബ്രസീലിന്റെ എതിരാളികള്‍. വിരസമെന്ന് തോന്നിച്ച ആദ്യ പകുതിയുടെ 36ാം മിനിട്ടിലാണ് ബ്രസീലിയന്‍ ടീമിന് ആത്മവിശ്വാസം നല്കി പൗളീഞ്ഞോയുടെ ബൂട്ടില്‍ നിന്നും മനോഹര ഗോള്‍ പിറന്നത്. മധ്യഭാഗത്ത് നിന്ന് ഗോള്‍ മുഖത്തേക്ക് കൗടീഞ്ഞോ മറിച്ച് നല്കിയ പാസ് മുന്നോട്ടോടിയെത്തിയ സെര്‍ബിയന്‍ ഗോളിയെ വെട്ടിച്ച് പൗളീഞ്ഞോ ഗോള്‍വലയിലേക്ക് തട്ടിയിടുകയായിരുന്നു. മത്സരം ആദ്യ പകുതി പിന്നിട്ടപ്പോഴും സെര്‍ബിയയ്ക്ക് ഗോള്‍ തിരിച്ചടിക്കാനായിരുന്നില്ല. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ സെര്‍ബിയന്‍ ടീം ബ്രസീലിയന്‍ ഗോള്‍ മുഖത്തേക്ക് മിന്നലാക്രമണങ്ങള്‍ നടത്തി. പക്ഷെ ഗോളുമാത്രം പിറന്നില്ല. ഒരുവേള അലസമായി കളിച്ചുകൊണ്ടിരുന്ന ബ്രസീലിയന്‍ ടീമിന് വീണ്ടും ഊര്‍ജം നല്‍കിയത് സില്‍വയുടെ ഗോളാണ്. ബ്രസീലിന് അനുകൂലമായി ലഭിച്ച ഫ്രീകിക്കിലൂടെ നെയ്മറിന്റെ കാലില്‍ നിന്നും ഗോള്‍ മുഖത്തേക്ക് പന്ത് ഒഴുകിയെത്തിയപ്പോള്‍ കൂടിനിന്ന സെര്‍ബിയന്‍ താരങ്ങളെ വെട്ടിച്ച് ഉയര്‍ന്ന് ചാടിയ തിയാഗോ സില്‍വയ്ക്ക് തലകൊണ്ടൊന്ന് തട്ടിയിടുക മാത്രമേ ചെയ്യേണ്ടിയിരുന്നുള്ളൂ. ബ്രസീല്‍ രണ്ട് ഗോളിന്റെ മാധുര്യവുമായി കളിക്കളത്തില്‍ നിന്നും പിരിഞ്ഞപ്പോള്‍ ലോകമാകെയുള്ള ആരാധകര്‍ സന്തോഷത്തിലാറാടി.
മറ്റൊരു മത്സരത്തില്‍ കോസ്റ്റാറിക്കയെ സമനിലയില്‍ തളച്ച് സ്വിറ്റ്സര്‍ലാന്‍ഡ് പ്രീക്വാര്‍ട്ടറിലേക്ക് കടന്നു. അവിടെയവര്‍ സ്വീഡനെ നേരിടും. നിര്‍ണായക മത്സരത്തില്‍ കളിക്കാനിറങ്ങിയ സ്വിറ്റ്സര്‍ലാന്‍ഡ് തുടക്കത്തിലേ ലീഡ് നേടി കോസ്റ്റാറിക്കയെ ഞെട്ടിച്ചു. 31ാം മിനിറ്റില്‍ ബ്ലെറിം സെമയിലൂടെയായിരുന്നു സ്വിറ്റ്സര്‍ലാന്‍ഡ് ആദ്യഗോള്‍ സ്വന്തമാക്കിയത്. എംബോളോ അളന്ന് മുറിച്ച് നല്കിയ ഹെഡ്ഡര്‍ പാസ് വലയിലേക്ക് തൊടുത്ത ബ്ലെരിം സെമൈലിന് തെറ്റിയല്ല. കോസ്റ്റാറിക്കയുടെ ഗോളിയെ മറികടന്ന് വലയിലെത്തി. ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ഗോളായില്ല. രണ്ടാം പകുതിയില്‍ രണ്ടും കല്‍പ്പിച്ചാണ് കോസ്റ്റാറിക്കയിറങ്ങിയത്. 56ാം മിനിറ്റില്‍ കെന്‍ഡല്‍ വാസ്ടനാണ് കോസ്റ്റാറിക്കയുടെ ഗോള്‍ നേടിയത്. കാംബല്‍ തൊടുത്ത കോര്‍ണര്‍ കിക്ക് മനോഹരമായ ഹെഡ്ഡറിലൂടെ വാട്സണ് വലയിലെത്തിക്കുകയായിരുന്നു. എന്നാല്‍ 88 മിനിറ്റില്‍ ഡ്രിമിക്കിന്റെ ഗോളിലൂടെ സ്വിറ്റ്സര്‍ലാന്‍ഡ് വീണ്ടും മുന്നിലെത്തി. വലതുവിങ്ങില്‍ നിന്നും സഖരിയ നല്കിയ പാസ് മികച്ച ഷോട്ടിലൂടെ പോസ്റ്റിലെത്തിച്ചാണ് ഡ്രിമിക് ഗോള്‍ നേടിയത്. സ്വിസ് പട വിജയത്തിലേക്ക് തോന്നിപ്പിച്ച നിമിഷത്തില്‍ ഗോള്‍ നേടി ബ്രയന്‍ വൈഡോയിലൂടെ കോസ്റ്റാറിക്ക സമനില സ്വന്തമാക്കുകയായിരുന്നു. ബോക്സിനുള്ളില്‍ സഖരിയ ഫൗള്‍ ചെയ്ത് കാംബലിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റിയില്‍ നിന്നുമായിരുന്നു കോസ്റ്റാറിക്കയുടെ ഗോള്‍. പെനാല്‍റ്റിയെടുത്ത ബ്രയന്‍ വൈഡോയുടെ ഷോട്ട് പോസ്റ്റ് ബാറില്‍ തട്ടി പുറത്തേക്കിറങ്ങിയെങ്കിലും ഗോളി സോമറിന്റെ ദേഹത്ത് തട്ടി പന്ത് വലയിലേക്ക് കടക്കുയായിരുന്നു.
കൊറിയ തകര്‍ത്ത ജര്‍മന്‍പടയുടെ പിന്മടക്കത്തിനും റഷ്യ സാക്ഷിയായി. കഴിഞ്ഞ ലോകകപ്പിലെ ചാമ്പ്യന്‍ പട്ടവുമായി റഷ്യയിലേക്ക് വന്ന ജര്‍മ്മനിയുടെ ചങ്ക് തകര്‍ത്തുകൊണ്ടാണ് രണ്ട് കൊറിയന്‍ ഗോളുകള്‍ ലക്ഷ്യം കണ്ടത്. ആദ്യ റൗണ്ടില്‍ത്തന്നെ ചാരമായ നിലവിലെ ചാമ്പ്യന്മാരെന്ന പുതിയ നൂറ്റാണ്ടിന്റെ പതിവിന് ജര്‍മ്മനിയും ഇരയായി. ആദ്യ കളിയില്‍ മെക്സിക്കോയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റിരുന്നപ്പോഴേ ചങ്കിടിപ്പേറിയിരുന്ന ജര്‍മ്മന്‍ ആരാധകര്‍ക്ക് മേല്‍ ഇടിത്തീപോലെ കൊറിയന്‍ മിസൈലുകള്‍ പറന്നിറങ്ങിയപ്പോള്‍ എല്ലാം പൂര്‍ണമായി. സ്വീഡനെതിരെ അവസാന നിമിഷത്തിലെ ടോണി ക്രൂസിന്റെ ഫ്രീകിക്കിലൂടെ വിടര്ത്താനൊരുങ്ങിയ നാലുവട്ടം ലോക ചാമ്പ്യന്മാരായവരുടെ ചിറകുകളാണ് ഇന്നലെ കൊറിയന്‍ കൊലക്കത്തിക്ക് ഇരയായത്. ഈ ലോകകപ്പിലെ ആദ്യ രണ്ട് കളികളും തോറ്റിരുന്ന കൊറിയ ഒടുവില്‍ ഏറ്റവും വലിയവരെത്തന്നെ വീഴ്ത്തി. നിശ്ചിത സമയത്തെങ്ങും ഗോള്‍ കണ്ടെത്താന്‍ കഴിയാത്ത നിരാശയില്‍ ഇന്‍ജുറി ടൈമില്‍ പരക്കം പാഞ്ഞ ജര്‍മ്മനിയെ കിട്ടിയ അവസരത്തില്‍ ആഞ്ഞുപ്രഹരിക്കുകയായിരുന്നു കൊറിയ. ഒരു കോര്‍ണര്‍ കിക്കില്‍ നിന്ന് കിട്ടിയ പന്ത് കിം വലയിലേക്ക് തട്ടിയിട്ടെങ്കിലും റഫറി ആദ്യം ഓഫ് സൈഡ് വിളിച്ചു. എന്നാല്‍ വീഡിയോ പരിശോധിച്ച ശേഷം ഗോള്‍ അനുവദിച്ചു. എങ്ങനെയെങ്കിലും ഒരു ഗോളടിക്കാന്‍ ഗോളി ന്യൂയറടക്കമുള്ള ജര്‍മ്മന്‍ താരങ്ങള്‍ കൊറിയന്‍ ഹാഫിലേക്ക് ഓടിക്കയറിയപ്പോള്‍ ഒരു കൗണ്ടര്‍ അറ്റാക്കിലൂടെ പന്ത് ജര്‍മ്മന്‍ ബോക്സിലേക്ക് പാഞ്ഞു. ആ പന്തിന് പിറകെ സണ്‍ ഹ്യൂംഗ് മിന്നും. ഓടിപ്പിടിച്ച മിന് മലക്കെതുറന്നുകിടന്ന വലയിലേക്ക് തട്ടിയിടുമ്പോള്‍ ജര്‍മ്മന്‍ ഡിഫന്‍ഡര്‍ ബോക്സിലേക്ക് എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ.
28-Jun-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ