മഞ്ജു വാര്യര്‍ പ്രതികരിക്കണമെന്ന് വനിതാ കമ്മീഷന്‍

കോഴിക്കോട് : നടന്‍ ദിലീപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. ദിലീപ് അഹങ്കാരിയും ധിക്കാരിയുമാണ്. ദിലീപിനെ കുറിച്ച് അന്നും ഇന്നും നല്ല അഭിപ്രായമില്ല. സിനിമാ മേഖലയില്‍ കൊച്ചി കേന്ദ്രീകരിച്ചുള്ള ലോബി പ്രവര്‍ത്തിക്കുന്നുണ്ട്. അവരാണ് സിനിമയെ നിയന്ത്രിക്കുന്നത്. അതിലെ പ്രധാനിയായിട്ടും ദിലീപിനെ അറസ്റ്റ് ചെയ്തതിലൂടെ ഇടതുസര്‍ക്കാരിന്റെ നിലപാട് വ്യക്തമാണ്. മലയാള സിനിമക്കാര്‍ക്ക് പണത്തിന്റെ അഹങ്കാരമാണെന്നും അത് കേരളത്തിനോട് കാണിക്കേണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു. അമ്മ ഭാരവാഹികള്‍ സ്വയം തിരുത്താന്‍ തയ്യാറാകണം. അമ്മയുടെ ചില ഭാരവാഹികളും സിനിമാ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്നവരും സ്വയം വിമര്‍ശനം നടത്തണം. ദിലീപിനെ തിരിച്ചെടുത്തത് ശരിയല്ല. അത് മോഹന്‍ലാല്‍ ഒറ്റക്ക് ചെയ്തതാവില്ല. അമ്മയുടെ ഭരണസമിതി വേണ്ടത്ര ആലോചനയില്ലാതെ പ്രവര്‍ത്തിച്ചിരിക്കുകയാണ്. സംസ്?കാരത്തിന് ചേരാത്ത നടപടിയാണ് അവിടെ നടക്കുന്നത്. അഭിമാനമുള്ള സ്?ത്രീകളായതിനാലാണ് നടിമാര്‍ രാജിവെച്ചത്. അവര്‍ എങ്ങനെയാണ് അവിടെ ഇരിക്കുക. ഇത്തരമൊരു നടപടി സ്വീകരിക്കും മുമ്പ് അവരോട് കൂടിയാലോചിച്ചില്ല. ഒട്ടും ജനാധിപത്യമില്ലാതെയാണ് ആ സംഘടന പ്രവര്‍ത്തിക്കുന്നത് ജി സുധാകരന്‍ കൂട്ടിചേര്‍ത്തു.

അതേസമയം താരസംഘടനയായ അമ്മയുടെ അനീതിക്കെതിരെ രാജിവെച്ച നടികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി സംസ്ഥാന വനിതാ കമ്മീഷന്‍ രംഗത്തുവന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടി ശരിയല്ലെന്ന് വനിതാകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ പറഞ്ഞു. നടിക്കെതിരെ അത്യന്തം നീചമായ ആക്രമണമാണുണ്ടായത്. അതിലെ കുറ്റാരോപിതരെ സംരക്ഷിക്കുകയാണ് സംഘടന ചെയ്യുന്നത്. അതിനാലാണ് നാലു നടിമാര്‍ക്ക് സംഘടന വിട്ടുപോകേണ്ടി വന്നത്. സംഘടനയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനം ഏറ്റതിന് ശേഷമാണ് ദിലീപിനെ തിരിച്ചെടുത്തത്. കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാലിന് സമൂഹത്തോട് ഉത്തരവാദിത്തം ഉണ്ട്. അതിനുവിരുദ്ധമായ നടപടിയാണ് ഉണ്ടായിരിക്കുന്നത്. മോഹന്‍ലാലിനോടുള്ള മതിപ്പു കുറഞ്ഞെന്നും കമ്മീഷന്‍ വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം പറഞ്ഞത് നടി മഞ്ജു വാര്യരാണ്. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകരിക്കുന്നതില്‍ മഞ്ജുവും മുന്നിട്ടിറങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ മഞ്ജു പ്രതികരിക്കണമെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു.

28-Jun-2018