രേവതിയും പാര്‍വ്വതിയും പത്മപ്രിയയും അമ്മയ്ക്ക് കത്ത് നല്‍കി

കൊച്ചി : മലയാളം സിനിമാ അഭിനേതാക്കളുടെ സംഘടനയായ എ എം എം എയില്‍ നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുത്ത നടപടി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നടിമാരായ പത്മപ്രിയ, രേവതി, പാര്‍വ്വതി എന്നിവര്‍ എ എം എം എ ജനറല്‍ സെക്രട്ടറി ഇടവേളബാബുവിന് കത്തു നല്‍കി. കോടതിവിധി വരുന്നതിന് മുമ്പായി ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന് എ എം എം എയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് ദിലീപിനെ തിരിച്ചെടുത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വീണ്ടും ജനറല്‍ ബോഡി വിളിക്കണം എന്നാവശ്യപ്പെട്ട് നടിമാര്‍ കത്ത് നല്‍കിയത്. നാലു കാര്യങ്ങളാണ് പ്രധാനമായും കത്തിലൂടെ ഉന്നയിക്കുന്നത്. ദിലീപിനെ തിരിച്ചെടുത്തത് എ എം എം എ വീണ്ടും ജനറല്‍ബോഡി വിളിച്ച് ചര്‍ച്ച ചെയ്യണം, ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടി ഇതുവരെ എ എം എം എ എന്തൊക്കെ ചെയ്തു. എ എം എം എയില്‍ അംഗങ്ങളായ അഭിനേത്രികളുടെ സുരക്ഷയ്ക്കും നിലനില്‍പ്പിനും വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്തു എന്നിവയാണ് പ്രധാന ചോദ്യങ്ങള്‍ ജൂലൈ 13 നോ 16 നോ ജനറല്‍ബോഡി വീണ്ടും വിളിക്കണമെന്നാണ് കത്ത് നല്‍കിയ നടികളുടെ ആവശ്യം. കത്ത് ഇവര്‍ പരസ്യമാക്കുകയും ചെയ്തു. ഡബ്ല്യു സി സിയില്‍ പിളര്‍പ്പില്ലെന്ന് വ്യക്തമാക്കാന്‍ കൂടിയാണ് കത്ത്. അംഗത്വം രാജിവെച്ച് നാലു നടിമാര്‍ പുറത്ത് പോയപ്പോള്‍ അഎ എം എം എയില്‍ തുടര്‍ന്ന് കൊണ്ട് മറ്റ് ഡബ്ല്യു സി സി അംഗങ്ങള്‍ പോരാട്ടം തുടരുമെന്ന സൂചനയും കത്ത് നല്‍കുന്നുണ്ട്. അ സംഘടനയില്‍ തുടരുന്ന ഡബ്ല്യു സി സി അംഗങ്ങളായ നടിമാര്‍, ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന് സൂചിപ്പിക്കുന്നതാണ് കത്ത്. കോടതി വിധി വരും മുമ്പ് തന്നെ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലു പേരാണ് കഴിഞ്ഞ ദിവസം പുറത്തു പോയത്.

ഡബ്ല്യു സി സിയുടെ പ്രതിഷേധത്തിന് പിന്തുണയുമായി നേരത്തേ ഒപ്പമുണ്ടായിരുന്ന യുവനടന്മാരാരും ഇതുവരെ പ്രതികരിച്ചിട്ടില്ല. പൃഥ്വിരാജും ആസിഫ് അലിയുമെല്ലാം ശക്തമായി നേരത്തേ പ്രതികരിച്ചവരാണ്. എന്നാല്‍ പുതിയ വിവാദം പുറത്തു വന്ന ശേഷം ഇവരാരും പരസ്യപ്രതികരണം നടത്തിയിട്ടില്ല. സിനിമയ്ക്ക് പുറത്തുള്ളവര്‍ പോലും ശക്തമായ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണെങ്കിലും അമ്മ ഭാരവാഹികളും ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല.

28-Jun-2018