ഇംഗ്ലണ്ടിനെ കീഴടക്കി ബെല്‍ജിയം
അഡ്മിൻ
റഷ്യ : കലിനിന്‍ഗ്രാഡില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ വലകിലുക്കിക്കൊണ്ട് ബെല്‍ജിയം പ്രീക്വാര്‍ട്ടറിലേക്ക് കളിച്ചുകയറി. ലോകം ഉറ്റുനോക്കിയ പോരാട്ടത്തില്‍ ആവേശത്തിന്റെ അലയൊലികള്‍ ഉയര്‍ന്നതേയില്ല. ഒരു ഗോളിനാണ് ബെല്‍ജിയം ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചത്. തോറ്റെങ്കിലും ആദ്യ രണ്ടു മത്സരങ്ങളിലെ തകര്‍പ്പന്‍ ജയവുമായി ഇംഗ്ലണ്ടും അവസാന 16ല്‍ ഇടം നേടി. തീര്‍ത്തും വിരസമായ മത്സരത്തില്‍ 51ാം മിനിറ്റില്‍ അഡ്നാന് യാനുസായാണ് ബെല്‍ജിയത്തിന്റെ ജയം നിര്‍ണയിച്ച ഗോള്‍ നേടിയത്. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ആക്രമണനിരകളുള്ള രണ്ടു ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആവേശപ്പോരാട്ടമാണ് ഫുട്ബോള്‍ പ്രേമികള്‍ പ്രതീക്ഷിച്ചത്. എന്നാല്‍, റിസ്ക് എടുക്കാതെ ഇരുടീമുകളും മധ്യവരയില്‍ പന്തുതട്ടിക്കളിച്ചതോടെ കളി വിരസമായി. ഗോള്‍രഹിതമായി പിരിഞ്ഞ ആദ്യപകുതിക്കു ശേഷം യാനുസായിലൂടെ ബെല്‍ജിയം സമനിലക്കുരുക്കഴിച്ചു. അവസാന മിനിറ്റുകളില്‍ സമനിലയ്ക്കായി ഇംഗ്ലണ്ട് കിണഞ്ഞു പൊരുതിയെങ്കിലും ബെല്‍ജിയം പ്രതിരോധം വഴങ്ങിയില്ല. ഗ്രൂപ്പിലെ മറ്റൊരു അപ്രധാന മത്സരത്തില്‍ പാനമയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തോല്പിച്ച് ടുണീഷ്യ ലോകകപ്പ് ചരിത്രത്തില്‍ തങ്ങളുടെ ആദ്യ ജയം കുറിച്ചു. മര്റൊരു മത്സരത്തില്‍ സെനഗലിനെ കൊളംബിയ പൂട്ടി.
ഉറുഗ്വേയ്ക്കും ക്രൊയേഷ്യക്കും പിന്നാലെ കളിച്ച മത്സരങ്ങളിലെല്ലാം വിജയിച്ച് ബെല്‍ജിയം ഗ്രൂപ്പ് ചാമ്പ്യന്മാരായി. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഒമ്പത് പോയിന്റുമായി ഗ്രൂപ്പ് ജിയില്‍ ഒന്നാമതെത്തിയ ബെല്‍ജിയത്തിന്റെ എതിരാളികള്‍ ജപ്പാനാണ്. ഗ്രൂപ്പ് എച്ചില് നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ജപ്പാന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. ഒന്നു വീതം ജയവും തോല്‍വിയും സമനിലയുമുള്ള ഏഷ്യന്‍ ടീമിന് നാല് പോയിന്റുണ്ട്.
അവസാന മത്സരത്തില്‍ സെനഗലിനെ തോല്‍പ്പിച്ച് ഗ്രൂപ്പ് എച്ചില് ഒന്നാമതെത്തിയ കൊളംബിയയുടെ പ്രീ ക്വാര്‍ട്ടര്‍ എതിരാളികള്‍ ശക്തരായ ഇംഗ്ലണ്ടാണ്. രണ്ട് വിജയം അക്കൗണ്ടിലുള്ള കൊളംബിയക്ക് ആറു പോയിന്റ് നേടാനായി. ഇതേ പോയിന്റ് തന്നെയാണ് ഗ്രൂപ്പ് ജിയില്‍ ഇംഗ്ലണ്ടും നേടിയത്.
അതേസമയം നേരിയ വ്യത്യാസത്തിലാണ് സെനഗലിന് പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം നിഷേധിക്കപ്പെട്ടത്. ഗ്രൂപ്പ് എച്ചില് ജപ്പാന്റെ അതേ പോയിന്റും ഗോള്‍ ശരാശരിയുമുണ്ടായിട്ടും ഫെയര്‍പ്ലേയുടെ അടിസ്ഥാനത്തില്‍ ഏഷ്യന്‍ ടീം അവസാന പതിനാറിലെത്തുകയായിരുന്നു. സെനഗല്‍ കൂടി പുറത്തായതോടെ ഈ ലോകകപ്പിലെ ആഫ്രിക്കന്‍ സാന്നിധ്യം അവസാനിച്ചു. ഈ ഗ്രൂപ്പില്‍ നിന്ന് പോളണ്ട് നേരത്തെ പുറത്തായിരുന്നു.
ഗ്രൂപ്പ് ജിയില്‍ ടുണീഷ്യയും പാനമയും നേരത്തെ തന്നെ പുറത്തായിരുന്നു. പാനമയെ 2-1ന് തോല്‍പ്പിച്ച് ഒരു വിജയവും മൂന്നു പോയിന്റുമായാണ് ടുണീഷ്യ മടങ്ങുന്നത്. അതേസമയം ആദ്യ ലോകകപ്പിനെത്തിയ പാനമ മൂന്ന് മത്സരത്തിലും തോറ്റു.
29-Jun-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ