വി എസ് പരാതി നല്‍കി ക്രിസ്തീയ പുരോഹിതരുടെ പീഡനം ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം : ക്രിസ്തീയ പുരോഹിതന്‍മാര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുതിര്‍ന്ന കമ്യൂണിസ്റ്റും ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനുമായ വി എസ് അച്യുതാനന്ദന്‍ ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കു കത്ത് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണു ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചത്.

ഓര്‍ത്തഡോക്‌സ് സഭയിലെ പുരോഹിതര്‍ ആരോപണ വിധേയരായുള്ള കേസായതുകൊണ്ട് കടുത്ത ബാഹ്യ സമ്മര്‍ദ്ദമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയ ഡി ജി പി അത്തരം ഇടപെടലുകള്‍ക്ക് വഴങ്ങിയാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

തന്റെ ഭാര്യയെ അഞ്ച് പുരോഹിതന്‍മാര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്നാരോപിച്ച് മല്ലപ്പള്ളി ആനിക്കാട് സ്വദേശി രംഗത്തെത്തിയതോടെയാണ് പൊതുസമൂഹം സംഭവത്തെ കുറിച്ച് അറിഞ്ഞത്. സോഷ്യല്‍മീഡിയയില്‍ സംഭവത്തെ കുറിച്ച് പലതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ ഉയര്‍ന്നുവരികയും ചെയ്തു. പീഡനത്തിനിരയായ സ്ത്രീയുടെ ഭര്‍ത്താവിന്റെ ശബ്ദരേഖകളും വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മാസം 23ന് ചേര്‍ന്ന ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് അഞ്ച് പുരോഹിതരെയും സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍, യുവതിയുടെ ഭര്‍ത്താവുതന്നെ സംഭവം വെളിപ്പെടുത്തിയിട്ടും പോലീസ് കേസെടുക്കാത്തത് വീഴ്ചയാണെന്നാണ് വി എസിന്റെ കത്തില്‍ പറയുന്നത്. ക്രിമിനല്‍ കേസില്‍ പോലീസിനെ നോക്കുകുത്തിയാക്കി, സഭ അന്വേഷിക്കുന്നതു തെറ്റായ പ്രവണതയാണെന്നും വി എസ് ചൂണ്ടിക്കാട്ടി.

ഡി ജി പിയ്ക്ക് വി എസ് അച്യുതാനന്ദന്‍ അയച്ച കത്തിന്റെ പൂര്‍ണരൂപം

"പ്രിയപ്പെട്ട ലോക്‌നാഥ് ബെഹ്‌റ,
ഓര്‍ത്തഡോക്‌സ് സഭയിലെ ഏതാനും വൈദികര്‍ ഒരു യുവതിയെ കഴിഞ്ഞ അഞ്ചുവര്‍ഷമായി ലൈംഗികമായി പീഡിപ്പിക്കുകയും ബ്ലാക്‌മെയില്‍ ചെയ്യുകയും ചെയ്തതായി ഒരു പരാതി ഉയര്‍ന്നിട്ടുള്ളതു ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ. തന്റെ ഭാര്യയെ കുമ്പസാര രഹസ്യങ്ങള്‍വച്ച് ബ്ലാക്‌മെയില്‍ ചെയ്തു പീഡിപ്പിച്ചതായും, ഇക്കാര്യം പരാതിയായി സഭാമേധാവികളെ അറിയിച്ചതായും തിരുവല്ല മല്ലപ്പള്ളി സ്വദേശിയായ യുവാവ് വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഗുരുതരമായ ഒരു ക്രിമിനല്‍ കുറ്റത്തെക്കുറിച്ചാണു മാധ്യമങ്ങളിലൂടെ ഇപ്രകാരം വെളിപ്പെടുത്തലുകള്‍ വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍, വൈദികരെ സംബന്ധിച്ച ആരോപണങ്ങള്‍ സഭാഭദ്രാസനതലങ്ങളില്‍ അന്വേഷിക്കുമെന്നാണു സഭാകേന്ദ്രത്തില്‍നിന്നു പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ഇത്രയും സംഭവങ്ങള്‍ക്കുശേഷവും നിയമപരമായി കേസ് രജിസ്റ്റര്‍ ചെയ്തതായി കാണുന്നില്ല. പോലീസിനെ നോക്കുകുത്തിയാക്കി, ആരോപണവിധേയര്‍തന്നെ ക്രിമിനല്‍ കേസ് അന്വേഷിക്കുന്നതു ശരിയായ രീതിയല്ല.

കുമ്പസാരരഹസ്യം മറയാക്കി തന്റെ ഭാര്യയെ അഞ്ചു വൈദികര്‍ നിരന്തരം പീഡിപ്പിച്ചെന്നാണു പരാതി. വൈദികര്‍ക്കെതിരേ നല്‍കിയ പരാതിയോടൊപ്പം ബാങ്ക് ഇടപാട് രേഖകളും ഫോണ്‍ സംഭാഷണ ശബ്ദരേഖകളും പരാതിക്കാരന്‍ സഭയ്ക്കു കൈമാറിയിരുന്നു. തുടര്‍ന്നു പരാതി സ്വീകരിച്ച സഭാ നേതൃത്വം ആരോപണവിധേയരായ അഞ്ചു വൈദികരെയും താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു. എന്നാല്‍, ഇതേ വൈദികര്‍ ഇപ്പോഴും ശുശ്രൂഷ നടത്തുന്നുണ്ടെന്നാരോപിച്ച് പരാതിക്കാരന്‍ വീണ്ടും രംഗത്തെത്തി. ആദ്യം ഭദ്രാസന മെത്രാപ്പോലീത്തമാര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ലാത്തതിനേത്തുടര്‍ന്ന് കാതോലിക്കാ ബാവയ്ക്കു പരാതി നല്‍കുകയായിരുന്നെന്നും പരാതിക്കാരന്‍ വെളിപ്പെടുത്തി.

സംഭവം ഓര്‍ത്തഡോക്‌സ് സഭ നിരണം ഭദ്രാസനം ചുമതലപ്പെടുത്തിയ കമ്മിഷന്റെ നേതൃത്വത്തില്‍ അന്വേഷിച്ചുവരുകയാണ്. നാഗ്പുര്‍ വൈദിക സെമിനാരി മുന്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. റെജി മാത്യു, അഭിഭാഷകരായ മാത്യു ജോണ്‍, പ്രദീപ് മാമ്മന്‍ മാത്യു എന്നിവരാണു കമ്മിഷനിലെ അംഗങ്ങള്‍. ഇവര്‍ക്കു മുന്നില്‍ പരാതിക്കാരന്‍ തെളിവു നല്‍കിയിരുന്നു. വിവാഹപൂര്‍വബന്ധം കുമ്പസാരിക്കുമ്പോള്‍ വെളിപ്പെടുത്തിയതു മറയാക്കി, യുവതിയെ അഞ്ചു വൈദികര്‍ ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നാണു യുവാവിന്റെ പരാതി. എന്നാല്‍, ഇക്കാര്യത്തില്‍ പോലീസില്‍ പരാതി നല്‍കാന്‍ പരാതിക്കാരന്‍ തയാറായിട്ടില്ല."

29-Jun-2018