തിലകനെ പുറത്താക്കിയ സംഘടനയില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കേണ്ട
അഡ്മിൻ
കോട്ടയം : തിലകനെ പുറത്താക്കിയ സംഘടനയില്‍ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്ന് പറഞ്ഞ് ദിലീപിനെ തിരിച്ചെടുത്ത സിനിമാ അഭിനേതാക്കളുടെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് പ്രസിദ്ധ സാഹിത്യകാരന് ടി പത്മനാഭന്. ഇതോടെ യുവനടിയെ ആക്രമിച്ച കേസില്‍ എ എം എം എയില്‍ നിന്ന് പുറത്താക്കപെട്ട ദിലീപിനെ തിരിച്ചെടുത്ത എ എം എം എയുടെ നടപടിയെ വിമര്‍ശിക്കുന്നവരുടെ എണ്ണം കൂടുകയാണ്. പണമുള്ളവരുടെ സ്വാധീനമാണ് അമ്മയെ നിയന്ത്രിക്കുന്നത്. മോഹന്‍ലാല്‍ അധികാരത്തില്‍ എത്തിയ ശേഷമുള്ള തീരുമാനം ദുഖകരം. നടിയെ ആക്രമിച്ചപ്പോള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച യുവനടന്മാര് എവിടെയെന്നും പത്മനാഭന് ചോദിച്ചു.
അതിനിടയില്‍ താരസംഘടനയായ എ എം എം എയില്‍ നിന്നും രാജിവെച്ച നടിമാര്‍ സംഘനയുടെ ശത്രുക്കളല്ലെന്ന പ്രസ്താവനയുമായി എ എം എം എ ജനറല്‍ സെക്രട്ടറി ഇടവേള ബാബു രംഗത്തെത്തി. വനിതാ കൂട്ടായ്മയുടെ കടുത്ത നിലപാടുകള്‍ക്കു പിന്നാലെ സമൂഹത്തില്‍ നിന്ന് രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെ വിഷയം യോഗം വിളിച്ച് ചര്‍ച്ച ചെയ്യുമെന്നും ഇടവേള ബാബു വ്യക്തമാക്കി. ദിലീപിന്റെ കത്തിനെ കുറിച്ച് 'അമ്മ'യുടെ അടുത്ത എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് വ്യക്തമായ സൂചന. സംഘടനയുടെ പുതിയ പ്രസിഡന്റ് മോഹന്‍ലാല്‍ കേരളത്തിലെത്തിയ ശേഷം യോഗത്തിനുള്ള തീയതി തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിനെ തിരിച്ചെടുത്തതിനു പിന്നാലെ രാജിവെച്ച് പുറത്തുപോയ നടിമാരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തുന്ന കാര്യവും എക്സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനിക്കുമെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു. നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ എ എം എം എയില്‍ തിരികെയെടുത്തതില് പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി, ഗീതു മോഹന്‍ ദാസ്, രമ്യ നമ്പീശന്, റിമ കല്ലിങ്കല്‍ എന്നീവരാണ് രാജിവെച്ചത്.