അമേരിക്കയില്‍ മാധ്യമ സ്ഥാപനത്തില്‍ വെടിവെപ്പ്. അഞ്ചുപേര്‍ കൊല്ലപ്പെട്ടു.

അമേരിക്ക : മേരിലാന്‍ഡിലെ പ്രദേശിക മാധ്യമസ്ഥാപനത്തില്‍ നടന്ന വന്‍ വെടിവയ്പ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 3.30ഓടെ മേരിലാന്‍ഡിലെ അന്നാപോളിസില്‍ ക്യാപിറ്റല്‍ ഗസെറ്റ് കെട്ടിടത്തിലാണ് ആക്രമണമുണ്ടായത്. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. മരണനിരക്ക് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ജറാഡ് ഡബ്ല്യു. റാമൂസ് എന്ന യുവാവാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തോക്കുമായെത്തിയ ഇയാള്‍ മാധ്യമത്തിന്റെ ജീവനക്കാര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. എന്താണ് അക്രമണത്തിന്റെ കാരണമെന്ന് അറിയുന്നതിന് അക്രമിയെ ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും പോലീസ് മാധ്യമങ്ങളോട് വ്യക്തമാക്കി. ഇയാളും മാധ്യമവും തമ്മില്‍ കേസുണ്ടായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ന്യൂസ് റൂമിലേക്ക് കയറിയ അക്രമി ചുറ്റിലേക്കും വെടിയുതിര്‍ക്കുകയും ചെയ്തു. ഓഫീസിന്റെ ചില്ലുവാതിലിന് നേരെ വെടിയുതിര്‍ത്ത ശേഷമാണ് അകത്തേക്ക് കടന്ന് ആക്രമണം നടത്തിയത്. ഷോട്ട്ഗണ്‍ ഉപയോഗിച്ചാണ് ഇയാള്‍ വെടിയുതിര്‍ത്തതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാധ്യമസ്ഥാപനത്തിന്റെ കെട്ടിടം മുഴുവന്‍ ഒഴിപ്പിച്ച് ജീവനക്കാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് എത്തിച്ചതായും അമേരിക്കയിലേ മറ്റ് മാധ്യമസ്ഥാപനങ്ങള്‍ക്ക് കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയതായും പോലീസ് അറിയിച്ചു. സംഭവസമയത്ത് 170 പേരോളം കെട്ടിടത്തിനുള്ളിലുണ്ടായിരുന്നു. എന്നാല്‍ മരിച്ച ആളുകളെക്കുറിച്ച് വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. പ്രദേശത്ത് വരുന്നതിന് പൊതുജനത്തിനും നിയന്ത്രണമുണ്ട്.

29-Jun-2018