എ ബി വി പി പ്രവര്‍ത്തകര്‍ കോളേജ് പ്രഫസറുടെ മുഖത്ത് കരിഓയിലൊഴിച്ചു

ഗുജറാത്ത് : കോളേജ് പ്രഫസറെ ക്ലാസ്സില്‍നിന്നും വലിച്ചിറക്കി മുഖത്ത് കരിഓയിലൊഴിച്ച് എ ബി വി പി പ്രവര്‍ത്തകരുടെ ക്രൂരമായ ആക്രമണം. ഗുജറാത്തിലെ ക്രാന്തിഗുരു ശ്യാംജി കൃഷ്ണവര്‍മ്മ കച്ച് യുണിവേഴ്‌സിറ്റിയിലാണ് സംഭവം.

അസോസിയേറ്റ് പ്രഫസറും കെമിസ്ട്രി ഡിപാര്‍ട്‌മെന്റിന്റെ തലവനും സ്റ്റുഡന്റ്‌സ് ഇലക്ഷന്‍ കോര്‍ഡിനേറ്ററുമായ ഗിരിന്‍ ബാക്‌സിയാണ് എ ബി വി പിക്കാരുടെ ആക്രമണത്തിനിരയായത്. എ ബി വി പി യുടെ വോട്ടര്‍ രജിസ്‌ട്രേഷന്‍ ഫാറം ഗിരിന്‍ ബാക്‌സി തള്ളിക്കളഞ്ഞെന്നാരോപിച്ചായിരുന്നു ആക്രമണം. ജൂലൈ ഇരുപത്തിരണ്ടാം തീയതി നടക്കാനിരിക്കുന്ന യൂണിവേഴ്‌സിറ്റി ഇലക്ഷനിലേക്കുള്ള വോട്ടര്‍ രജിസ്‌ട്രേഷന്‍ ഫാറങ്ങളില്‍ നിന്നും എ ബി വി പിയുടെ മാത്രം ഫാറം തള്ളിക്കളഞ്ഞു എന്നാണാരോപണം. നിയമമനുസരിച്ച് എല്ലാ ഫാറങ്ങളും തള്ളിക്കളയുകയും സംഭവത്തെപ്പറ്റി സംസാരിക്കാന്‍ വിദ്യാര്‍ഥി സംഘടനകളെ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ചര്‍ച്ചയ്ക്ക് തയ്യാറാകാത്ത എ ബി വി പി പ്രവര്‍ത്തകര്‍ പ്രഫസര്‍ ഗിരിന്‍ ബാക്‌സി ക്ലാസെടുത്തുകൊണ്ടിരുന്ന സമയത്ത് അദ്ദേഹത്തെ ക്ലാസില്‍ നിന്നും വലിച്ചിഴച്ച് പുറത്തിറക്കിയാണ് മുഖത്ത് കരിഓയില്‍ ഒഴിച്ചത്.

തുടര്‍ന്ന് ബോലോ ഭാരത് മാതാ കി ജയ് എന്ന് മുദ്രാവാക്യം മുഴക്കിക്കൊണ്ട് പ്രഫസറെ യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ചേമ്പറിലേക്ക് നടത്തിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രജിസ്ട്രാര്‍ക്കും ഇതേ ഗതിതന്നെയാവുമെന്ന് പരസ്യമായി പ്രഖ്യാപിച്ചാണ് എ ബി വി പിയുടെ ഭീഷണി പ്രതിഷേധം അവസാനിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് എ വി ബി പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എ ബി വി പിയുടെ രണ്ട് കാര്യാലയ കാര്യവാഹകുമാരും അറസ്റ്റ് ചെയ്ത കൂട്ടത്തിലുണ്ട്. കൂടാതെ ഇരുപതോളം വരുന്ന എ ബി വി പി പ്രവര്‍ത്തകര്‍ക്കെതിരായി പോലീസ് അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്. ആര്‍ എസ് എസിന് കീഴിലുള്ള സംഘപരിവാര്‍ സംഘടനയായ എ ബി വി പി കാലാകാലങ്ങളായി ഗുജറാത്തിലെ വിദ്യാര്‍ത്ഥി തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാനപനങ്ങളിലും അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. എതിര്‍പ്പുമായി വരുന്ന വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും കടുത്ത ആക്രമണങ്ങള്‍ക്ക് വിധേയമാക്കുന്നത് ഇതാദ്യമായല്ല.

29-Jun-2018