മോഡിയും പിണറായിയും തമ്മിലുള്ള വ്യത്യാസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു.
അഡ്മിൻ
തിരുവനന്തപുരം : വിദേശ യാത്രനടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി വിനിയോഗിച്ചത് 355 കോടിരൂപയെന്ന് വിവരാവകാശ രേഖ. നാലുവര്‍ഷത്തിനിടയില്‍ മോഡി 52 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. 48 മാസക്കാലയളവില്‍ 41 വിദേശ യാത്രകള്‍ നടത്തിയെന്ന് രേഖയിലൂടെ വെളിപ്പെടുമ്പോള്‍ അത് ഒരു റെക്കോര്‍ഡായി മാറുകയാണ്. രാജ്യത്തിനകത്തും പുറത്തും പ്രധാനമന്ത്രി നരേന്ദ്രമോഡി എത്ര ദിവസം ചിലവഴിച്ചു എന്നതിനും രാജ്യത്തിനകത്ത് നടത്തിയ യാത്രകളും വിശദാംശവും വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല.
മോഡിയുടെ വിദേശയാത്രകളിലൂടെ രാജ്യത്തിന് ലഭിച്ച പ്രയോജനമെന്തെന്ന ചോദ്യങ്ങള്‍ക്കും ഇതുവരെ പ്രധാനമന്ത്രിയോ, കേന്ദ്രസര്‍ക്കാരോ മറുപടി നല്‍കിയിട്ടില്ല. അതേസമയം, കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലൂടെ പ്രയാസമനുഭവിക്കുന്ന 2,34,899 പേര്‍ക്ക് വിതരണം ചെയ്തത് 423 കോടി രൂപയെന്ന് വെളിപ്പെടുത്തുന്ന രേഖകളും പുറത്തുവന്നു. പിണറായി മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത ശേഷമാണ് ഈ തുക നല്‍കിയിട്ടുള്ളത്. ഗുരുതരരോഗം ബാധിച്ചവര്‍, അപകടത്തിന് ഇരയായവര്‍, പ്രകൃതിദുരന്തങ്ങള്‍ക്ക് ഇരയായവര്‍ തുടങ്ങി കഷ്ടതയനുഭവിക്കുന്നവര്ക്കാണ് കേരളത്തിന്റെ മുഖ്യമന്ത്രി താങ്ങായി മാറിയത്.
ഇന്ത്യന്‍ പ്രധാനമന്ത്രിയും ആര് എസ് എസ് പ്രചാരകനുമായ നരേന്ദ്രമോഡിയുടെയും കേരള മുഖ്യമന്ത്രിയും കമ്യൂണിസ്റ്റുകാരനുമായ പിണറായി വിജയന്റെയും സര്‍ക്കാരുകളുടെ രണ്ട് കണക്കുകള്‍ ഒരേദിവസം പുറത്തുവന്നപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ പല തരത്തിലുള്ള വ്യാഖ്യാനങ്ങളും വിമര്‍ശനങ്ങളും പുറത്തുവരുന്നുണ്ട്.