പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഹൈവേ ഒരുമാസം കൊണ്ട് ഇടിഞ്ഞുതാണു.

ന്യൂഡല്‍ഹി : പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഡല്‍ഹി മീററ്റ് എക്‌സ്പ്രസ്സ് ഹൈവെ ഇടിഞ്ഞുതാണു. റോഡില്‍ നിറയെ വിള്ളലും വീണു. ഒരുമാസം മുന്‍പ് റോഡ്‌ഷോ അടക്കമുള്ള ആഘോഷങ്ങളോടെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടന മാമാങ്കം നടത്തിയ റോഡാണ് വിള്ളല്‍വീണ് തകര്‍ന്നത്.

ഉദ്ഘാടന വേളയില്‍ നരേന്ദ്രമോഡി റോഡ് നിര്‍മാണത്തെയും മറ്റും വളരെയേറെ പുകഴ്ത്തിയിരുന്നു. അഴിമതിക്കെതിരെയുള്ള രാജ്യത്തിന്റെ മുന്നേറ്റമാണ് ഇത്തരം വികസന പ്രവര്‍ത്തനങ്ങളെന്നും മോഡി അന്ന് സൂചിപ്പിച്ചു. മോഡി പാടി പുകഴ്ത്തിയ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താഴുകയും പൊട്ടിപ്പൊളിയുകയും ചെയ്തു. ആദ്യ മഴയില്‍ത്തന്നെ നാശമായ റോഡിന്റെ അവസ്ഥ ഇതിനുപിന്നില്‍ നടന്ന അഴിമതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

പ്രധാനമായും ഡല്‍ഹിയും മീററ്റും തമ്മിലുള്ള ദുരം കുറക്കാനുദ്ദേശിച്ച് നിര്‍മ്മിച്ച ഡല്‍ഹി മീററ്റ് എക്‌സ്പ്രസ്സ് ഹൈവേയുടെ നിര്‍മാണം ഭൂമി ഏറ്റെടുക്കലടക്കമുള്ള കാരണങ്ങള്‍ നിമിത്തം തടസപ്പെട്ടിരുന്നു. അതൊക്കെ തരണം ചെയ്താണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. റോഡ് ഷോ ഉള്‍പ്പടെയുള്ള പരിപാടികളുള്‍പ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോഡിയ കൊണ്ട് പെട്ടെന്ന് തന്നെ ഉദ്ഘാടനവും നടത്തി. മാധ്യമങ്ങള്‍ വലിയ മുന്നേറ്റമായാണ് ആ വാര്‍ത്ത പ്രാധാന്യത്തോടെ നല്‍കിയത്.

എണ്‍പത്തി രണ്ടു കിലോമീറ്ററുള്ള ഹൈവെയുടെ തൊണ്ണൂറുശതമാനവും ഉപയോഗിക്കാന്‍ പറ്റാത്ത സമയത്താണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ഉദ്ഘാടനം ചെയ്യുമ്പോള്‍ ഏകദേശം എട്ടുകിലോമീറ്ററോളം മാത്രമായിരുന്നു പണി പൂര്‍ത്തീകരിച്ചിരുന്നത്. മുപ്പതു മാസം മുന്നേ തറക്കല്ലിട്ട പ്രൊജക്റ്റ് പതിനെട്ടുമാസം കൊണ്ട് പണിപൂര്‍ത്തിയാക്കിയെന്ന കള്ളപ്രചരണവുമായിട്ടായിരുന്നു നരേന്ദ്രമോഡിയുടെ ഉദ്ഘാടനവും റോഡ്‌ഷോയും. എന്തായാലും ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസം തികയുന്നതിനുമുന്നേതന്നെ ആദ്യമഴയില്‍ ഹൈവേ പൊട്ടിതകര്‍ന്നു. ഇതോടെ, പ്രധാനമന്ത്രിയും നാഷണല്‍ഹൈവേ അതോറിറ്റിയും പ്രതിക്കൂട്ടിലായിരിക്കയാണ്.

30-Jun-2018