അധിക സുരക്ഷയില്‍ മുഖ്യമന്ത്രി ക്ഷുഭിതനായി. പിന്‍വലിക്കാന്‍ ഡിജിപിക്ക് നിര്‍ദേശം
അഡ്മിൻ
തിരുവനന്തപുരം : മുഖ്യമന്ത്രി പണറായി വിജയന് അധികസുരക്ഷ നല്‍കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. പിണറായി വിജയന് കര്‍ശനമായി നല്കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ കൂടെയുള്ള വന്‍ സുരക്ഷാ സന്നാഹങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ വലിയ അതൃപ്തി ഉണര്ത്തിയുട്ടുണ്ടായിരുന്നു. മുഖ്യമന്ത്രിയോട് അടുത്ത് നില്ക്കുന്ന വൃത്തങ്ങള്‍ അത്തരം കെട്ടുകാഴ്ചകള്‍ ഉണ്ടാക്കാനിടയുള്ള അസംതൃപ്തിയും മുഖ്യമന്ത്രിയോട് സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് പല പ്രാവശ്യം മുഖ്യമന്ത്രി വാക്കാല്‍ നിര്‍ദേശം കൊടുത്തെങ്കിലും അധിക സുരക്ഷ പിന്‍വലിക്കപ്പെട്ടിരുന്നില്ല. രാജാവിനേക്കാള്‍ വലിയ രാജഭക്തിയുമായി ചില ഉദ്യോഗസ്ഥര്‍ സുരക്ഷ ശക്തമാക്കുകയാണ് ചെയ്തത്. തുടര്‍ന്നാണ് ക്ഷുഭിതനായ മുഖ്യമന്ത്രി, കെട്ടുകാഴ്ചപോലെ തോന്നിക്കുന്ന അധിക സുരക്ഷ എത്രയും പെട്ടെന്ന് ഒവിവാക്കണമെന്ന് തന്റെ ഓഫീസ് മുഖേന കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം പ്രതിപക്ഷ നേതാവ് മടക്കി അയക്കാതെ സൂക്ഷിച്ചിരുന്ന പൊലീസുകാരെ തിരികെ വിളിച്ചതടക്കം പൊലീസിലെ ദാസ്യപ്പണി അവസാനിപ്പിക്കാനുള്ള നീക്കങ്ങളും സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെല്ലാം ഇത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി. അതേ സമയം മുഖ്യമന്ത്രിക്ക് ഇസഡ് പ്ലസ് കാറ്റഗറിയില്‍ സുരക്ഷ സന്നാഹം ഒരുക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം തുടരും. ആ സുരക്ഷ പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല.