തന്‍റെ പൂര്‍വികര്‍ കുരങ്ങന്‍മാരല്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി സത്യപാല്‍ സിംഗ്

ന്യൂഡല്‍ഹി : ചാള്‍സ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തെ പിന്തള്ളി കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി സത്യപാല്‍ സിംഗ് വീണ്ടും രംഗത്തെത്തി. പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തെറ്റാണെന്നും എന്റെ പൂര്‍വികര്‍ കുരങ്ങന്മാരല്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസ്താവനയോട് പ്രതികരിച്ച ശിവസേനയുടെ നേതൃത്വം കുരങ്ങനല്ലെങ്കില്‍ പട്ടിയാവുമെന്ന് പറഞ്ഞ് സത്യപാലിനെ പരിഹസിച്ചു.

കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തവുമായി ബന്ധപ്പെട്ട് സത്യപാല്‍ സിംഗ് നടത്തിയ പ്രസ്താവന വിവാദമായിരുന്നു. പരിണാമ സിദ്ധാന്തം പാഠപുസ്തകങ്ങളില്‍ നിന്നു നീക്കം ചെയ്യണമെന്നാണ് മന്ത്രി അന്ന് ആവശ്യപ്പെട്ടത്. അതേ സമയം താന്‍ പൂര്‍വികരെ അപമാനിച്ചതായി കരുതുന്നില്ലെന്ന് സത്യപാല്‍ സിംഗ് പറഞ്ഞു. സ്‌കൂള്‍ കോളേജ് കരിക്കുലത്തില്‍ നിന്ന് ഡാര്‍വിന്റെ പരിണാമ സിദ്ധാാന്തം മാറ്റണം എന്ന സത്യപാല്‍ സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ ശാസ്ത്രലോകത്തിന്റെ പല ഭാഗത്തു നിന്നും വന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇപ്പോള്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ വെച്ച് ഡാര്‍വിനെ തള്ളിപ്പറഞ്ഞ സത്യപാല്‍ സിംഗ് താന്‍ ഒരു ശാസ്ത്ര വിദ്യാര്‍ഥിയാണ്, കെമിസ്ട്രിയില്‍ പി എച്ച് ഡി പൂര്‍ത്തിയാക്കിട്ടുണ്ട്. പൂര്‍വികരെ അപമാനിച്ചതായി കരുതുന്നില്ലെന്നും പറഞ്ഞു. തന്റെ അഭിപ്രായം ഇപ്പോള്‍ ആരും ഉള്‍ക്കൊണ്ടില്ലെങ്കിലും ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ആളുകള്‍ അത് അംഗീകരിക്കുമെന്നും സിംഗ് പറയുന്നു. മനുഷ്യന്റെ പൂര്‍വ്വികര്‍ കുരങ്ങന്‍മാരല്ലെന്ന് തെളിയിക്കാനുള്ള പരീക്ഷണങ്ങള്‍ നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നാണ് സത്യപാല്‍ സിംഗ് പറഞ്ഞതിന്റെ സൂചന.

01-Jul-2018