'അമ്മ'യുടെ നിലപാടിനെതിരെ കൂടുതല്‍ അഭിനേത്രികള്‍
അഡ്മിൻ
കൊച്ചി : വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് കൂടുതല്‍ നടികളുടെ പിന്തുണയോടെ താരസംഘടന എ എം എം എയുടെ മനുഷ്യത്വവിരുദ്ധ നിലപാടുകള്‍ ചൂണ്ടിക്കാണിച്ച് രംഗത്തെത്തി. തങ്ങള്‍ എന്തുകൊണ്ട് 'അമ്മ'യുടെ ഭാഗമായില്ല എന്നതിന്റെ കാരണങ്ങള്‍ ഇവര്‍ അക്കമിട്ടു ചൂണ്ടിക്കാട്ടുന്നു. തുല്യപരിഗണനയും വേതനവും എന്ന സങ്കല്‍പ്പംപോലും നിലവിലില്ലാത്ത മേഖലയില്‍ എ എം എം എ ഒരു ലക്ഷം രൂപയോളം മെമ്പര്‍ഷിപ് ഫീസ് ചുമത്തുന്നത് ജനോന്മുഖവും ജനാധിപത്യപരവുമല്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു. ഡബ്ല്യൂ സി സിയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് വിമര്‍ശനങ്ങളുമായി നടിമാര്‍ രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
'കഴിഞ്ഞ ഒരു വര്‍ഷമായി ഞങ്ങള്‍ സംഘടനയായി രൂപം കൊണ്ടിട്ട്. മലയാള സിനിമാ ലോകത്തെ പല രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ WCC മുന്നോട്ടു വെക്കുന്ന വിഷയങ്ങളുടെ ഗൗരവം മനസ്സിലാക്കി ഈ സംഘടനയുടെ ഭാഗമായി.
അവരില്‍ അഭിനേത്രികളും ടെക്നീഷ്യന്മാരും ഉണ്ട്. ഏറെ അറിയപ്പെടുന്നവരും പുതുതായി ഈ രംഗത്തേക്കു വന്നവരും ഉണ്ട്. അമ്മ സംഘടനയുടെ സ്ത്രീവിരുദ്ധ നിലപാടിനെ കുറിച്ച് അവരുടെ അഭിപ്രായങ്ങളും ണഇഇ യുടെ പേജിലൂടെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു.
ഇന്ന് അമ്മയില്‍ അംഗമല്ലാത്ത അഭിനേത്രികള്‍ എന്തുകൊണ്ട് അമ്മയില്‍ നിന്ന് അവര്‍ അംഗത്വമെടുക്കാതെ മാറി നില്ക്കുവാന് ആഗ്രഹിച്ചു എന്നതിന്റെ കാരണങ്ങളാണ് അവര്‍ നിരത്തുന്നത്.
എ.എം.എം.എ എന്ന് പേരുള്ള 'സംഘടന'യില്‍ ഇനിയും ചേര്‍ന്നിട്ടില്ലാത്ത, എന്നാല്‍ നിലവില്‍ അഭിനേതാക്കളായി തൊഴിലെടുക്കുന്ന ഞങ്ങള്‍ ആ സംഘടനയുടെ ഭാഗമാകുന്നില്ലെന്ന് നിലപാടെടുക്കുന്നു. ഇതിലൂടെ
സിനിമയെ പൂര്‍വ്വാധികം ശ്രദ്ധയോടെ, ബഹുമാനത്തോടെ, വിശ്വാസത്തോടെ, മാധ്യമമായും കലയായും സമീപിക്കുവാനുള്ള ഇടം ഉണ്ടാക്കുകയാണ് ഞങ്ങളുടെ ആത്യന്തികമായ ലക്ഷ്യം.
എ.എം.എം.എ യിലെ അംഗത്വം നിരാകരിക്കാനുള്ള കാരണങ്ങള്‍:
* തുല്യവേതനം എന്നൊരു സങ്കല്പം പോലും നിലവിലില്ലാത്ത മേഖലയില്‍ ഒരു ലക്ഷം രൂപയോളം മെമ്പര്‍ഷിപ് ഫീസ് ചുമത്തുന്നത് ജനോന്മുഖവും ജനാധിപത്യപരവുമല്ല.
* പ്രസ്തുത സംഘടന, ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ പ്രശ്നത്തെ സമീപിച്ച രീതിയില്‍ നിന്നും തൊഴിലിടത്തിലെ സുരക്ഷയുമായി ബന്ധപ്പെട്ട് അവരെടുക്കുന്ന തീരുമാനങ്ങളെ പൂര്‍ണ്ണമായി വിശ്വസിക്കാന്‍ സാധ്യമല്ല എന്ന് തിരിച്ചറിയുന്നു.
* WCC സ്ഥാപക അംഗങ്ങളോട്, അവരുന്നയിക്കുന്ന പ്രശ്നങ്ങളോട്, പൊതുവില്‍ പുലര്‍ത്തുന്ന മൗനം അപകടകരവും നിരുത്തരവാദപരവുമാണ്. *ആരോഗ്യകരവും ആശയപരവുമായ സംവാദത്തിന് കെല്‍പ്പില്ലാത്ത ഒരു സംഘടനയെ തള്ളിപ്പറയുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല എന്ന് മനസ്സിലാക്കുന്നു.
* എ. എം. എം. എ യുടെ അടുത്ത കാലത്തെ ആഘോഷപരിപാടിയില്‍ അവതരിപ്പിച്ച പിന്തിരിപ്പന് സ്കിറ്റ്, കുറ്റാരോപിതനായ നടനെ തിരിച്ചെടുക്കാനുള്ള നടപടി, തുടങ്ങിയവ സ്ത്രീകളോടുള്ള സംഘടനയുടെ സമീപനത്തെ കൃത്യമായി വരച്ചു കാട്ടുന്നുണ്ട്.
* ഒരു സംവാദത്തിനെങ്കിലും വഴിതെളിക്കുന്ന ജനാധിപത്യ സംവിധാനം പ്രസ്തുത സംഘടനയില്‍ ഉടനൊന്നും ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് സംഘടനയുടെ ചരിത്രം, ഫാന്‍സ് അസ്സോസിയേഷനുകള്‍, പ്രത്യേക താരകേന്ദ്രീകൃത കോക്കസുകള്‍ , ഒക്കെ ചേര്‍ത്തെഴുതുന്ന, ഇത് വരെയുള്ള ചരിത്രം, ബോധ്യപ്പെടുത്തി തരുന്നുണ്ട്.
* ആത്മാഭിമാനമുള്ള സ്ത്രീകളെ ഉള്‍ക്കൊള്ളാന്‍, അവരുടെ തൊഴിലിടത്തെ ബഹുമാനിക്കാന്‍ തക്കവണ്ണം ഒരു പൊളിച്ചെഴുത്തിന് നിലവില്‍ സംഘടനയെ നിര്‍ണയിക്കുന്ന താരാധികാരരൂപങ്ങള്‍ക്ക് സാധിക്കില്ല എന്ന് കൂടി മനസ്സിലാക്കുന്നു.
*കെട്ടിക്കാഴ്ച്ചകള്‍ക്കല്ലാതെ, സംഘടനാപരമായ ചുമതലകളില്‍, തീരുമാനങ്ങള്‍ എടുക്കുന്നതിലൊന്നും തന്നെ സ്ത്രീപങ്കാളിത്തം ഉറപ്പു വരുത്താന്‍ പ്രസ്തുത സംഘടന ശ്രമിച്ചിട്ടില്ല.
* ഇത്തരത്തില്‍ മനുഷ്യവിരുദ്ധമായി നിലകൊള്ളുന്ന ഒരു സംഘടനയുടെ ഭാഗമാകാനില്ല എന്നുറച്ചു പ്രഖ്യാപിക്കുന്നു.
മലയാളികള്‍ ഏറെ സ്നേഹിക്കുന്ന സിനിമയെന്ന മാധ്യമത്തിലൂടെ ജാതിമതലിംഗ വിഭാഗീയതകള്‍ക്കപ്പുറമായി കാലത്തിനനുരൂപമായ കലാസൃഷ്ടികള്‍ രചിക്കപ്പെടുവാന്‍ ആവശ്യമായ എല്ലാ വഴികളും വരും തലമുറക്ക് വേണ്ടി തുറക്കുവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
1. അഭിജ ശിവകല
2. അമല അക്കിനെനി
3. അര്‍ച്ചന പദ്മിനി
4. ദര്‍ശന രാജേന്ദ്രന്
5. ദിവ്യ ഗോപിനാഥ്
6. ദിവ്യ പ്രഭ
7. ജോളി ചിറയത്ത്
8. കനി കുസൃതി
9. രഞ്ജിനി പിയര്‍
10. സജിത മഠത്തില്‍
11. സംയുക്ത നമ്പ്യാര്‍
12. ശാന്തി ബാലചന്ദ്രന്
13. ഷൈലജ അമ്പു
14. സുജാത ജനനേത്രി
#EqualInReelandReal
01-Jul-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ