എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് ക്രിമിനലുകള്‍ കുത്തിക്കൊലപ്പെടുത്തി.
അഡ്മിൻ
എറണാകുളം : മഹാരാജാസ് കോളേജില്‍ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ എസ് ഡി പി ഐ - ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊന്നു. മഹാരാജാസ് കോളേജ് ഹോസ്റ്റലില്‍ അതിക്രമിച്ചുകയറിയാണ് അഭിമന്യുവിനെ നിഷ്ഠൂരമായി കൊല ചെയ്തത്. ഇടുക്കി വട്ടവട സ്വദേശിയും എസ്എഫ്ഐ ജില്ലാകമ്മിറ്റി അംഗവുമാണ് കൊല്ലപ്പെട്ട അഭിമന്യു. ഹോസ്റ്റലില്‍ അഭിമന്യുവിന്റെ കൂടെയുണ്ടായിരുന്ന അര്ജുന്, വിനീത് എന്നിവര്‍ ഇസ്ലാം ഭീകരവാദികളുടെ കൊലക്കത്തിയില്‍ നിന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. ഇതില്‍ അര്‍ജുന്റെ നില അതീവഗുരുതരമാണ്.
ഇന്ന് അധ്യനവര്‍ഷം ആരംഭിക്കുന്ന കോളേജില്‍ നവാഗതരെ സ്വീകരിക്കുന്നതിന് വേണ്ടി പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട് ഞായറാഴ്ച വൈകുന്നേരം വാഗ്വാദം നടന്നിരുന്നു. ആ സമയത്ത് ക്യാമ്പസ് ഫണ്ട് പ്രവര്‍ത്തകരും ചുവരെഴുതാനായി പുറത്തുനിന്നും വന്ന എസ് ഡി പി ഐ പ്രവര്‍ത്തകരും എസ് എഫ് ഐ പ്രവര്‍ത്തകരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ക്യാമ്പസില്‍ നിന്നും പുറത്തുപോയത്. തുടര്‍ന്ന് എസ് ഡി പി ഐ നേതൃത്വവുമായി ഗൂഡാലോചന നടത്തിയാണ് എസ് എഫ് ഐ നേതാവിനെ കുത്തിക്കൊന്നത് എന്നാണ് സൂചനകള്‍. തിങ്കളാഴ്ച പുലര്‍ച്ചെ 12.30 ഓടെ എസ് ഡി പി ഐ - ക്യാമ്പസ് ഫ്രണ്ട് ഗുണ്ടകള്‍ കോളേജ് ഹോസ്റ്റലിലേക്ക് ഇരച്ചുകയറുകയായിരുന്നു. 20ഓളം വരുന്ന ആക്രമി സംഘം എസ് എഫ് ഐ പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിച്ചു. മുസ്ലീം ഭീകരവാദികളുടെ ആക്രമണം കണ്ട് ഹോസ്റ്റലിലെ അന്തേവാസികളെ സുരക്ഷിതരാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അഭിമന്യുവിനെ എസ് ഡി പി ഐ -ക്യാമ്പസ് ഫ്രണ്ട് ഗുണ്ടകള്‍ പിടികൂടിയത്. ഒരാള്‍ പിന്നില്‍നിന്നു പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ കത്തികൊണ്ട് തുരുതുരെ നെഞ്ചില്‍ കുത്തുകയുമായിരുന്നു. അഭിമന്യു തല്‍ക്ഷണം മരിച്ചു. അര്ജുന്, വിനീത് എന്നിവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാം വര്‍ഷ ബി എസ് സി കെമിസ്ട്രി വിദ്യാര്‍ത്ഥിയാണ് അഭിമന്യു.
സംഭവത്തെത്തുടര്‍ന്ന് എസ് ഡി പി ഐ - ക്യാമ്പസ് ഫണ്ട് പ്രവര്‍ത്തകരായ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുപ്പത്തിയേഴ് വയസുള്ളയാളാണ് അറസ്റ്റിലായവരില്‍ ഒരാള്‍. കോട്ടയം സ്വദേശി ബിലാല്‍, ഫോര്‍ട്ട്കൊച്ചി സ്വദേശി റിയാസ് എന്നിവരുടെ പേര് പോലീസ് പുറത്തുവിട്ടു. ഇതില്‍ ബിലാല്‍ കോട്ടയം സിഎംഎസ് കോളേജിലെ ക്യാമ്പസ് ഫ്രണ്ട് ഭാരവാഹിയാണ്. അഭിമന്യുവിന്റെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണുള്ളത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി എസ് എഫ് ഐ പഠിപ്പുമുടക്കുന്നുണ്ട്.