സ്പെയിനിന്റെ നെഞ്ചത്ത് റഷ്യന്‍ വിപ്ലവം

റഷ്യ : റഷ്യന്‍ ഫുട്‌ബോള്‍ വിപ്ലവത്തിന്റെ പടയോട്ടമായിരുന്നു ഇന്നലെ നടന്നത്. മോസ്‌കോയിലെ ചുവപ്പ് കോട്ടയില്‍ റഷ്യന്‍ പ്രതിരോധത്തില്‍ തട്ടി സ്പാനിഷ് ചെമ്പട കീഴടങ്ങി. ഇന്നലെ മോസ്‌കോയിലെ ലുസ്‌നിക്കി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റഷ്യയുടെ നിറയൊഴിക്കലുകള്‍ക്ക് മുന്നില്‍ സ്‌പെയിന്‍ പിടഞ്ഞുവീണു. നിശ്ചിത സമയത്തും അധിക സമയത്തും 1-1 എന്ന നിലയില്‍ സമനിലയിലായ മത്സരത്തിനൊടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് മുന്‍ ലോകചാമ്പ്യന്മാരെ കീഴടക്കി ആതിഥേയര്‍ അവസാന എട്ടിലേക്കു കുതിച്ചത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ റഷ്യയ്ക്കു കിക്കെടുത്ത ഫ്‌യോഡര്‍ സ്‌മൊലോവ്, സെര്‍ജി ഇഗ്‌നാഷെവിച്ച്, അലക്‌സാന്‍ഡര്‍ ഗൊളോവിന്‍, ഡെനിസ് ചെറിഷേവ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ സ്‌പെയിനായി കിക്കെടുത്ത കൊക്കെ, ഇയാഗോ അസ്പാസ് എന്നിവരുടെ ഷോട്ടുകള്‍ തടുത്തിട്ട് റഷ്യന്‍ നായകന്‍ ഇഗോര്‍ അക്കിന്‍ഫീവ് രാജ്യത്തിന്റെ ഹീറോയായി. ഷൂട്ടൗട്ടില്‍ ആദ്യ കിക്കെടുത്തത് ഇനിയസ്റ്റയായിരുന്നു. അകിന്‍ഫീവിന് ഒരവസരവും നല്‍കാതെ സ്പാനിഷ് ഇതിഹാസം വലകുലുക്കി. റഷ്യയ്ക്കായി മറുപടി നല്‍കാനെത്തിയത് സ്‌മൊലോവ്. ടൂര്‍ണമെന്റില്‍ വമ്പന്‍ പരാജയമായിരുന്ന സ്പാനിഷ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡിഗിയയ്ക്ക് വീണ്ടും പിഴച്ചു. 1-1. സ്‌പെയിനായി രണ്ടാം കിക്കെടുത്ത ജെറാര്‍ഡ് പിക്വെയും റഷ്യയ്ക്കായി ഇഗ്‌നാഷെവിച്ചും ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 2-2. ചെമ്പടയ്ക്കായി മൂന്നാം കിക്കെടുത്തത് കൊക്കെ. സ്പാനിഷ് താരത്തിന്റെ കരുത്തുകുറഞ്ഞ കിക്ക് ഇടത്തേക്ക് ഡൈവ് ചെയ്ത് അക്കിന്‍ഫീവ് തടുത്തിട്ടതോടെ ലുസ്‌നിക്കി സ്‌റ്റേഡിയം പ്രകമ്പനം കൊണ്ടു. നായകന്‍ സമ്മാനിച്ച മുന്‍തൂക്കം മുതലെടുത്ത് ഗൊളോവിന്‍ ലക്ഷ്യം കണ്ടതോടെ റഷ്യ 3-2ന് മുന്നില്‍. സ്‌പെയിനു വേണ്ടി നായകന്‍ സെര്‍ജിയോ റാമോസ് സ്‌കോര്‍ 3-3 ആക്കിയെങ്കിലും ഡെനിഷ് ചെറിഷേവ് വീണ്ടും ആതിഥേയര്‍ക്ക് ലീഡ് സമ്മാനിച്ചു. ഇതോടെ അവസാന കിക്ക് ലക്ഷ്യത്തിലെത്തിച്ചേ മതിയാകുമായിരുന്നുള്ളു സ്‌പെയിന്. എന്നാല്‍ അസ്പാസിന്റെ ഷോട്ട് കാല്‍മടമ്പ് കൊണ്ട് തട്ടിയകറ്റി അക്കിന്‍ഫീവ് യഥാര്‍ത്ഥ നായകനായി. സ്വന്തം കാണികള്‍ക്കു മുന്നില്‍ വമ്പന്‍ പോരിനിറങ്ങിയ റഷ്യയ്ക്ക് തുടക്കം പിഴച്ചിരുന്നു. മത്സരത്തിന്റെ 12ാം മിനിറ്റില്‍ തന്നെ അവര്‍ ഗോള്‍ വഴങ്ങി; അതും സെല്‍ഫ് ഗോള്‍. ഇസ്‌കോയെടുത്ത ഫ്രീകിക്കില്‍ നിന്നായിരുന്നു തുടക്കം. ബോക്‌സില്‍ നിന്ന സ്പാനിഷ് നായകന്‍ സെര്‍ജിയോ റാമോസിനെ മാര്‍ക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ റഷ്യന്‍ താരം സെര്‍ജി ഇഗ്‌നാഷെവിച്ചിന്റെ ബൂട്ടില്‍ തട്ടി പന്ത് സ്വന്തം വലയില്‍ കയറുകയായിരുന്നു. സ്‌കോര്‍ 1-0. ലീഡ് നേടുന്നതിനു മുമ്പും പിമ്പും തണുത്ത കളിയായിരുന്നു സ്‌പെയിന്റേത്. മുന്നിലെത്തിയ ശേഷം ലീഡ് വര്‍ധിപ്പിക്കാന്‍ ശ്രമിക്കാതെ കടിച്ചുതൂങ്ങിയ സ്‌പെയിന്‍ പന്ത് കൈവശം വച്ചു വിരസമയാ കളിക്കാണ് ശ്രമിച്ചത്.ഇതിനിടെ ഇരുടീമുകളും ഒറ്റപ്പെട്ട നീക്കങ്ങള്‍ നടത്തിയെങ്കിലും ഒന്നിനും മൂര്‍ച്ചയുണ്ടായിരുന്നില്ല. ആദ്യപകുതിയുടെ അവസാന നിമിഷങ്ങളിലേക്കു കളിയെത്തിയപ്പോള്‍ റഷ്യ ഗിയര്‍ മാറ്റി. സ്പാനിഷ് പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ച അവര്‍ ഇടവേളയ്ക്കു തൊട്ടുമുമ്പ് സമനില ഗോളും കണ്ടെത്തി. സെല്‍ഫ് ഗോളിനു പെനാല്‍റ്റിയിലൂടെയാണ് റഷ്യ തിരിച്ചടിച്ചത്. റഷ്യന്‍ താരമെടുത്ത കോര്‍ണര്‍ കിക്കിനിടെ ബോക്‌സിലേക്കു താഴ്ന്നിറങ്ങിയ പന്ത് ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച സ്പാനിഷ് പ്രതിരോധതാരം ജെറാര്‍ഡ് പിക്വെയുടെ കൈയില്‍ പന്ത് തട്ടിയതിനാണ് റഫറി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടിയത്. മനപ്പൂര്‍വമല്ലാത്ത ഹാന്‍ഡ്‌ബോളാണെന്നു തര്‍ക്കിച്ചതിന് പിക്വെയ്ക്കു മഞ്ഞക്കാര്‍ഡും സമ്മാനിച്ചു. കിക്കെടുക്കാനെത്തിയത് ആര്‍ടെം സ്യൂബ. ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയയെ തെറ്റായ ദിശയിലേക്ക് ചാടിച്ച് സ്യൂബ ലക്ഷ്യം കണ്ടു. സ്‌കോര്‍ 1-1. ഒപ്പത്തിനൊപ്പമുള്ള ആദ്യ പകുതിക്കു ശേഷവും ആവേശകരമായ കളി പുറത്തെടുക്കാന്‍ ഇരുടീമുകള്‍ക്കുമായില്ല. മികച്ച ആക്രമണങ്ങള്‍ ആസൂത്രണം ചെയുന്നതില്‍ ഇരുകൂട്ടരും പരാജയപ്പെട്ടതോടെ രണ്ടാം പകുതി വിരസമായി. നിശ്ചിത സമയത്ത് സമനിലയില്‍ കുരുങ്ങിയതോടെ അപകടം മണത്ത സ്‌പെയിന്‍ എക്‌സ്ട്രാ ടൈമില്‍ ആക്രമണ ഫുട്‌ബോളാണ് കാഴ്ചവച്ചത്. അധികസമയത്തിന്റെ 30 മിനിറ്റു നേരവും കനത്ത ആക്രമണമഴിച്ചുവിട്ട അവര്‍ ഏഴോളം സുവര്‍ണാവസരങ്ങളാണ് തുറന്നെടുത്തത്. എന്നാല്‍ റഷ്യയുടെ പഴുതടച്ച പ്രതിരോധത്തില്‍ ചെമ്പട കിതച്ചുവീണു.

നിഷ്‌നി നൊവോരേഗാഡില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ തോല്‍പിച്ച് ക്രയേഷ്യ ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനാണ് ക്രയേഷ്യ വിജയം പുല്‍കിയത്. യഥാര്‍ത്ഥത്തില്‍ ഗോള്‍കീപ്പര്‍മാരുടെ മത്സരമെന്ന നിലയില്‍ ശ്രദ്ധനേടിയ പോരാട്ടമായിരുന്നു നടന്നത്. ഡെന്‍മാര്‍ക്കിന്റെ കാസ്പര്‍ ഷ്‌മൈഷേല്‍ രണ്ടു കിക്കുകള്‍ തടുത്തിട്ടപ്പോള്‍ ഡെന്‍മാര്‍ക്കിന്റെ മൂന്നു കിക്കുകള്‍ സേവ് ചെയ്ത് ഡാനിയേല്‍ സുബാസിച്ച് ക്രയേഷ്യയുടെ ഹീറോയായി. ക്രയേഷ്യയ്ക്കു വേണ്ടി നായകന്‍ ലൂക്കാ മോഡ്രിച്ച്, മധ്യനിര താരം ഇവാന്‍ റാക്കിറ്റിച്ച്, ആന്ദ്രെ ക്രാമറിച്ച് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ മിലന്‍ ബാദ്‌ലെയ്, ജോസഫ് പിവാരിച്ച് എന്നിവര്‍ക്കാണ് പിഴച്ചത്. ഡെന്‍മാര്‍ക്കിനായി സൈമണ്‍ ക്യായേര്‍, ക്രോണ്‍ ഡെഹ്ലി എന്നിവര്‍ക്കു മാത്രമാണ് സ്‌കോര്‍ ചെയ്യാനായത്. നായകന്‍ ക്രിസ്റ്റിയന്‍ എറിക്‌സണ്‍, ലാസെ ഷോണ്‍, നിക്കോളാസ് യോര്‍ഗെന്‍സണ്‍ എന്നിവരുടെ കിക്കുകള്‍ സുബാസിച്ച് തടുത്തിട്ടു. നേരത്തെ നിശ്ചിത സമയത്തും അധിക സമയത്തും 1-1 എന്ന നിലയില്‍ തുല്യത പാലിച്ചതിനേത്തുടര്‍ന്നാണ് മത്സരം ഷൂട്ടൗട്ടിലേക്കു നീണ്ടത്. യൂറോപ്യന്‍ ഫുട്‌ബോളിന്റെ എല്ലാ ആക്രമണോത്സുകതയും കണ്ട മത്സരത്തില്‍ തുടക്കം തന്നെ സ്‌ഫോടനാത്മകമായിരുന്നു. കിക്കോഫ് കഴിഞ്ഞ് 56ാം സെക്കന്‍ഡില്‍ തന്നെ ഡെന്‍മാര്‍ക്ക് ലീഡ് നേടി. ഇടതു വിങ്ങില്‍ നിന്ന് തോമസ് ഡെലനി നല്‍കിയ പാസ് സ്വീകരിച്ച് മത്യാസ് യോര്‍ഗെന്‍സണാണ് ഈ ലോകകപ്പിലെ ഏറ്റവും വേഗതയേറിയ ഗോള്‍ സ്‌കോര്‍ ചെയ്തത്. ക്രയേഷ്യ നിലയുറപ്പിക്കും മുമ്പേ വീണ ഈ ഗോളില്‍ പക്ഷേ ഡെന്‍മാര്‍ക്കിന് അധികം ആഹഌദിക്കാനായില്ല. നാലാം മിനിറ്റില്‍ തന്നെ ക്രോട്ടുകള്‍ ഒപ്പമെത്തി. സമനിലയ്ക്കായി ഇരമ്പിക്കയറിയ അവര്‍ ഡെന്‍മാര്‍ക്ക് ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിനിടെ മരിയോ മാന്‍ഡ്‌സുകിച്ചിലൂടെ ലക്ഷ്യം കണ്ടു. ഇടതു വിങ്ങില്‍ നിന്നു ക്ര?യേഷ്യന്‍ താരം തൊടുത്ത ഷോട്ട് ഡെന്‍മാര്‍ക്ക് നായകന്‍ ക്രിസ്റ്റിയന്‍ എറിക്‌സണിന്റെ മുഖത്ത് തട്ടത്തെറിച്ചപ്പോള്‍ റീബൗണ്ട് പിടിച്ചെടുത്ത് മാന്‍ഡ്‌സുകിച്ച് സ്‌കോര്‍ ചെയ്യുകയായിരുന്നു. പിന്നീട് പരസ്പരം ആക്രമിച്ചുള്ള ഫുട്‌ബോളാണ് ഇരുകൂട്ടരും കാഴ്ചവച്ചത്. ഒരു ബോക്‌സില്‍ നിന്ന് മറ്റൊന്നിലേക്ക് ഇടതടവില്ലാതെ പന്തു നീങ്ങിയെങ്കിലും നിശ്ചിത സമയത്ത് സമനിലക്കുരുക്ക് അഴിക്കാനായില്ല. ആക്രമണത്തില്‍ ക്ര?യേഷ്യയായിരുന്നു ഒരുപടി മുന്നില്‍ നിന്നത്. തുടര്‍ന്ന് അധികസമയത്തേക്കു നീണ്ട മത്സരത്തിന്റെ ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ ഭൂരിപക്ഷം സമയത്തും ഇതേ നിലയിലാണ് കളി നീങ്ങിയത്. എക്‌സ്ട്രാ ടൈം അവസാനിക്കാന്‍ അഞ്ചു മിനിറ്റ് മാത്രം ശേഷിക്കെ മത്സരം സ്വന്തമാക്കാന്‍ ക്ര?യേഷ്യയ്ക്ക് അവസരം ലഭിച്ചതാണ്. എന്നാല്‍ അനുകൂലമായി ലഭിച്ച പെനാല്‍റ്റി നായകന്‍ മോഡ്രിച്ച് പാഴാക്കി. 115ാം മിനിറ്റില്‍ മോഡ്രിച്ച് നല്‍കിയ ത്രൂ ബോള്‍ പിടിച്ചെടുത്തു മുന്നേറിയ ബാദ്‌ലെയ് ഗോള്‍കീപ്പര്‍ ഷ്‌മൈഷേലിനെയും കബളിപ്പിച്ചു കയറിയെങ്കിലും ഷോട്ടുതിര്‍ക്കും മുമ്പേ യോര്‍ഗെന്‍സണ്‍ വീഴ്ത്തി. ഇതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. എന്നാല്‍ കിക്കെടുത്ത മോഡ്രിച്ചിന്റെ ദുര്‍ബലമായ ഷോട്ട് തടുത്തിട്ട് ഷ്‌മൈഷേല്‍ ഡെന്‍മാര്‍ക്കിന്റെ ആയുസ് നീട്ടി. ഷൂട്ടൗട്ടിലും ഷ്‌മൈഷേല്‍ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ മികവില്‍ ഒരുപടി മുന്നില്‍ നിന്ന സുബാസിച്ചിന്റെ പ്രകടനത്തിനു മുന്നില്‍ വീരോചിതം പോരാടി കീഴടങ്ങേണ്ടി വന്നു.

02-Jul-2018