എസ് ഡി പി ഐ സംസ്ഥാന നേതൃത്വത്തിന് കൊലപാതകത്തില്‍ പങ്കുണ്ടോ?

എറണാകുളം : മഹാരാജാസ് കോളേജിനകത്ത് കയറി എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ 10 പേരെ തിരിച്ചറിഞ്ഞതായി പൊലീസ്. സ്ഥിരീകരണം. പോലീസിന് കസ്റ്റഡിയിലെടുക്കാന്‍ സാധിച്ച മൂന്നുപേര്‍ എസ് ഡി പി ഐ പ്രവര്‍ത്തകരാണ്. ബിലാല്‍ (കോട്ടയം), ഫറൂക്ക് (പത്തനംതിട്ട), റിയാസ് (ഫോര്‍ട്ട്‌കൊച്ചി) എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. മറ്റ് ജില്ലകളില്‍ നിന്ന് കൊലപാതകം നടത്താന്‍ പ്രാവീണ്യം തേടിയ ക്രിമിനലുകളെ എസ് ഡി പി ഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ കോളേജിലേക്ക് നിയോഗിക്കുകയായിരുന്നു എന്ന് സൂചനകളുണ്ട്. കോളേജില്‍ നിന്നും ആയുധങ്ങളുമായി ഒരു സംഘം ആളുകള്‍ ഓടിപ്പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

കൊലപാതകത്തിന് പിന്നില്‍ ആസൂത്രിമായ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് സൂചനകള്‍. എസ് ഡി പി ഐ സംസ്ഥാന നേതൃത്വത്തിന് കൊലപാതക ഗൂഡാലോചനയില്‍ പങ്കുണ്ടോ എന്ന് പരിശോധിക്കുന്നതിന് വേണ്ടി ഫോണ്‍രേഖകളും ടവര്‍ ലൊക്കേഷനുകളും ശേഖരിക്കാന്‍ പോലീസ് നടപടിയെടുത്തു. നേരത്തെ ക്യാമ്പസ് ഫ്രണ്ടിന്റെ നേതൃത്വ ക്യാമ്പില്‍ പങ്കെടുത്ത എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി മഹാരാജാസ് അടക്കമുള്ള ക്യാമ്പസുകളില്‍ സംഘടന വളര്‍ത്തുന്നതിന് ഏത് മാര്‍ഗവും അവലംബിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ശബ്ദരേഖ പോലീസിന്റെ കൈയ്യിലുണ്ട്. അതിന്റെ വിശ്വാസ്യത ഉറപ്പുവരുത്താനുള്ള ഫോറന്‍സിക് പരിശോധനകളിലേക്ക് വൈകാതെ പോലീസ് പോകുമെന്നാണ് വിശ്വസ്ത കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നത്.

മഹാരാജാസ് കോളേജില്‍ ഞായറാഴ്ച പകല്‍ സമയത്ത് ചുവരെഴുത്ത് സംബന്ധിച്ചും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ചും എസ് എഫ് ഐ - ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ക്യാമ്പസില്‍ നിന്നും വെല്ലുവിളി ഉയര്‍ത്തി പുറത്തേക്ക് പോയ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ എസ് ഡി പി ഐ നേതൃത്വത്തെ ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് നടന്ന ഗൂഡാലോചനയുടെ ഭാഗമായാണ് അര്‍ധരാത്രി കോളേജ് ഹോസ്റ്റലില്‍ മിന്നലാക്രണം നടത്താന്‍ എസ് ഡി പി ഐ നേതൃത്വം തീരുമാനിച്ചതെന്നാണ് സൂചനകള്‍. ആക്രമണം നടത്തിയവരില്‍ ഒരാള്‍ മാത്രമാണ് ക്യാമ്പസിലെ വിദ്യാര്‍ത്ഥി. ബാക്കിയുള്ളവര്‍ എസ് ഡി പി ഐയുടെ പരിശീലനം ലഭിച്ച വിവിധ ജില്ലകളിലുള്ള ക്രിമിനലുകളാണ്. ഇരുപതോളം പേര്‍ അക്രമിസംഘത്തിലുണ്ടായിരുന്നെന്നും കൂട്ടക്കൊല നടത്താനാണ് അവര്‍ പ്ലാന്‍ ചെയ്തതെന്നും ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അഭിമന്യുവിനെ രണ്ടുപേര്‍ പിടിച്ചുവെക്കുകയും മറ്റൊരാള്‍ നെഞ്ചില്‍ കത്തികുത്തിയിറക്കുകയുമായിരുന്നു. തല്‍സമയം തന്നെ അഭിമന്യു പിടഞ്ഞുമരിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അഭിമന്യുവിനൊപ്പം എസ് ഡി പി ഐ ക്രിമിനലുകളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അര്‍ജുനിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. പരിക്കുകള്‍ ഗുരുതരമാണെന്നും ജീവന്‍ രക്ഷിക്കാനുള്ള കഠിനപ്രയത്‌നത്തിലാണുള്ളതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

 

02-Jul-2018