എറണാകുളം : എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി മുഹമ്മദിന് വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്നലെ ബിലാല്‍, ഫാറൂഖ്, റിയാസ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അറസ്റ്റിലായവരില്‍ നിന്നും പോലീസിന് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എസ് ഡി പി ഐ നേതൃത്വത്തിലേക്ക് അന്വേഷണം നീളുന്നത് ഈ വിവരങ്ങളുടെ പിന്‍ബലത്തിലാണ്. മാഹാരാജാസ് കോളേജിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും ക്യാമ്പസ് ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാന്‍ അക്രമമടക്കമുള്ള എന്തും നടപ്പിലാക്കണമെന്ന് എസ് ഡി പി ഐ നേതൃത്വം തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി ഈ കോളേജുകളിലെ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തനത്തെ സഹായിക്കാന്‍ എസ് ഡി പി ഐയുടെ ആയുധ പരിശീലനം നേടിയ ക്രിമിനലുകളുടെ സഹായവും ലഭ്യമാക്കിയിരുന്നു. എന്ത് ചെയ്താലും പിടിക്കപ്പെടാനോ, തെളിവുകള്‍ അവശേഷിപ്പിക്കാനോ പാടില്ലെന്നുള്ള നിര്‍ദേശവും എസ് ഡി പി ഐ നേതൃത്വം ക്യാമ്പസ് ഫ്രണ്ടിന് നല്‍കിയിട്ടുണ്ട്. മഹാരാജാസില്‍ അഭിമന്യുവിന്റെ മരണം ഉറപ്പാക്കി രക്ഷപ്പെടാന്‍ ശ്രമിച്ച എസ് ഡി പി ഐ ക്രിമിനലുകളില്‍ മൂന്നുപേരെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ് ഓടിച്ച് പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചത്.
ബിലാലിനെ ഇന്നലെ വൈകിട്ട് കോട്ടയം, കങ്ങഴ, പത്തനാട്ടെ വീട്ടില്‍നിന്നു പോലീസ് പിടികൂടുകയായിരുന്നു. ഇരുപതോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണു കോളജില്‍ കയറി, അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. അക്രമികളില്‍ ഒരാള്‍ ഇതേ കോളജിലെ വിദ്യാര്‍ഥിയും മറ്റുള്ളവര്‍ വിവിധ ജില്ലകളില്‍നിന്നുള്ള ആയുധപരിസീലനം നേടിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമാണ്. കൊലപാതകത്തിനു പിന്നാലെ അക്രമികളില്‍ പലരും കുടുംബസമേതം നാടുവിട്ടെന്നാണു സൂചന. അതിനുള്ള മുന്നൊരുക്കങ്ങളും ഗൂഡാലോചനയുടെ ഭാഗമായി തയ്യാറാക്കിയിരുന്നു. ഇവരെ പിടികൂടാന്‍ പോലീസിന്റെ എട്ടു സ്‌ക്വാഡുകള്‍ പരിശോധന തുടരുന്നുണ്ട്.
എറണാകുളം നോര്‍ത്ത് കേന്ദ്രീകരിച്ച് അക്രമികള്‍ വാടകയ്‌ക്കെടുത്ത വീട്ടില്‍ പോലീസ് പരിശോധന നടത്തി. കേസില്‍ മുഖ്യപ്രതിയെന്നു പോലീസ് കരുതുന്ന, കോളജിലെ മൂന്നാംവര്‍ഷ അറബിക് വിദ്യാര്‍ഥി, വടുതല സ്വദേശി മുഹമ്മദിനായിരുന്നു കോളേജിലെ ആക്ഷന്റെ ചുമതല. അഭിമന്യുവിനെയും അര്‍ജുനെയും കൊലപ്പെടുത്താനായിരുന്നു എസ് ഡി പി ഐ- ക്യാമ്പസ് ഫ്രണ്ട് ക്രിമിനലുകള്‍ തീരുമാനിച്ചിരുന്നത്. അഭിമന്യുവിനൊപ്പം കുത്തേറ്റ അര്‍ജുന്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.