ബിഷപ്പിന്റെ പീഡനം ആത്മഹത്യയെ കുറിച്ച് ചിന്തിച്ചെന്ന്‍ കന്യാസ്ത്രീ

കോട്ടയം : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ശല്യം സഹിക്കവയ്യാതെ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ മൊഴി. ബിഷപ്പ് ഫോണിലൂടെ നിരന്തരം ശല്യം ചെയ്തിരുന്നതായും കന്യാസ്ത്രീ മൊഴിയില്‍ പറയുന്നുണ്ട്. അശ്ലീലച്ചുവയോടെയാണ് ഫോണ്‍വിളിച്ചപ്പോഴെല്ലാം സംസാരിച്ചിരുന്നത്. ഇതുതുടര്‍ന്നപ്പോള്‍ എതിര്‍ത്തു. താന്‍ സന്ന്യാസജീവിതം ഉപേക്ഷിച്ച് സഭയ്ക്കു പുറത്തുപോകുമെന്നും ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതയാവുമെന്നും ബിഷപ്പിനോട് പലതവണ പറഞ്ഞിരുന്നു. 2014 മേയ് അഞ്ചിന് തൃശ്ശൂരില്‍ വൈദികപട്ടം കൊടുക്കുന്ന ചടങ്ങില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കാര്‍മികനായിരുന്നു. ഇതിനുശേഷമാണ് കുറവിലങ്ങാട്ടെ മഠത്തില്‍ ആദ്യമായി താമസിക്കാന്‍ വന്നത്. അടുത്തദിവസം കന്യാസ്ത്രീയുടെ കുടുംബത്തില്‍ ഒരു ആദ്യകുര്‍ബാനയിലും പങ്കെടുത്തു. ഈ ദിവസങ്ങളില്‍, മഠത്തിലെ ഇരുപതാം നമ്പര്‍ മുറിയില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചു. ഇത് ഗസ്റ്റ് റൂം കൂടിയാണ്. പലപ്പോഴായി 13 തവണ പ്രകൃതിവിരുദ്ധപീഡനത്തിനും വിധേയയാക്കിയെന്ന് കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്.

പീഡനം നടന്നെന്ന് പറയുന്ന ദിവസങ്ങളില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ഇവിടെ എത്തിയിരുന്നെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച രേഖകള്‍ ശേഖരിച്ചിട്ടുണ്ട്. കത്തോലിക്കാ സഭയുടെ ജലന്ധര്‍ രൂപതയ്ക്ക്, കേരളത്തില്‍ കുറവിലങ്ങാട് കൂടാതെ കണ്ണൂരിലും രണ്ടു മഠങ്ങളുണ്ട്. എന്നാല്‍, ബിഷപ്പ് കേരളത്തില്‍ എത്തിയപ്പോഴെല്ലാം കുറവിലങ്ങാട് മഠത്തിലാണ് താമസിച്ചിരുന്നത്. ബിഷപ്പിന് മഠത്തില്‍ സന്ദര്‍ശനാനുമതി മാത്രമാണുള്ളത്. താമസിക്കാന്‍ അനുമതിയില്ലെന്ന് കന്യാസ്ത്രീ പറയുന്നു. ഫോണില്‍ അശ്ലീലം പറയുന്നത് തുടര്‍ന്നപ്പോള്‍, കുറവിലങ്ങാട് പള്ളി വികാരിയോട് പരാതിപ്പെട്ടു. അദ്ദേഹം വിവരം പാലാ ബിഷപ്പിനെ അറിയിച്ചു. പാലാ ബിഷപ്പ്, കുറവിലങ്ങാട് പള്ളിമേടയില്‍ കന്യാസ്ത്രീയുടെ പരാതി കേട്ടു. ഇതിനുശേഷമാണ് സിറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ നേരില്‍ക്കണ്ട് പരാതി പറഞ്ഞത്. ഇക്കാര്യത്തില്‍ താന്‍ നിസ്സഹായനാണെന്ന് അദ്ദേഹം അറിയിച്ചെന്നും മൊഴിയിലുണ്ട്.

തുടര്‍ന്ന്, ഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് പരാതി നല്‍കി. ഇത് മേയില്‍ പോപ്പിന് അയച്ചുകൊടുത്തു. എന്നിട്ടും നടപടിയുണ്ടാകാതെ വന്നപ്പോഴാണ് എസ് പിക്ക് പരാതി നല്‍കിയത്. ഇവരെക്കൂടാതെ കുറവിലങ്ങാട് മഠത്തിലെ നാലു കന്യാസ്ത്രീകളുടെ മൊഴി കൂടി വൈക്കം ഡി വൈ എസ് പി കെ സുഭാഷിന്റെ നേതൃത്വത്തില്‍ രേഖപ്പെടുത്തി. പീഡനത്തെക്കുറിച്ച് പറഞ്ഞറിവേ ഉള്ളൂവെന്നാണ് ഇവരുടെ മൊഴി. ഒമ്പത് കന്യാസ്ത്രീമാരാണ് മഠത്തിലുള്ളത്. ചൊവ്വാഴ്ചയും മൊഴിയെടുപ്പു തുടരും. അടുത്ത ദിവസങ്ങളില്‍ മഠത്തിലെ മറ്റു ജീവനക്കാരില്‍നിന്ന് പോലീസ് വിവരങ്ങള്‍ തേടും. ജലന്ധറിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ക്രിമിനല്‍നടപടിനിയമം 164ാം വകുപ്പനുസരിച്ച് മജിസ്‌ട്രേട്ടിന് മുമ്പാകെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനും പോലീസ് അപേക്ഷിച്ചിട്ടുണ്ട്.

03-Jul-2018