സംഘങ്ങൾ സംരഭകത്വത്തിലേക്ക് മാറ്റാൻ അപ്പക്‌സ് കൗൺസിൽ രൂപീകരിക്കും
അഡ്മിൻ
സംസ്ഥാനത്തിന്റെ സാമ്പത്തിക, സാമൂഹിക വികസനത്തിന് കൂടുതൽ ഊർജം പകരാൻ 32 പ്രത്യേക പദ്ധതികളുമായി സഹകരണ വകുപ്പ്. സഹകരണ സംഘങ്ങളെ മുൻനിർത്തി ആറു മേഖല കേന്ദ്രീകരിച്ചായിരിക്കും ഇവ നടപ്പാക്കുക. 2025 ഡിസംബർ 31നകം പൂർത്തീകരിക്കുംവിധമാകും പ്രഖ്യാപനം.
കൃഷിയും പരിസ്ഥിതി സംരക്ഷണവും, ശുചിത്വവും മാലിന്യ സംസ്കരണവും, സ്വാശ്രയത്വവും സാമ്പത്തിക സാമൂഹിക സുരക്ഷയും, വനിത–-യുവജന–-പട്ടികജാതി പട്ടികവർഗ–- ട്രാൻസ്ജെന്റർ–-അസംഘടിത തൊഴിലാളി മേഖലകളുടെ ശാക്തീകരണം, ആരോഗ്യ പരിരക്ഷയും വയോജന സംരക്ഷണവും, സാംസ്കാരിക രംഗത്തെ സഹകരണ ഇടപെടലുകളുടെ ശാക്തീകരണം, അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരായ പ്രവർത്തനം ഗ്രാമീണതലത്തിലടക്കം ശക്തമാക്കൽ എന്നിവയിൽ ഊന്നിയാകും പദ്ധതികൾ. പദ്ധതികളുടെ വിശദ പദ്ധതി രേഖ തയ്യാറാക്കാൻ മന്ത്രി വി എൻ വാസവൻ വിളിച്ചുചേർത്ത സെക്രട്ടറിതല യോഗത്തിൽ ധാരണയായി. വിശദ പദ്ധതികൾ അതാത് രംഗത്തെ വിദഗ്ധർ പരിശോധിച്ചശേഷം അടുത്തആഴ്‌ച നടപ്പാക്കൽ ഘട്ടത്തിേലേക്ക് കടക്കും. നടത്തിപ്പിന് ജനകീയാസൂത്രണ പദ്ധതി മാതൃകയിൽ പ്രവർത്തന സംവിധാനം രൂപീകരിക്കും.
ഡൽഹിയിലും മുംബൈയിലും സഹകരണ ഉൽപ്പന്നങ്ങൾക്ക് സ്ഥിരം വിപണന കേന്ദ്രം തുറക്കുന്നതും പട്ടികയിലുണ്ട്. സഹകരണ സംഘങ്ങൾ 1000 ഏക്കർ തരിശുഭൂമിയിൽ കൃഷിയിറക്കും. ഈ വിളകൾക്ക് സ്ഥിരം വിപണന കേന്ദ്രങ്ങൾ സ്ഥാപിക്കും. സഹകരണ മേഖലയ്‌ക്ക് മാലിന്യ സംസ്‌കരണ നയവും നിയമാവലിയും രൂപീകരിക്കും. മാലിന്യ സംസ്‌കരണത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സംഘങ്ങൾ സഹകരിക്കും. സഹകരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ വീടുകളിൽ ഉറവിട മാലിന്യ സംസ്‌കരണ സംവിധാനമൊരുക്കാൻ പ്രത്യേക വായ്‌പാ പദ്ധതി തുടങ്ങും. സംഘങ്ങൾക്ക് സോളാർ പാനൽ സ്ഥാപിക്കാൻ സാമ്പത്തിക സഹായം ഉറപ്പാക്കും.
സംഘങ്ങൾ സംരഭകത്വത്തിലേക്ക് മാറ്റാൻ അപ്പക്‌സ് കൗൺസിൽ രൂപീകരിക്കും. മുതൽമുടക്കുകളിലെ പണനഷ്ടം ഒഴിവാക്കുകയാണ് ലക്ഷ്യം. സംഘങ്ങൾ ഏറ്റെടുക്കേണ്ട സംരംഭങ്ങളെക്കുറിച്ച് വിപണി പഠനത്തിലൂടെ അപ്പക്‌സ് കൗൺസിൽ നിർദേശങ്ങൾ നൽകും. പ്രാദേശികതലം മുതൽ സഹകരണ ആശുപത്രി സംവിധാനം ശക്തിപ്പെടുത്തി, പ്രവർത്തനം വിപുലീകരിക്കും. ജില്ലകളിൽ ഒരു സഹകരണ റഫറൽ ആശുപത്രിയെങ്കിലും ഉറപ്പാക്കും.