കൊച്ചി : പഴംതീനി വവ്വാല്‍തന്നെയാണ് നിപാ വൈറസ് ബാധയുടെ ഉറവിടമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. വൈറസ് ബാധയുണ്ടായ കോഴിക്കോട് പേരാമ്പ്രയില്‍നിന്ന് രണ്ടാംഘട്ടത്തില്‍ ശേഖരിച്ച സാമ്പിളുകളില്‍ നിന്നാണ് പരിശോധനാ ഫലം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സംഘമാണ് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.
ആദ്യഘട്ട പരിശോധനക്കായി പേരാമ്പ്രയിലെ ചങ്ങരോത്ത് നിന്ന് പിടികൂടിയ വവ്വാലുകള്‍ പഴംതീനി വവ്വാലുകള്‍ ആയിരുന്നില്ല. അതിനാലാണ് പരിശോധനാഫലം നെഗറ്റീവ് ആയത്. തുടര്‍ന്ന് വീണ്ടും സാമ്പിളുകള്‍ ശേഖരിക്കുകയായിരുന്നു. രണ്ടാംഘട്ടത്തില്‍ പിടികൂടിയ വവ്വാലുകളിലെ പഴംതീനി വവ്വാലുകളില്‍ നിപാ വൈറസ് കണ്ടെത്തുകയായിരുന്നു. കോഴിക്കോടും മലപ്പുറത്തുമായി 17 പേരാണ് നിപാ പനി ബാധിച്ച് മരിച്ചത്. നിപാ ബാധയെ പ്രതിരോധിക്കുന്നതില്‍ കേരളം അതീവജാഗ്രതയാണ് പുലര്‍ത്തിയത്. ജൂലൈ ഒന്നിന് മലപ്പുറവും കോഴിക്കോടും നിപാ വിമുക്ത ജില്ലകളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.