കൊളംബിയക്കുമേല്‍ ഇംഗ്ലണ്ട് ആധിപത്യം

റഷ്യ : ഫുട്‌ബോള്‍ യുദ്ധത്തില്‍ ഇംഗ്ലീഷുകാര്‍ കൊളംബിയയെ പരാജയപ്പെടുത്തി. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് തോല്‍പ്പിച്ച് ഇംഗ്ലണ്ട് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ലോകകപ്പില്‍ ആദ്യമായാണ് ഇംഗ്ലണ്ട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ജയിക്കുന്നത്. മുഴുവന്‍ സമയത്തും അധിക സമയത്തും ഇരുടീമുകളും 1-1 നു സമനില വഴങ്ങിയതിനെ തുടര്‍ന്നാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീങ്ങിയത്.

കൊളംബിയയ്ക്കു വേണ്ടി ഫല്‍കാവോ, ക്വഡ്രാഡോ, ലൂയിസ് മുറീല്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. ഇംഗ്ലണ്ടിനു വേണ്ടി ഹാരി കെയ്ന്‍, കെവിന്‍ റാഷ്‌ഫോഡ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഹെന്‍ഡേഴ്‌സണിന്റെ കിക്ക് ഗോള്‍ കീപ്പര്‍ ഡേവിസ് ഒസ്പിന തടുത്തു. കൊളംബിയയുടെ മാതിയാസ് ഉറിബെയുടെ ഷോട്ട് ക്രോസില്‍ തട്ടിമടങ്ങി. പിന്നാലെ ഇംഗ്ലണ്ടിന്റെ കീരണ്‍ ട്രിപ്പിയര്‍ ലക്ഷ്യം കണ്ടു. ബാക്കയുടെ കിക്ക് ഇംഗ്ലണ്ട് ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോഡ് തടുത്തു. അവസാന കിക്കെടുത്ത എറിക് ഡയര്‍ ലക്ഷ്യം കണ്ടതോടെ ഇംഗ്ലണ്ട് ക്വാര്‍ട്ടറിലേക്ക്. ശനിയാഴ്ച നടക്കുന്ന ക്വാര്‍ട്ടറില്‍ അവര്‍ സ്വീഡനെ നേരിടും.

57ാം മിനിട്ടില്‍ ഹാരി കെയ്ന്‍ നേടിയ ഗോളില്‍ ഇഞ്ചുറി ടൈം വരെ മുന്നിട്ടുനിന്ന ശേഷമാണ് ഇംഗ്ലണ്ട് സമനില വഴങ്ങിയത്. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിട്ടില്‍ വല കുലുക്കി യാറാ മിന ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ഡേവിസ് സാഞ്ചസ് എടുത്ത കോര്‍ണര്‍ കിക്കിനെ മിന തകര്‍പ്പന്‍ ഹെഡറിലൂടെ വലയിലാക്കി. പ്രതിരോധ താരം കീരന്‍ ട്രിപ്പിയറിനോ ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോഡിനോ അനങ്ങാനുള്ള അവസരം ലഭിച്ചില്ല. മിനയുടെ റഷ്യ ലോകകപ്പിലെ മൂന്നാം ഗോളായിരുന്നു അത്.ലോകകപ്പില്‍ നേടുന്ന ഏറ്റവും കൂടുതല്‍ ഗോളടിക്കുന്ന പ്രതിരോധ താരമെന്ന റെക്കോഡ് മിനയും ജര്‍മനിയുടെ പോള്‍ ബ്രെന്ററും  (1974) പങ്കുവച്ചു. സ്പാര്‍ടാക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ഒന്നാം പകുതി ഗോള്‍രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിലാണ് ഇരുടീമുകളും കാര്യമായ മുന്നേറ്റങ്ങള്‍ നടത്തിയത്. റഷ്യ ലോകകപ്പിലെ ആദ്യ ചുവപ്പ് കാര്‍ഡിന് ഉടമ കാര്‍ലോസ് സാഞ്ചസാണ് ഇന്നലെയും വില്ലനായത്.

മറ്റൊരു മത്സരത്തില്‍ സ്വീഡന്‍ ഏകപക്ഷീയമായ ഒരു ഗോളിന് സ്വിറ്റ്‌സര്‍ലാന്‍ഡിനെ മുട്ടുകുത്തിച്ചു. ക്വാട്ടര്‍ഫൈനലില്‍ സ്വീഡന്‍ ഇംഗ്ലണ്ടിനോട് ഏറ്റുമുട്ടും.

04-Jul-2018