തിരുവനന്തപുരം : ദേശീയ വികസന മുന്നണി അഥവാ നാഷണല്‍ ഡവലപ്‌മെന്റ് ഫ്രണ്ട് എന്ന പേരില്‍ 1993ല്‍ പ്രവര്‍ത്തനമാരംഭിച്ച എന്‍ ഡി എഫ് ഇസ്ലാമിക തീവ്രവാദത്തിന്റെ സ്വഭാവങ്ങള്‍ തുടക്കംമുതല്‍ തന്നെ പ്രകടിപ്പിച്ചിരുന്നു. കേരളത്തിലെ എന്‍ ഡി എഫും കര്‍ണാടകയിലെ കര്‍ണാടക ഫോറം ഫോര്‍ ഡിഗ്‌നിറ്റിയും തമിഴ്‌നാട്ടിലെ മനിത നീതി പാസറൈയും ചേര്‍ന്നാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന ദേശീയ സംഘടനയ്ക്ക് രൂപം നല്‍കിയത്. തുടക്കത്തില്‍ ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളില്‍ മാത്രം സ്വാധീനമുണ്ടായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഇപ്പോള്‍ ഉത്തരേന്ത്യയിലടക്കം പല സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ആന്ധ്രാപ്രദേശിലെ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്, ഗോവയിലെ സിറ്റിസണ്‍സ് ഫോറം, രാജസ്ഥാനിലെ കമ്മ്യൂണിറ്റി സോഷ്യല്‍ ആന്‍ഡ് എഡ്യൂക്കേഷണല്‍ സൊസൈറ്റി, പശ്ചിമബംഗാളിലെ നാഗരിക് അധികാര്‍ സുരക്ഷാസമിതി, മണിപ്പൂരിലെ ലൈലോങ് സോഷ്യല്‍ ഫോറം എന്നിവയും പോപ്പുലര്‍ ഫ്രണ്ടില്‍ ഉല്‍പ്പെട്ട സംഘടനകളാണ്.
പോപ്പുലര്‍ ഫ്രണ്ടിന്റെ ശ്രമഫലമായാണ് 2009ല്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ അഥവാ എസ് ഡി പി ഐ എന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കിയത്. പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ് ഡി പി ഐ യുടെയും പ്രമുഖരായ നേതാക്കളില്‍ പലരും നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ സിമിയുടെ മുന്‍കാല പ്രവര്‍ത്തകരാണെന്ന് പല മാധ്യമങ്ങളും നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്തായാലും ഇവരുടെ പ്രവര്‍ത്തന രീതി ചേര്‍ന്നുനില്‍ക്കുന്നത് ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീകരവാദ പ്രവര്‍ത്തനങ്ങളോടാണ്.
കേരളത്തില്‍ മാത്രം ഇസ്ലാമിക തീവ്രവാദത്തിന്റെ വക്താക്കളായ ഈ ശക്തികള്‍ 31 പേരെ കൊലപ്പെടുത്തിയിട്ടുണ്ട്. ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനമായ സിപിഐ എംനെയാണ് പ്രധാന എതിരാളികളായി ഇവര്‍ കാണുന്നത്. സിപിഐ എംന്റെ ഒമ്പത് പ്രവര്‍ത്തകരെ രാഷ്ട്രീയ വൈര്യത്തിന്റെ ഭാഗമായി കൊലപ്പെടുത്തിയിട്ടുണ്ട്.
കൊലപാതകമടക്കമുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കൃത്യമായ പരിശീലനം നല്‍കുകയും ഓരോ ജില്ലയിലും പ്രൊഫഷണല്‍ കൊലപാതക സംഘങ്ങളെ തീറ്റിപ്പോറ്റുവാനായി വിദേശത്തുനിന്നടക്കം ഫണ്ടിംഗ് സഹായവും ഈ സംഘടനകള്‍ക്ക് ലഭിക്കുന്നുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മറവില്‍ ഫാസിസ്റ്റ് പ്രവണതകള്‍ പുറത്തെടുക്കുന്ന ആര്‍ എസ് എസ് സംഘപരിവാര്‍ സംഘടനകളെ തങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് പോപ്പുലര്‍ ഫ്രണ്ട് അവകാശപ്പെടുന്നത്. ഫലത്തില്‍ രണ്ട് വര്‍ഗീയ തീവ്രവാദികളും പുരോഗമന പ്രസ്ഥാനത്തെയാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നത്. മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകത്തോടെ ഇസ്ലാമിക് ഭീകരവാദ സംഘടനകള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്.