സീരിയല്‍ നടിയും അമ്മയും സഹോദരിയും കള്ളനോട്ട് നിര്‍മാണത്തിന് അറസ്റ്റില്‍

കൊല്ലം : കട്ടപ്പന അണക്കരയില്‍ നടന്ന കള്ളനോട്ട് വേട്ടയുമായി ബന്ധപ്പെട്ട് കൊല്ലത്ത് പോലീസ് നടത്തിയ തിരച്ചിലില്‍ സീരിയല്‍ നടിയും അമ്മയും സഹോദരിയും അറസ്റ്റില്‍. കൊല്ലം തിരുമുല്ലവാരം മുളങ്കാടകത്ത് ഉഷസ് വീട്ടില്‍ രമാദേവി (56) മകളും സീരിയല്‍ നടിയുമായ സൂര്യ(36), ഇളയ മകള്‍ ശ്രുതി(29) എന്നിവരാണ് പിടിയിലായത്. കൊല്ലത്തുനിന്ന് കട്ടപ്പന സി.ഐ. വി.എസ്. അനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഞായറാഴ്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് പോലീസ് മൂന്നുപേരില്‍ നിന്നായി 2.19 ലക്ഷം രൂപയുടെ കള്ള നോട്ടുകള്‍ പിടിച്ചെടുത്തിരുന്നു. ഇവരെ പിന്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സീരിയല്‍ നടിയും കുടുംബവും പിടിയിലായത്. ഇവരുടെ മുളങ്കാടകത്തെ വീട്ടില്‍നിന്ന് 57 ലക്ഷം രൂപയുടെ കള്ളനോട്ടും അച്ചടിക്കുന്നതിനുള്ള സാമഗ്രികളും പിടിച്ചെടുത്തു.

വീടിന്റെ മുകള്‍ നിലയിലാണ് കള്ളനോട്ട് അച്ചടിച്ചിരുന്നത്. അച്ചടിയുടെ വിവിധ ഘട്ടങ്ങള്‍ പിന്നിട്ട 57 ലക്ഷം രൂപയുടെ നോട്ടുകളാണ് കണ്ടെടുത്തത്. 500, 200 രൂപാ നോട്ടുകളാണ് പിടിച്ചെടുത്തിട്ടുള്ളത്. പുലര്‍ച്ചെ മൂന്നുമണിക്ക് തുടങ്ങിയ പരിശോധന രാവിലെ പത്തുവരെ നീണ്ടു. ആറു മാസമായി ഈ വീട് കേന്ദ്രീകരിച്ച് കള്ളനോട്ടടി നടക്കുന്നതായി പൊലീസ് പറഞ്ഞു. നോട്ടടിക്കാന്‍ ആധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. അണക്കരയില്‍ പിടിയിലായ ലിയോ അഞ്ചുവര്‍ഷം മുന്‍പ് ആന്ധ്രയില്‍ നിന്ന് കള്ളനോട്ടടിക്കുന്ന യന്ത്രം വാങ്ങിയിരുന്നു. ഇതിലെ സാങ്കേതിക വിദ്യ കൂടുതല്‍ മെച്ചപ്പെടുത്തിയാണ് ഉപയോഗിച്ചിരുന്നത്. നോട്ടടിക്കാന്‍ ഹൈദരാബാദില്‍നിന്ന് ഗുണമേന്മയേറിയ പേപ്പറും പ്ലാസ്റ്റിക് ഷീറ്റും കൊണ്ടുവന്നിരുന്നു. വാട്ടര്‍മാര്‍ക്ക് ഉണ്ടാക്കുവാനും ആര്‍.ബി.ഐ. മുദ്ര രേഖപ്പെടുത്താനുമുള്ള യന്ത്രങ്ങളും കംപ്യൂട്ടറും പ്രിന്ററും കൊല്ലത്തെ വീട്ടില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. നിര്‍മിച്ച കള്ളനോട്ടുകള്‍ അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ മാത്രമേ തിരിച്ചറിയാനാകൂ.പെട്ടെന്ന്പണക്കാരാകാനുള്ള കുറുക്കുവഴിയായാണ് സീരിയല്‍ നടിയും കുടുംബവും കള്ളനോട്ടടിയെ കണ്ടതെന്ന് പോലീസ് പറഞ്ഞു. 

കേസുമായി ബന്ധപ്പെട്ട് പത്തിലധികംപേര്‍ നിരീക്ഷണത്തിലാണെന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാല്‍ പറഞ്ഞു. സംഘത്തിലെ കൂടുതല്‍പ്പേര്‍ കസ്റ്റഡിയിലുള്ളതായി സൂചനയുണ്ട്. ഇവരെ ചോദ്യംചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തും. കട്ടപ്പന ഡിവൈ.എസ്.പി. എന്‍.സി. രാജ്‌മോഹന്‍, സി.ഐ. മാരായ ഷിബുകുമാര്‍, ജയപ്രകാശ്, എസ്.ഐ. റെജി കുര്യന്‍, എ.എസ്.ഐ. ഷാജി എബ്രഹാം, സി.പി.ഒ.മാരായ കെ.ബി. ഷിനാസ്, രാഖി കെ. രഘു, സുമം എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ കുടുക്കിയത്.

04-Jul-2018