അഭിമന്യുവിനെ കുത്തിയ കത്തി, പ്രൊഫഷണല്‍ കൊലക്കത്തി.

എറണാകുളം : മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് പ്രത്യേകതരം കത്തി ഉപയോഗിച്ചാണെന്ന് വിദഗ്ധസംഘം. പ്രൊഫഷണല്‍ കൊലപാതകികളാണ് ഇത്തരം കത്തികള്‍ കൊലപാതകത്തിനായി ഉപയോഗിക്കാറ്. അഭിമന്യു തല്‍ക്ഷണം കൊല്ലപ്പെടാന്‍ ഇടയാക്കിയ ആഴത്തിലുള്ള മുറിവ് പ്രൊഫഷനല്‍ കൊലയാളിയുടെ കുത്തിലൂടെ സംഭവിച്ചതാണെന്നും ഫൊറന്‍സിക് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ക്യാമ്പസുകളില്‍ ഉണ്ടാവുന്ന സംഘര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായി നേരത്തെ തന്നെ ഗൂഡാലോചന നടത്തി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതക ശ്രമമാണ് അഭിമന്യുവും സുഹൃത്ത് അര്‍ജുനും നേരെയുണ്ടായതെന്ന് സൂചിപ്പിക്കുന്നതാണ് ഇരുവരുടെയും പരുക്കുകള്‍. കൊലപാചകം നടത്താന്‍ പരിശീലനം ലഭിച്ചവര്‍ക്ക് മാത്രമേ ഇത്തരത്തിലുള്ള മുറിവുകളുണ്ടാക്കാന്‍ സാധിക്കുകയുള്ളു. 

അഭിമന്യു മരിക്കാന്‍ ഇടയാക്കിയ കുത്ത് അങ്ങേയറ്റം മാരകമാണ്. കൊലപാതകത്തിനുവേണ്ടി മാത്രം രൂപപ്പെടുത്തിയ തരം കത്തിയാണ് കൊലയാളി സംഘം ഉപയോഗിച്ചത്. ആന്തരികാവയവങ്ങള്‍ക്കു മാരക മുറിവേല്‍പിച്ചു വലിയ തോതില്‍ രക്തസ്രാവത്തിന് ഇതിന്റെ പ്രയോഗത്തിലൂടെ വഴിയൊരുക്കും. ഹൃദയത്തിനു നേരിട്ടു മുറിവേല്‍ക്കുന്ന സ്ഥാനത്താണു കൊലയാളി കുത്തിയത്. ഇരയെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനല്ല, മരണം ഉറപ്പാക്കാനാണ് ഇത്തരം ആക്രമണം. കൊലയാളിയുടെ ആദ്യ ആക്രമണമല്ല ഇതെന്നാണു കുത്തിന്റെ സ്ഥാനവും കൃത്യതയും സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. അഭിമന്യുവിനൊപ്പം കുത്തേറ്റ അര്‍ജ്ജുനിനും ഇതേ സ്ഥലത്ത് തന്നെയാണ് കുത്തേറ്റിരിക്കുന്നത്. ഒരു സംഘം കൊലയാളികള്‍ കൂട്ടക്കൊല നടത്താനായി മഹാരാജാസില്‍ വന്നെന്നാണ് ഇതിലൂടെ മനസിലാക്കാന്‍ സാധിക്കുന്നത്.

കേസിലെ പ്രതികളായ പത്തനംതിട്ട മല്ലപ്പള്ളി ഫറൂഖ് , കോട്ടയം കറുകച്ചാല്‍ കങ്ങഴ ബിലാല്‍, ഫോര്‍ട്ടുകൊച്ചി സ്വദേശി റിയാസ് എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കൂട്ടുപ്രതികളായ ഒന്‍പതു പേരെ കണ്ടെത്താന്‍ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇസ്ലാമിക തീവ്രവാദികളായ കൊലയാളി സംഘം നഗരത്തില്‍ തമ്പടിച്ച ലോഡ്ജ് കണ്ടെത്താന്‍ പൊലീസ് ശ്രമിക്കുന്നുണ്ട്. പൊലീസിന്റെ ചോദ്യംചെയ്യല്‍ നേരിടാന്‍ പരിശീലനം ലഭിച്ചവരുടെ രീതിയിലാണ് അറസ്റ്റിലായവരുടെ പെരുമാറ്റം. എറണാകുളം മജിസ്‌ട്രേട്ട് കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.

04-Jul-2018