കേരള നേതാക്കളെ വെട്ടി അമിത് ഷാ

തിരുവനന്തപുരം: കേരളത്തിലെ ബി ജെ പി നേതാക്കളെ വിശ്വാസമില്ലാത്തതിനാല്‍ വിജയ സാധ്യതയുണ്ടെന്ന് പരിഗണിക്കുന്ന പതിനൊന്ന് ലോകസഭാ മണ്ഡലങ്ങളുടെ ചുമതല കേന്ദ്ര നേതാക്കള്‍ക്ക് നല്‍കി. വടക്കന്‍ മണ്ഡലങ്ങളായ കാസര്‍കോട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, ചാലക്കുടി എന്നിവിടങ്ങളില്‍ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് ചുമതല നല്‍കിയിരിക്കുന്നത്. ബി ജെ പിക്ക് ഏക നിയമസഭാ സാമാജികനുള്ള തിരുവനന്തപുരം, ആറ്റിങ്ങല്‍, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളുടെ ചുമതല കര്‍ണാടക എംപി നളിന്‍ കുമാറിനും നല്‍കി. ബാക്കിയുള്ള മണ്ഡലങ്ങള്‍ കേരളത്തിലുള്ളവര്‍ വീതിച്ചെടുക്കാന്‍ നര്‍ദേശിച്ച് ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരള ഘടകത്തെ ആക്ഷേപിച്ചു. സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളുടേയും മേല്‍നോട്ടത്തിന്റെ ചുമതല ദേശീയ ജനറല്‍ സെക്രട്ടറി പി മുരളീധരറാവുവിന് ആയിരിക്കും.

വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിക്കാന്‍ സാധ്യതയുള്ള 11 മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുവാനായി നിര്‍ദ്ദേശിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മണ്ഡലങ്ങളില്‍ ചുമതലയില്ലാത്തുകൊണ്ട് സഹകരിക്കാതെ ഇരിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കി. സംസ്ഥാനത്ത് അനുകൂല ഘടകങ്ങള്‍ ഏറെയുണ്ടായിട്ടും ഒരടി പോലും മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കുന്നത് ഇവിടുത്തെ നേതൃത്വമാണെന്നും ഷാ കുറ്റപ്പെടുത്തി.

ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ തിരുവനന്തപുരത്ത് കൂടിയ കോര്‍ കമ്മിറ്റി യോഗത്തിലാണ് സംസ്ഥാഘടകത്തെ രൂക്ഷമായി വിമര്‍ശിച്ച് അമിത് ഷാ പൊട്ടിത്തെറിച്ചത്. ഒരു നേതാവ് പോലും ദേശീയ അധ്യക്ഷനോട് മറുത്തൊന്നും പറഞ്ഞില്ല. സംസ്ഥാനത്ത് മികവൊന്നും ഉണ്ടാക്കിയില്ലെങ്കിലും കേരള്തതിലെ പാര്‍ട്ടി നേതാക്കള്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ പാര്‍ട്ടി നല്‍കി. അതിനെ പ്രയോജനപ്പെടുത്താതെ വിവാദം ഉണ്ടാക്കാനാണ് എല്ലാവരും ശ്രമിക്കുന്നതെന്ന് കുമ്മനത്തിന്റെ ഗവര്‍ണര്‍ പദവിയും വി മുരളീധരന്റെ രാജ്യസഭാ സീറ്റും ചൂണ്ടിക്കാണിച്ച് അമിത് ഷാ വിമര്‍ശിച്ചു. ബി ഡി ജെ എസ് നേതൃത്വം അമിത് ഷായെ കാണാന്‍ സമയം ചോദിച്ചെങ്കിലും അവര്‍ക്ക് സമയം നല്‍കാന്‍ ബി ജെ പി ദേശീയ പ്രസിഡന്റ് തയ്യാറായില്ല.

04-Jul-2018