അഭിമന്യു വധം ഗൂഡാലോചന നടന്നെന്ന് ഡി ജി പി

തിരുവനന്തപുരം : മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. കുത്തിയ വ്യക്തിയെ തിരിച്ചറിഞ്ഞു. കൊലയാളി സംഘത്തെ മുഴുവന്‍ പിടികൂടാനുള്ള നീക്കം പോലീസ് ശക്തമാക്കി. കൊലപാതകത്തില്‍ എസ് ഡി പി ഐ, കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരായ നാലു പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് ഡി ജി പി വ്യക്തമാക്കി.

കൊലപാതകത്തില്‍ ഗൂഡാലോചന ഉണ്ടെന്നും നിയമോപദേശം തേടുമെന്നും ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും ക്യാമ്പസ് ഫ്രണ്ട് പ്രസിഡന്റുമായ മുഹമ്മദ് എന്ന വിദ്യാര്‍ത്ഥിയാണ് കേസിലെ പ്രധാനപ്രതി. ഒളിവില്‍ പോയിരിക്കുന്ന ഇയാള്‍ക്ക് വേണ്ടി പോലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കി. മുഹമ്മദ് സംസ്ഥാനം വിടാതിരിക്കാനുള്ള വലിയ പ്രവര്‍ത്തനമാണ് പോലീസ് നടത്തിയിരിക്കുന്നത്. പ്രതികളില്‍ രണ്ടു മുഹമ്മദുമാര്‍ ഉണ്ടെന്നും പോലീസ് പറഞ്ഞു. മഹാരാജാസില്‍ പഠിക്കുന്ന പ്രധാന പ്രതിയെ കൂടാതെ ക്യാമ്പസിന് പുറത്ത് മറ്റൊരു മുഹമ്മദ് കൂടിയുണ്ടെന്ന് പോലീസ് കണ്ടെത്തി. കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷണ സംഘവുമായി ചര്‍ച്ച ചെയ്ത ശേഷം വെളിപ്പെടുത്തുമെന്ന് ഡി ജി പി പറഞ്ഞു.

05-Jul-2018