തരൂരിന് മുന്‍‌കൂര്‍ ജാമ്യം

ന്യൂഡല്‍ഹി : മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ എം പിക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തരൂരിന്റെ ഭാര്യയായിരുന്ന സുനന്ദ പുഷ്‌കറുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിലാണ് തരൂരിന് രാജ്യം വിട്ടുപോകാന്‍ പാടില്ല എന്നതുള്‍പ്പെടെ ഉപാധികളോടെയാണ് പട്യാല കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. ജാമ്യത്തിനായി ഒരു ലക്ഷം രൂപയുടെ ബോണ്ട് ശശി തരൂര്‍ കോടതിയില്‍ കെട്ടിവയ്ക്കണം.

ശശിതൂരിന് അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. ശനിയാഴ്ചയ്ക്കകം ഹാജരാകണമെന്നാണ് നിര്‍ദേശം. ഇതേതുടര്‍ന്നാണ് ശശി തരൂര്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. തനിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ അസംബന്ധവും അടിസ്ഥാന രഹിതവുമാണെന്നാണ് ശശി തരൂരിന്റെ നിലപാട്. താന്‍ നിരപരാധിയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ തരൂരിനെതിരായ കുറ്റപത്രത്തില്‍ മതിയായ തെളിവുകളുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. ആത്മഹത്യ പ്രേരണ, ക്രൂരമായ പെരുമാറ്റം തുടങ്ങിയ കുറ്റങ്ങളാണ് 3000 പേജ് വരുന്ന കുറ്റപത്രത്തില്‍ തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. തരൂരിനെ മാത്രമാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്.

ശശിതരൂരിന്റെയും സുനന്ദയുടെയും വീട്ടുജോലിക്കാരനായിരുന്ന നാരായണ്‍ സിംഗാണ് കേസിലെ മുഖ്യസാക്ഷി. 2014 ജനുവരി ഏഴിനാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ സുനന്ദ പുഷ്‌കറെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

05-Jul-2018