എറണാകുളം : ദാസ്യപ്പണി വിവാദത്തില്‍ എ ഡി ജി പി സുദേഷ് കുമാറിന് വീണ്ടും തിരിച്ചടി. പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ച സംഭവത്തില്‍ എ ഡി ജി പിയുടെ മകളുടെ അറസ്റ്റ് തടയാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. കോടതിയുടെ ഭാഗത്തുനിന്നുള്ള സംരക്ഷണം ആവശ്യമുള്ള ആളല്ല എ ഡി ജി പിയുടെ മകള്‍. അറസ്റ്റിനെ ഹര്‍ജിക്കാരി ഭയക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചത്. നിരപരാധിയാണെന്നും ഇരയായ തന്നെയാണ് കേസില്‍ പ്രതിയാക്കിയിരിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. തുടര്‍ നടപടികള്‍ റദ്ദാക്കണമെന്നാണ് ആവശ്യം.
ഔദ്യോഗിക വാഹനം ഓടിക്കുന്നതില്‍നിന്ന് പിന്മാറണമെന്ന് ഗവാസ്‌കറോടു ജൂണ്‍ 13ന് സുദേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. എന്നാല്‍ ഗവാസ്‌കര്‍ തന്നെ വാഹനവുമായി എത്തുകയായിരുന്നു. ഈ വിഷയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തര്‍ക്കത്തിന് ഇടയാക്കിയതായി ഹര്‍ജിയില്‍ ആരോപിക്കുന്നു. സംഭവ ദിവസം മ്യൂസിയം ഭാഗത്തു തങ്ങളെ ഇറക്കിയശേഷം സുദേഷ് കുമാറിന്റെ ഓഫീസിലേക്ക് പൊയ്‌ക്കൊള്ളാന്‍ ഗവാസ്‌കറിനോടു പറഞ്ഞിരുന്നു. എന്നാല്‍ വ്യായാമം കഴിഞ്ഞു മടങ്ങിവന്നപ്പോഴും ഗവാസ്‌കര്‍ അവിടെയുണ്ടായിരുന്നു. എന്തുകൊണ്ടു മടങ്ങിപ്പോയില്ലെന്നു ചോദിച്ചപ്പോള്‍ ഗവാസ്‌കര്‍ ക്ഷോഭിച്ചു സംസാരിച്ചു. ഗവാസ്‌കറിന്റെ ഭാഗത്തുനിന്നാണ് മോശം പെരുമാറ്റം ഉണ്ടായത്. ജാതിപ്പേരു വിളിച്ചു അപമാനിച്ചെന്നും ഹര്‍ജിയില്‍ പറയുന്നു.
ജൂണ്‍ 14നാണ് എ ഡി ജി പിയുടെ മകള്‍ മര്‍ദിച്ചുവെന്നു ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍ പൊലീസില്‍ പരാതി നല്‍കിയത്. കനകക്കുന്നില്‍ പ്രഭാത നടത്തത്തിനായി എ!ഡിജിപിയുടെ ഭാര്യയെയും മകളെയും കൊണ്ടുപോയിരുന്നുവെന്നും അവിടെവച്ച് മകള്‍ മര്‍ദിച്ചുവെന്നുമാണ് ഗവാസ്‌കറുടെ പരാതി. എ ഡി ജി പിയുടെ മകള്‍ നല്‍കിയ പരാതിയില്‍ അറസ്റ്റു തടയണമെന്ന ഗവാസ്‌കറുടെ ആവശ്യം കഴിഞ്ഞ ദിവസം കോടതി അംഗീകരിച്ചിരുന്നു.
അറസ്റ്റ് തടയണമെന്ന എ ഡി ജി പിയുടെ മകളുടെ ആവശ്യത്തെ സര്‍ക്കാര്‍ നേരത്തെ എതിര്‍ത്തിരുന്നു. പോലീസിന്റെ ഔദ്യോഗിക വാഹനത്തിന്റെ വാതില്‍ തുറന്ന് ഫോണ്‍ എടുക്കുന്നതിനിടെയാണ് എ ഡി ജി പിയുടെ മകള്‍ ഫോണ്‍കൊണ്ട് ഗവാസ്‌കറുടെ കഴുത്തില്‍ മര്‍ദ്ദിച്ചതെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എ ഡി ജി പിയുടെ മകള്‍ക്കെതിരായ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ആവശ്യം വ്യാഴാഴ്ച കോടതി പരിഗണിക്കും.