പറപ്പൂര്‍ പഞ്ചായത്ത് ഭരണം സിപിഐ എം എസ് ഡി പി ഐ സഖ്യമല്ല

മലപ്പുറം : എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ വധത്തെ തുടര്‍ന്ന്, സിപിഐ എം എസ് ഡി പി ഐ സഖ്യമാണ് മലപ്പുറം ജില്ലയിലെ പറപ്പൂര്‍ പഞ്ചായത്തില്‍ ഭരണം നടത്തുന്നതെന്ന മുസ്ലീംലീഗ് പ്രവര്‍ത്തകരുടെയും ആര്‍ എസ് എസ് പ്രവര്‍ത്തകരുടെയും സോഷ്യല്‍മീഡിയ വഴിയുള്ള പ്രചരണം യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ലെന്ന വസ്തുതകള്‍ പുറത്തുവന്നു. പറപ്പൂര്‍ പഞ്ചായത്തില്‍ ഭരണം നടത്തുന്നത് ജനകീയ മുന്നണിയാണ്. എസ് ഡി പി ഐയെ കൂട്ടുപിടിച്ച് സിപിഐ എം അവിടെ ഭരണം നടത്തുന്നില്ല. നേരത്തെ മുസ്ലീംലീഗ് ഇത്തരം നുണപ്രചാരണം നടത്തിയപ്പോള്‍ ജനകീയ മുന്നണിയിലെ പഞ്ചായത്തംഗങ്ങള്‍തന്നെ വിശദീകരണവുമായി രംഗത്തുവന്നിരിന്നു.

പറപ്പൂര്‍ പഞ്ചായത്തില്‍ വര്‍ഷങ്ങളോളം ഭരണം നടത്തിയ ലീഗിന്റെ തന്‍പ്രമാണിത്തവും അവിടെ യു ഡി എഫിലെ പ്രമുഖ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ അവഗണിച്ചതുമാണ് ജനകീയ മുന്നണി എന്ന സംവിധാനമുണ്ടാകാന്‍ കാരണമായതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് പറപ്പൂരില്‍ ജനകീയ മുന്നണി വരുന്നത്. 15 വര്‍ഷത്തോളം ലീഗ് പഞ്ചായത്ത് ഭരിച്ചിട്ടും പഞ്ചായത്തിന്റെ വികസന പിന്നോക്കാവസ്ഥയായിരുന്നു ഇതിന് പ്രധാനമായും കാരണമായത്. 2000 മുതല്‍ 2015 വരെ പഞ്ചായത്തില്‍ മുസ്‌ളിംലീഗും കോണ്‍ഗ്രസും ഉള്‍പെട്ട യു ഡി എഫ് ആണ് ഭരിച്ചത്. എന്നാല്‍, ജനകീയ മുന്നണി രൂപീകരിച്ച് നടത്തിയ തെരഞ്ഞെടുപ്പില്‍ 19 വാര്‍ഡില്‍ 12 എണ്ണത്തിലും വിജയിച്ച് മുന്നണി അധികാരത്തിലെത്തുകയും ചെയ്തു. യു ഡി എഫില്‍ മുസ്‌ളിംലീഗ് ആറ് വാര്‍ഡിലും കോണ്‍ഗ്രസ് ഒരു വാര്‍ഡിലുമാണ് ജയിച്ചത്.

16 സീറ്റിലാണ് ലീഗ് മത്സരിച്ചത്. നേരത്തെ ഏഴ് വാര്‍ഡില്‍ മത്സരിച്ച കോണ്‍ഗ്രസിന് മൂന്ന് വാര്‍ഡ് മാത്രമാണ് ലീഗ് അനുവദിച്ചത്. ഒന്ന്, ഏഴ്, 18 വാര്‍ഡുകള്‍. ഇതില്‍ 18ാം വാര്‍ഡില്‍ മാത്രമാണ് കോണ്‍ഗ്രസ് ജയിച്ചത്. അതും രണ്ട് വോട്ടിന്. ഇവിടെ ലീഗ്പാലം വലിക്കുകയായിരുന്നു. മറ്റ് രണ്ടിടത്തും ജനകീയ മുന്നണി ജയിച്ചു. കോണ്‍ഗ്രസ് മത്സരിച്ചിരുന്ന നാല്, ഒമ്പത്, 12, 17 വാര്‍ഡുകളാണ് ലീഗ് പിടിച്ചെടുത്തത്. ഇതില്‍ 12 മാത്രമാണ് ലീഗ് ജയിച്ചത്. നേരത്തെ 19 വാര്‍ഡില്‍ 13ലും ലീഗാണ് ജയിച്ചിരുന്നത്. ബാക്കി അഞ്ച് വാര്‍ഡില്‍ കോണ്‍ഗ്രസും ഒരിടത്ത് സ്വതന്ത്രനും ജയിച്ചു. തെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റ് പോലും കോണ്‍ഗ്രസിന് നല്‍കാന്‍ ലീഗ് വിസമ്മതിച്ചു. തെരഞ്ഞെടുപ്പില്‍ 275 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലീഗ് അടക്കിവച്ചിരുന്ന വാര്‍ഡുകളില്‍ ജനകീയ മുന്നണി വിജയം നേടിയത്. ഒമ്പതാം വാര്‍ഡിലായിരുന്നു ഉയര്‍ന്ന ഭൂരിപക്ഷംമായ 275 വോട്ട്. 13ല്‍ 235 വോട്ടാണ് ലീഗിനേക്കാള്‍ കൂടുതല്‍ കിട്ടിയത്.

2000-2015 മുസ്‌ളിംലീഗ് നേതൃത്വത്തിലായിരുന്നു പറപ്പൂര്‍ പഞ്ചായത്ത് ഭരണം. 2005-2010 ഒ കെ അബ്ദുള്‍ ഗനി അനീസും 2015 വരെ പി ടി ആരിഫയുമായിരുന്നു പ്രസിഡന്റുമാര്‍. 1995-2000 വരെ ഇപ്പോഴത്തേതിന് സമാനമായ ജനകീയ മുന്നണിയായിരുന്നു ഭരണത്തില്‍. 1995 വരെ കോണ്‍ഗ്രസ് ഭരണത്തിലായിരുന്ന പഞ്ചായത്ത് ക്രമേണ കോണ്‍ഗ്രസില്‍നിന്ന് ലീഗ് പിടിച്ചെടുക്കുകയായിരുന്നു. ഇതിന്റെ അമര്‍ഷമാണ് ജനകീയ മുന്നണി രൂപീകരണത്തിലേക്ക് എത്തിച്ചത്. എന്നാല്‍, വര്‍ഷങ്ങളായി തുടരുന്ന ജനകീയ മുന്നണി തങ്ങളുടെ കാല്‍ക്കീഴിലെ മണ്ണ് കൊണ്ടുപോകുന്നതായുള്ള അറിവാണ്  ലീഗിന്റെ വെപ്രാളത്തിനും നുണ പ്രചരണത്തിനും കാരണം. പഞ്ചായത്തില്‍ പുതിയ മുന്നണെയെന്ന രൂപത്തിലാണ് ലീഗിന്റെ നുണപ്രചാരണം. ്ആ നുണയാണ് ആര്‍ എസ് എസ് ഏറ്റുപിടിക്കുന്നത്.

മുസ്‌ളിംലീഗിന്റെ ധിക്കാരപര നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസില്‍ നിന്ന്  ഒരു വിഭാഗം പ്രവര്‍ത്തകര്‍ യു ഡി എഫ് വിട്ടുവന്നപ്പോള്‍ അവരെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കുകയായിരുന്നു. അവരും സിപിഐ എമ്മുമായി ചേര്‍ന്ന് ജനകീയ മുന്നണിയായി 19 വാര്‍ഡിലും ഒരു പൊതുസ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുകയാണ് ചെയ്തത്. ഇവര്‍ സത്യപ്രതിജ്ഞക്കുശേഷം രഷ്ട്രീയബന്ധം കാണിച്ച് കൊടുത്ത സത്യപ്രസ്താവനയിലും ജനകീയ മുന്നണി സ്വതന്ത്രന്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അല്ലാതെ സിപിഐ എം എന്നോ, മറ്റേതെങ്കിലും രാഷ്ട്രീയ പാര്‍ടിയുടെ പേരോ സത്യപ്രസ്താവനയില്‍ ഇല്ല. 2016 മെയ് മാസത്തില്‍ യു ഡി എഫിന്റെ നേതൃത്വത്തില്‍ ജനകീയ മുന്നണി ബന്ധം തകര്‍ത്ത് യു ഡി എഫ് ബന്ധം പുനഃസ്ഥാപിക്കാന്‍ തീവ്ര പരിശ്രമമുണ്ടായി. അന്ന് അത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ജനകീയ മുന്നണിയുടെ 12 മെമ്പര്‍മാരും യോഗം ചേര്‍ന്ന് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് മാധ്യമങ്ങള്‍ക്ക് പത്രപ്രസ്താവന നല്‍കുകയുണ്ടായി. ആ പ്രസ്താവനയില്‍ ഞങ്ങള്‍ 12 പേരും ജനകീയ മുന്നണി സ്വതന്ത്രന്മാരാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ജനകീയ മുന്നണി മെമ്പര്‍മാരില്‍ ആരുംതന്നെ എസ് ഡി പി ഐ, പി ഡി പി, വെല്‍ഫെയര്‍ പാര്‍ടി എന്നിവയുമായി ബന്ധപ്പെട്ടവരല്ലെന്നും അതില്‍ വ്യക്തമാക്കുന്നുണ്ടായിരുന്നു. യു ഡി എഫിന്റെയും മുസ്‌ളിംലീഗിന്റെയും വര്‍ഷങ്ങളായി തുടരുന്ന അപവാദ പ്രചാരണമാണ് പോപ്പുലര്‍ഫ്രണ്ട്-എസ് ഡി പി ഐ- ക്യാമ്പസ് ഫ്രണ്ട് തീവ്രവാദികള്‍ അഭിമന്യുവിനെ നിഷ്ഠൂരമായി കുത്തിക്കൊന്ന സമയത്ത് നിക്ഷിപ്ത താല്‍പ്പര്യത്തോടെ പുറത്തെടുക്കുന്നത്. സിപിഐ എംനെ അടിക്കാനുള്ള വടിയായതിനാല്‍ ആര്‍ എസ് എസ് സംഘപരിവാരവും മുസ്ലീംലീഗും ഒരുമിച്ച് നുണ പ്രചരിപ്പിക്കുകയാണ്.




05-Jul-2018