കേരളത്തിൽ പുതിയ ആശുപത്രി സംരക്ഷണ നിയമ പരിഷ്കരണം

ആരോഗ്യ പ്രവർത്തകർക്കെതിരായ വാക്കുകൾ കൊണ്ടുള്ള അധിക്ഷേപവും അസഭ്യവും വരെ ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെടുത്താൻ ഓർഡിനൻസ്. അതിക്രമങ്ങളിൽ ശിക്ഷ 7 വർഷം വരെയാക്കി വർധിപ്പിച്ചും, ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ സമയപരിധി നിശ്ചയിച്ചുമാണ് ഓർഡിനൻസ് ഒരുങ്ങുന്നത്.

സുരക്ഷാ ജീവനക്കാർ, ക്ലറിക്കൽ ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവരെ വരെ നിയമപരിരക്ഷയിൽ ഉൾപെടുത്താൻ ആവശ്യം ഉയർന്നിരുന്നു. ഇവരിൽ, ആശുപത്രികളിലെ സുരക്ഷാ ജീവനക്കാരെയും പരിശീലനത്തിന് എത്തുന്നവരെയും ആശുപത്രി സംരക്ഷണ നിയമത്തിന്റെ പരിധിയിലേക്ക് ചേർക്കാനാണ് ആലോചന.

അതിക്രമങ്ങൾക്ക് പരമാവധി ശിക്ഷ മൂന്നിൽ നിന്ന് 7 വർഷമാക്കും. കുറഞ്ഞ ശിക്ഷ 6 മാസമാക്കും. അന്വേഷണം നടത്തി വിചാരണ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. ഉപകരണങ്ങൾ നശിപ്പിച്ചാൽ വിലയുടെ ആറിരട്ടി വരെ നഷ്ടപരിഹാരം എന്നതിലും അന്തിമ ചർച്ചകൾ നടക്കുകയാണ്. നിയമവകുപ്പിന്റെ പരിശോധന കൂടിയാണ് പൂർത്തിയാകാനുള്ളത്.

15-May-2023