കർണാടകയിൽ ആര് മുഖ്യമന്ത്രി ആകണമെന്നതിൽ നിരീക്ഷകരുമായുള്ള ഹൈക്കമാൻഡ് ചർച്ച അവസാനിച്ചു. സംസ്ഥാന നിരീക്ഷകർ റിപ്പോർട്ട് സമർപ്പിച്ചെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല പ്രതികരിച്ചു. വിഷയത്തിൽ സമവായം കണ്ടെത്തിയശേഷം കോൺഗ്രസ് അധ്യക്ഷൻ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
ഹൈക്കമാൻഡിന്‍റെ നേതൃത്വത്തിൽ ഇന്നും ചർച്ച തുടർന്നേക്കും. സുശീൽകുമാർ ഷിൻഡെ, ജിതേന്ദ്ര സിങ്, ദീപക് ബാബറിയ എന്നിവരുമായി എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ കൂടിക്കാഴ്ച നടത്തിയിരുന്നു. എഐസിസി ജനറൽ സെക്രട്ടറിമാരായ കെ സി വേണുഗോപാൽ, രൺദീപ് സിങ് സുർജേവാല എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
അതേസമയം, മുഖ്യമന്ത്രി വിഷയത്തിൽ കടുത്ത അതൃപ്തിയിലാണെങ്കിലും വിമത നീക്കങ്ങൾക്ക് ഇല്ലെന്ന് ഡികെ ശിവകുമാർ വ്യക്തമാക്കുന്നുണ്ട്. ഇന്ന് ഡൽഹിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇന്നലത്തെ യാത്ര അദ്ദേഹം റദ്ദാക്കിയത്. തലസ്ഥാനത്ത് എത്തിയ ശേഷം ഹൈക്കമാൻഡുമായി അദ്ദേഹം ചർച്ച നടത്തിയേക്കും.
അതേസമയം കർണാടകയിലെ 136 കോൺഗ്രസ് എംഎൽഎമാരിൽ 85 എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്കാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 45 പേരാണ് ഡികെ ശിവകുമാറിനെ പിന്തുണക്കുന്നത്. ആറ് അംഗങ്ങൾ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കട്ടെ എന്ന നിലപാടിലാണ്.