സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാമെന്ന് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ഓണ്‍ലൈനായി സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്തണമെന്ന വധൂവരന്മാരുടെ ആവശ്യം നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കി 2021 സെപ്റ്റംബര്‍ ഒമ്പതിന് പുറപ്പെടുവിച്ച ഉത്തരവ് അന്തിമമാക്കിയാണ് ഹൈക്കോടതി ഉത്തരവ്.
ഓണ്‍ലൈന്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇടക്കാല ഉത്തരവില്‍ നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. 2000-ല്‍ നിലവില്‍വന്ന ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമം കണക്കിലെടുത്തു കൊണ്ടായിരിക്കണം സ്പെഷ്യല്‍ മാരേജ് ആക്ടിനെ സമീപിക്കേണ്ടതെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. ഐടി നിയമത്തിലെ വകുപ്പ് ആറ് ഇലക്ട്രോണിക് രേഖകള്‍ ഉപയോഗിക്കുന്നത് അംഗീകരിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഓണ്‍ലൈന്‍ വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനിയായ ധന്യ മാര്‍ട്ടിന്‍ നല്‍കിയ ഹര്‍ജിയില്‍ ഇത്തരം വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പ്രശ്‌നമില്ലെന്ന് 2021ല്‍ ജസ്റ്റിസ് പി ബി സുരേഷ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സമാന ഹര്‍ജികള്‍ മറ്റൊരു ബെഞ്ച് നിരസിച്ചതിനെത്തുടര്‍ന്നാണ് ഈ ഹര്‍ജി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടത്.
ഹര്‍ജിയില്‍ വധൂവരന്മാര്‍ ഓണ്‍ലൈനില്‍ ഹാജരായാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തുനല്‍കാന്‍ വിവാഹ രജിസ്‌ട്രേഷന്‍ ഓഫിസര്‍ക്ക് ഇടക്കാല ഉത്തരവിലൂടെ ഡിവിഷന്‍ ബെഞ്ച് ഇടക്കാല നിര്‍ദേശം നല്‍കുകയായിരുന്നു. ഈ ഉത്തരവാണ് അന്തിമമാക്കിയത്.
സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം കല്യാണം കഴിക്കാന്‍ വധൂവരന്മാര്‍ മാരേജ് ഓഫീസര്‍ മുമ്പാകെ ഹാജരാകണമെന്നായിരുന്നു വ്യവസ്ഥ. കൊവിഡ് വ്യാപകമായതോടെ ഇതില്‍ ഇളവുതേടി ഒട്ടേറെ ഹര്‍ജികള്‍ ഹൈക്കോടതിയിലെത്തിയിരുന്നു. ഇതിന് തുടര്‍ച്ചയായാണ് 2021-ല്‍ ഈ വ്യവസ്ഥയില്‍ ഇളവുനല്‍കി ഓണ്‍ലൈന്‍ വഴി വിവാഹം നടത്താന്‍ അനുമതി നല്‍കിയത്.