കാനറികള്‍ക്ക് കാലിടറി

റഷ്യ : കാനറികള്‍ക്ക് കാലിടറിയ രാത്രിയും കടന്ന് ലോകകപ്പ് ഫൈനലിലേക്ക് കരുത്തന്‍മാര്‍ മുന്നേറുകയാണ്. അര്‍ജന്റീനയ്ക്കും ജര്‍മനിക്കും സ്‌പെയിനിനും പോര്‍ച്ചുഗലിനും പിന്നാലെ മഞ്ഞപ്പടയും മഞ്ഞുകൊള്ളാതെ നാട്ടിലേക്ക് മടങ്ങുന്നു. ഇനി 2018 ഫുട്‌ബോള്‍ ലോകകപ്പില്‍ ഓള്‍ യൂറോപ്പ് ഫൈനല്‍. അഞ്ചു ലോകകപ്പുകളുടെ പെരുമയുമായെത്തിയ കാനറികളെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് കണ്ടംവഴി ഓടിച്ച ബെല്‍ജിയം ജൂലൈ 10ന് നടക്കുന്ന ആദ്യ സെമിഫൈനലില്‍ ഫ്രാന്‍സിനെ നേരിടും.

ഇന്നലെ കസാന്‍ അരിനയില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയിലെ മിന്നുന്ന ആക്രമണ ഫുട്‌ബോളിന്റെ പിന്‍ബലത്തിലാണ് ബെല്‍ജിയം സെമിഫൈനലിന് ടിക്കറ്റ് എടുത്തത്. ബ്രസീല്‍ താരം ഫെര്‍ണാണ്ടീഞ്ഞോ വഴങ്ങിയ സെല്‍ഫ് ഗോളില്‍ മുന്നിലെത്തിയ യൂറോപ്യന്‍ ടീമിനെതിരേ ബ്രസീല്‍ അമ്പേ ചൂളി. മത്സരത്തിന്റെ 13ാം മിനിറ്റില്‍ ഡി ബ്രുയിനെടുത്ത കോര്‍ണര്‍ കിക്കില്‍ തലവെച്ച മുന്‍ നായകന്‍ വിന്‍സെന്റ് കൊംപനി ഗോളിലേക്ക് പന്ത് തിരിച്ചുവിട്ടു. അത് തടയാന്‍ ഉയര്‍ന്നു ചാടിയ ഫെര്‍ണാണ്ടീഞ്ഞോയുടെ ചുമലില്‍ തട്ടി ഗതിമാറിയ പന്ത് ബ്രസീല്‍ വലയില്‍. സ്‌കോര്‍ 1-0. അപ്രതീക്ഷിത ഗോളില്‍ പതറിയ ബ്രസീലിനെ പിന്നീട് നിലംതൊടീക്കാതെയുള്ള പ്രകടനമായിരുന്നു ബെല്‍ജിയത്തിന്റേത്. തുടരെ ആക്രമിച്ചു കളിച്ച അവര്‍ 31ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി. ബ്രസീല്‍ പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ സ്റ്റാര്‍ സ്‌െ്രെടക്കര്‍ റൊമേലു ലുക്കാക്കു നല്‍കിയ പാസ് പിടിച്ചെടുത്ത ഡി ബ്രുയിന്‍ പന്തുമായി ബോക്‌സിലേക്ക് ഓടിക്കയറിയ ശേഷം തൊടുത്ത വലങ്കാലനടി ബ്രസീല്‍ ഗോള്‍കീപ്പര്‍ അലിസണിന് ഒരവസരവും നല്‍കാതെ വലയില്‍ ചുംബിച്ചു. സ്‌കോര്‍ 2-0. രണ്ടു ഗോളുകള്‍ക്കു പിന്നിലായശേഷം തിരിച്ചുവരവിനു മുന്‍ ചാമ്പ്യന്മാര്‍ കിണഞ്ഞു പൊരുതിയെങ്കിലും ആദ്യപകുതിയില്‍ ഉദ്യമം വിജയിച്ചില്ല. ബ്രസീലിന്റെ ആക്രമണങ്ങളോടെയായിരുന്നു രണ്ടാം പകുതിയുടെ തുടക്കം. ഇടവേളയ്ക്കു ശേഷം തന്ത്രം മാറ്റിയെത്തിയ ബ്രസീല്‍ ആക്രമണത്തിലേക്കു തിരിഞ്ഞപ്പോള്‍ പ്രതിരോധം ശക്തിപ്പെടുത്തിയാണ് ബെല്‍ജിയം നേരിട്ടത്. ഗോള്‍മടക്കാന്‍ കിണഞ്ഞു പൊരുതിയ ബ്രസീല്‍ 76ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ റെനാറ്റോ അഗസ്‌റ്റോയിലൂടെ ഒരു ഗോള്‍ മടക്കിയെങ്കിലും ജീവന്‍ നിലനിര്‍ത്താനായില്ല. മുന്‍നിരയില്‍ സൂപ്പര്‍ താരം നെയ്മര്‍ നിറം മങ്ങിയതാണ് ബ്രസീലിനു തിരിച്ചടിയായത്. പതിവുപോലെ പരുക്ക് അഭിനയിച്ചെങ്കിലും ഇക്കുറി റഫറി അതും വിലയ്ക്ക് എടുത്തില്ല. അതോടെ ബ്രസീലിന്റെ മടക്കടിക്കറ്റ് കണ്‍ഫോമായി. ലോകകപ്പ് ചരിത്രത്തില്‍ ബെല്‍ജിയത്തിന്റെ രണ്ടാം സെമിഫൈനല്‍ പ്രവേശനമാണ് ഇത്.  1986 ലാണ് അവര്‍ അവസാനമായി സെമി കളിച്ചത്.

മറ്റൊരു മത്സരത്തിലൂടെ ഫിഫാ ലോകകപ്പില്‍ ആദ്യമായി സെമിഫൈനലിലെത്തുന്ന ടീമായി ഫ്രാന്‍സ് വിജയിച്ചു. യുറുഗ്വേ എന്ന ലാറ്റിനമേരിക്കന്‍ പെരുമയെ പിടിച്ചുകെട്ടിയാണ് ഫ്രഞ്ച് പടയോട്ടം അവസാനിച്ചത്. ലോകകപ്പ് ഫുട്‌ബോള്‍ ചരിത്രത്തിലെ പ്രഥമ ചാമ്പ്യന്മാരായ യുറുഗ്വേയുടെ പിന്മുറക്കാരെ തകര്‍ത്താണ് ഫ്രാന്‍സിന്റെ ഇളംതലമുറ 2018 ഫുട്‌ബോള്‍ ലോകകപ്പിന്റെ സെമിഫൈനലിലേക്ക് കടന്നത്. ഇന്നലെ നിഷ്‌നി നൊവോഗ്രാഡില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഫ്രാന്‍സിന്റെ തേരോട്ടം. ഒരു ഗോള്‍ നേടുകയും ഒന്നിനു വഴിയൊരുക്കുകയും ചെയ്ത സ്റ്റാര്‍ സ്‌െ്രെടക്കര്‍ അന്റോയിന്‍ ഗ്രീസ്മാനാണ് ഫ്രാന്‍സിന്റെ വിജയശില്‍പി. റാഫേല്‍ വരാനെയാണ് അവരുടെ ആദ്യ ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ 40ാം മിനിറ്റില്‍ ഗ്രീസ്മാന്റെ ഫ്രീകിക്ക് വലയിലേക്ക് ഹെഡ് ചെയ്തിട്ടു വരാനെ ഫ്രാന്‍സിനെ മുന്നിലെത്തിച്ചു. ഈ ലീഡില്‍ ഇടവേളയ്ക്കു പിരിഞ്ഞ ശേഷം രണ്ടാം പകുതിയില്‍ ഗ്രീസ്മാന്റെ ഷോട്ടില്‍ യുറുഗ്വേ ഗോള്‍കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്‌ലേര വരുത്തിയ പിഴവ് ലാറ്റിനമേരിക്കന്‍ ടീമിനു മടക്കടിക്കറ്റും സമ്മാനിച്ചു. യുവതാരങ്ങളടങ്ങിയ ഫ്രഞ്ച് നിരയോടു പിടിച്ചു നില്‍ക്കാ യുറുഗ്വേ താരങ്ങള്‍ ഏറെ പണിപ്പെട്ടു. ഫ്രാന്‍സിന്റെ വേഗത്തിനു മുന്നില്‍ പലപ്പോഴും യുറുഗ്വേ പ്രതിരോധനിര കാഴ്ചക്കാരായി. പരുക്കേറ്റ സ്‌െ്രെടക്കര്‍ എഡിന്‍സണ്‍ കവാനിയുടെ അഭാവം നന്നായി നിഴലിച്ചതോടെ ഫ്രഞ്ച് പ്രതിരോധത്തെ ആശങ്കപ്പെടുത്താന്‍ തക്ക ആക്രമണങ്ങള്‍ നടത്തുന്നതിലും യുറുഗ്വേ പരാജയപ്പെട്ടു. പതിഞ്ഞ തുടക്കമായിരുന്നു മത്സരത്തിന്റേത്. ആദ്യ മിനിറ്റുകളില്‍ പ്രതിരോധത്തിലേക്കു വലിഞ്ഞ് എതിരാളികളെ വിലയിരുത്തിയ ഫ്രാന്‍സ് പിന്നീട് മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കുന്ന കാഴ്ചയാണ് കണ്ടത്. ലോകകപ്പില്‍ ഇതുവരെ ഗോള്‍ വഴങ്ങാത്ത ഗോള്‍കീപ്പറും അതിശക്തമായ പ്രതിരോധനിരയും ഉണ്ടെന്ന അഹങ്കാരത്തിലെത്തിയ യുറുഗ്വേയുടെ ദൗര്‍ബല്യങ്ങള്‍ കണ്ടെത്താനാണ് തുടക്കത്തില്‍ ഫ്രാന്‍സ് ശ്രമിച്ചത്. കവാനിയുടെ അഭാവത്തില്‍ യുറുഗ്വേ മുന്നേറ്റ നിര ദുര്‍ബലമാണെന്നും മധ്യനിര മോശം ഫോമിലാണെന്നും മനസിലാക്കിയ അവര്‍ ഗിയര്‍ മാറ്റി. പിന്നീട് യുറുഗ്വേ മേഖലകളിലേക്ക് ഫ്രഞ്ച് പടയുടെ കടന്നാക്രമണമായിരുന്നു. അര്‍ജന്റീനയെ തകര്‍ത്ത കിലിയന്‍ എംബാപ്പെയെന്ന കൗമാര താരത്തെ കേന്ദ്രീകരിച്ചാണ് ഫ്രാന്‍സ് ആക്രമണം മെനഞ്ഞത്. മിന്നുന്ന വേഗത്തില്‍ യുറുഗ്വേ പ്രതിരോധത്തെ കീറിമുറിച്ച് എംബാപ്പെ തുറന്നെടുത്ത ഏതാനും അവസരങ്ങള്‍ ഫിനിഷിങ്ങിലെ പാളിച്ചകളിലൂടെ ഫ്രാന്‍സ് തുലയ്ക്കുകയും ചെയ്തു. ഒടുവില്‍ 40ാം മിനിറ്റില്‍ അവര്‍ കാത്തിരുന്ന മുഹൂര്‍ത്തമെത്തി.  ബോക്‌സിനു മുന്നില്‍ ടൊളീസോയെ ബന്റകൗര്‍ ഫൗള്‍ ചെയ്തതിനാണ് റഫറി ഫ്രീകിക്ക് വിധിച്ചത്. കിക്കെടുത്ത ഗ്രീസ്മാന്‍ പന്ത് പായിച്ചത് ബോക്‌സില്‍ തക്കം പാര്‍ത്തുനിന്ന വരാനെയുടെ തലയ്ക്കു പാകത്തിന്. വലത്തേക്ക് ചാടിയുയര്‍ന്ന് ഇടത്തോടെ പന്ത് ചെത്തിയിട്ട വരാനെ അവസരം മുതലാക്കുകയും ചെയ്തു. സ്‌കോര്‍ 1-0. ഇടവേളയ്ക്കു തൊട്ടുമുമ്പ് കിട്ടിയ പ്രഹരത്തില്‍ യുറുഗ്വേ നടുങ്ങിപ്പോയി. ആദ്യപകുതി അവസാനിക്കും മുമ്പ് കടംവീട്ടാന്‍ അവര്‍ ശ്രമിച്ചതുമില്ല. മറുവശത്ത് ഒരവസരം കൂടി ഫ്രാന്‍സ് തുറന്നെടുത്തെങ്കിലും ആദ്യപകുതി 1-0ല്‍ അവസാനിച്ചു. രണ്ടാം പകുതിയിലും സ്ഥിതി വ്യത്യസ്തമായില്ല. ഫ്രാന്‍സിന്റെ ആക്രമണങ്ങളോടെയാണ് മത്സരം പുനരാരംഭിച്ചത്. ഏറെ വൈകാതെ അവര്‍ രണ്ടാം ഗോള്‍ നേടുകയും ചെയ്തു. അറുപത്തിയൊന്നാം മിനിറ്റില്‍ ഒന്നാന്തരമൊരു വെടിയുണ്ടയിലൂടെ ഗ്രീസ്മാനാണ് ലീഡുയര്‍ത്തിയത്. ബോക്‌സിന്റെ തൊട്ടു മുകളില്‍ നിന്ന് ഗ്രീസ്മാന്‍ തൊടുത്ത ഷോട്ട് ഗോളി മുസ്‌ലേര കൈയിലൊതുക്കേണ്ടതായിരുന്നു. എന്നാല്‍, ഗോള്‍കീപ്പര്‍ക്കു പിഴച്ചു. പന്ത് ഗോളിയുടെ കൈയില്‍ നിന്ന് വഴുതിത്തെറിച്ച് വലയിലെത്തി. സ്‌കോര്‍ 2-0. രണ്ടാം ഗോള്‍ വീണതിന് ശേഷം അരമണിക്കൂറോളം മത്സരത്തിലേക്ക് മടങ്ങിവരാന്‍ യുറഗ്വേയ്ക്ക് സമയമുണ്ടായിരുന്നെങ്കിലും അതിനുള്ള കാര്യമായ ശ്രമങ്ങളൊന്നും അവരുടെ ഭാഗത്ത്‌നിന്നുണ്ടായിരുന്നില്ല. കവാനിയുടെ അഭാവത്തില്‍ ആക്രമണച്ചുമതല ഒറ്റയ്ക്ക് ഏറ്റെടുക്കേണ്ടി വന്ന ലൂയിസ് സുവാരസ് നിറംമങ്ങിയത് അവര്‍ക്ക് തിരിച്ചടിയായി. 2006ല്‍ റണ്ണറപ്പായശേഷം പന്ത്രണ്ട് കൊല്ലം കഴിഞ്ഞാണ് ഫ്രാന്‍സ് ലോകകപ്പിന്റെ സെമി കളിക്കുന്നത്. യുറുഗ്വേയുടെ പേരുകേട്ട പ്രതിരോധ നിര ഒടുവില്‍ ഫ്രാന്‍സിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരൊറ്റ ഗോള്‍ പോലും വഴങ്ങാതെ വന്ന യുറുഗ്വേയ് പ്രീ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെതിരെ ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്.

07-Jul-2018