പത്തനംതിട്ട : ലൈംഗിക വിവാദത്തിന്റെ പുതിയ അധ്യായവുമായി ഓര്‍ത്തഡോക്‌സ് സഭ. നേരത്തെ സഭയിലെ നാലു വൈദീകര്‍ക്കെതിരെ യുവതി നല്‍കിയ പീഡന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കവേയാണ് സഭയിലെ മറ്റൊരു വൈദീകനെതിരെ പുതിയ പരാതി ഉയര്‍ന്നുവന്നത്. റാന്നി ഹോളി ട്രിനിറ്റി ആശ്രമാംഗമായ ഫാ ബിനു ജോര്‍ജിനെതിരെയാണ് മാവേലിക്കര സ്വദേശിയായ യുവതി പരാതിയുമായി രംഗത്തെത്തിയത്. പീഡനത്തേക്കുറിച്ച് സഭാനേതൃത്വത്തിനും പോലീസിനും പരാതി നല്‍കിയെങ്കിലും ആരും നടപടിയൊന്നുമെടുത്തില്ലെന്ന് യുവതി പറഞ്ഞു.
ഫാ ബിനു 2014ല്‍ തന്റെ ഇടവക വികാരിയായിരിക്കവേയാണ് ചൂഷണം ചെയ്തത്. ഭര്‍തൃസഹോദരനും കുടുംബവുമായുള്ള പ്രശ്‌നം പരിഹരിക്കുന്നതിനാണ് യുവതി വൈദീകനെ സമീപിച്ചത്. വിവരങ്ങള്‍ ചോദിക്കുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചു. വിവരം കുടുംബത്തെ അറിയിച്ചു. റാന്നി ഭദ്രാസന മെത്രാപ്പൊലീത്തയ്ക്ക് പരാതിയും നല്‍കി. സഭാതലത്തിലുള്ള അന്വേഷണം വന്നപ്പോള്‍ വൈദീകന്‍ വീട്ടിലെത്തി ആത്മഹത്യ ഭീഷണി നടത്തി. ഇതേത്തുടര്‍ന്ന് ഇടവക കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ക്ക് താന്‍ വഴങ്ങി. തെറ്റുകള്‍ ഇനിയുണ്ടാകില്ലെന്ന് ഫാ ബിനുവും സമ്മതിച്ചു. തുടര്‍ന്ന് പരാതി പിന്‍വലിച്ചു. എന്നാല്‍ മറ്റൊരു പള്ളിയിലേയ്ക്ക് മാറിയതോടെ ഫോണിലൂടെയുള്ള ശല്യം വീണ്ടും തുടങ്ങി. പിന്നീട് പ്രസംഗങ്ങളില്‍ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിക്കാന്‍ തുടങ്ങി. വീണ്ടും പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ സഭയും പോലീസും തയ്യാറായിട്ടില്ല. വൈദീകന്‍ ഫോണിലേയ്ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചു കൊണ്ടിരുന്നു. രണ്ടു തവണ നിലയ്ക്കല്‍, മാവേലിക്കര മെത്രാപ്പൊലീത്തയ്ക്ക് പരാതി നല്‍കിയിട്ടും നീതി ലഭിച്ചില്ലെന്നും, തന്നെ വ്യക്തിഹത്യ നടത്തുകയാണെന്നും യുവതി പറഞ്ഞു.
സംഭവം പുറംലോകം അറിഞ്ഞതോടെ വൈദീകനെതിരെ നടപടിയെടുത്തെന്നറിയിച്ച് മാവേലിക്കര ഭദ്രാസന മെത്രാപ്പൊലീത്ത രംഗത്തെത്തി. 'യുവതിയുടെ പരാതി ലഭിച്ചയുടന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. വൈദീകനെ ഭദ്രാസനത്തിലെ പള്ളികളില്‍ നിന്ന് ഒഴിവാക്കി. തുടര്‍നടപടി സ്വീകരിക്കേണ്ടത് വൈദീകന്‍ അംഗമായ ആശ്രമമാണ്' ഡോ അലക്‌സിയസ് മാര്‍ യൗസേബിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു. വൈദീകനെതിരെ പരാതിപ്പെട്ടതിന്റെ പേരില്‍പള്ളിയിലും നാട്ടിലും ഒറ്റപ്പെട്ടു എന്നാണ് യുവതി വ്യക്തമാക്കുന്നത്. കുര്‍ബാനയ്ക്ക് പോകാന്‍ പോലും പറ്റാത്ത അവസ്ഥ. പതിനൊന്നും പത്തും വയസ്സുള്ള രണ്ടു കുട്ടികളുള്ളതുകൊണ്ട് മാത്രമാണ് ആത്മഹത്യ ചെയ്യാത്തതെന്നും യുവതി വെളിപ്പെടുത്തുന്നു.