പാക്കിസ്ഥാന് മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിന് പത്ത് വര്‍ഷം തടവുശിക്ഷ.
അഡ്മിൻ
ഇസ്ലാമാബാദ് : നവാസ് ഷെരീഫിന് അഴിമതിക്കേസില്‍ പത്ത് വര്‍ഷം തടവുശിക്ഷയും പിഴയും. പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രിയായ നവാസ് ഷെറീഫിനൊപ്പം കേസില്‍ കൂട്ടുപ്രതിയായ മകള്‍ മര്‍യം നവാസ് ഷെരീഫിനും ഏഴ് വര്‍ഷം തടവും പിഴയുമുണ്ട്. ഷെരീഫിന്റെ മരുമകന് സഫ്ദറിന് ഒരു വര്‍ഷം തടവുശിക്ഷ ലഭിച്ചു. ലണ്ടനില്‍ ഫഌറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിയിലാണ് ഷെരീഫിനെ ശിക്ഷിച്ചത്.
അക്കൗണ്ടബിലിറ്റി കോര്‍ട്ട് 1 ജഡ്ജ് മുഹമ്മദ് ബാഷിര്‍ ആണ് ശിക്ഷ വിധിച്ചത്. ലണ്ടനിലെ അവെന്ഫീല്ഡില് നാല് ആഡംബര ഫഌറ്റുകള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിയിലാണ് കോടതി വിധി. ഷെരീഫ് കുടുംബത്തിനെതിരായ മൂന്ന് അഴിമതി കേസുകളില്‍ ഒന്നിലാണ് വിധി വന്നിരിക്കുന്നത്. നവാസ് ഷെരീഫ് 80 ലക്ഷം പൗണ്ട് പിഴ അടയ്ക്കണമെന്നാണ് കോടതി വിധി. ലണ്ടനിലെ ഫഌറ്റുകള്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പാകിസ്ഥാന് സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് നവാസ് ഷെരീഫിനും കുടുംബത്തിനുമെതിരെ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തത്.
ക്യാന്‍സറിന് ചികിത്സയില്‍ കഴിയുന്ന ഭാര്യയുടെ കൂടെ ലണ്ടനിലാണ് നവാസ് ഷെരീഫും മകള്‍ മാര്യം നവാസുമുള്ളത്. ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് ജൂലൈ 14നാണ് ഇരുവരും ലണ്ടനിലേക്ക് പോയത്. നേരത്തെ കേസില്‍ വിധി പറയുന്നത് നീട്ടിവയ്ക്കണമെന്ന നവാസ് ഷെരീഫിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. അഴിമതി കേസില്‍ ശക്ഷിക്കപ്പെട്ടതിനാല് ഷെരീഫിന്റെ മകള്‍ മാര്യം നവാസിനും മരുമകന് സഫ്ദറിനും പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.
നേരത്തെ പാനമ പേപ്പര്‍ വെളിപ്പെടുത്തലിന് പിന്നാലെ സ്ഥാനഭ്രഷ്ടനായ നവാസ് ഷെരീഫിനെതിരെ ഗള്‍ഫ് സ്റ്റീല്‍ മില്‍സ്, അല്‍ അസിസിയ സ്റ്റീല്‍ മില്‍സ് കേസ് എന്നീ കേസുകള്‍ കൂടി വിചാരണ തുടങ്ങാനുണ്ട്. പാകിസ്ഥാനില്‍ ജൂലൈ 25ന് പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നവാസ് ഷെരീഫിനെതിരായ കോടതി വിധി വന്‍ രാഷ്ട്രീയ പ്രത്യാഘാതം സൃഷ്ടിക്കും.