അഭിമന്യുവിനെയും അര്‍ജ്ജുനെയും പോപ്പുലര്‍ഫ്രണ്ട് നേരത്തെ മാര്‍ക്ക് ചെയ്ത് നല്കി.
അഡ്മിൻ
എറണാകുളം : മഹാരാജാസ് കോളജില്‍ എസ് എഫ് ഐ നേതാക്കളായ അഭിമന്യുവിനെയും അര്‍ജ്ജുനെയും പോപ്പുലര്‍ ഫ്രണ്ട് ക്രിമിനലുകള്‍ നേരത്തെ 'മാര്‍ക്ക്' ചെയ്തിരുന്നുവെന്ന് സൂചനകള്‍. മഹാരാജാസില്‍ ക്യാമ്പസ് ഫ്രണ്ടിന്റെ ആധിപത്യം സ്ഥാപിക്കാനും മറ്റ് കോളേജുകളില്‍ സജീവമാകാനും പോപ്പുലര്‍ ഫ്രണ്ടിന്റെ കീഴിലുള്ള സംഘടനകളുടെ സംയുക്ത യോഗം വിളിച്ചു ചേര്‍ത്തപ്പോള്‍ നേതൃത്വം ആഹ്വാനം ചെയ്തിരുന്നു. ലക്ഷ്യം കാണാനായി എന്തും ചെയ്യാമെന്നും സംഘടന കൂടെയുണ്ടാവുമെന്നുമുള്ള ഉറപ്പ് ആ യോഗത്തില്‍ വെച്ച് ക്യാമ്പസ് ഫ്രണ്ട് നേതാക്കളടക്കമുള്ളവര്‍ക്ക് നല്കുകയുണ്ടായി. അതിനെ തുടര്‍ന്നാണ് ഓരോ ക്യാമ്പസിലും വിദ്യാര്‍ത്ഥികളുടെ ഇടയില്‍ സമ്മതിയുള്ള എസ് എഫ് ഐ നേതാക്കളെ മാര്‍ക്ക് ചെയ്തത്. അഭിമന്യുവിനെ ജൂണ്‍ ഒന്നിന് രാത്രി കൊല്ലാന്‍ സാധിച്ചില്ലെങ്കില്‍ പിന്നീടൊരു ദിവസം ആ ലക്ഷ്യം പൂര്‍ത്തീകരിക്കുവാനുള്ള തീരുമാനമാണ് ഇസ്ലാമിക് തീവ്രവാദ ശക്തികള്‍ കൈക്കൊണ്ടിരുന്നത്. ക്യാമ്പസ് ഫ്രണ്ടിന്റെ പ്രവര്‍ത്തകരുള്ള മറ്റ് കലാലയങ്ങളിലും ഇത്തരത്തിലുള്ള മാര്‍ക്ക് ചെയ്യല്‍ നടത്തിയിട്ടുണ്ട് എന്നാണ് സൂചനകള്‍.
അഭിമന്യുവിന്റെ കൊലപാതകത്തിലൂടെ എസ് എഫ് ഐയുടെ സീജവ പ്രവര്‍ത്തകരിലടക്കം ഭയം പരത്താന്‍ സാധിക്കുമെന്നാണ് പോപ്പുലര്‍ഫ്രണ്ട് കണക്കുകൂട്ടുന്നത്. രാത്രിയും പകലുമെന്നില്ലാതെ സജീവമായി പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ കലാലയങ്ങളില്‍ വരുമ്പോള്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരെ ഭയക്കാനും അവരുടെ പ്രവര്‍ത്തനവം വിഘാതമില്ലാതെ തുടരാനും ഈ കൊലപാതകത്തിലൂടെ സാധിക്കുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് വരുന്ന എല്ലാ പ്രത്യാഘാതങ്ങളെയും നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട് എന്നതില്‍ നിന്നും സംഭവത്തിന് പിന്നില്‍ വന്‍ ഗൂഡാലോചന നടന്നു എന്ന് പോലീസ് സംശയിക്കുന്നു. ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരടക്കമുള്ള ക്രമിനലുകള്‍ക്കെതിരെ യു എ പി എ ചുമത്താന്‍ പോലീസ് ആലോചിച്ചിരുന്നെങ്കിലും വേണ്ടത്ര തെളിവുകള്‍ ശേഖരിച്ചശേഷം മാത്രം അതു മതിയെന്നാണ് അഡ്വക്കേറ്റ് ജനറല്‍ സി പി സുധാകര്‍പ്രസാദ് നല്കിയ നിയമോപദേശമെന്നാണ് സൂചന. തീവ്രവാദ പ്രവര്‍ത്തനങ്ങളും ഭീകരവാദ പ്രവര്‍ത്തനങ്ങളും നടത്താന്‍ ക്യാമ്പസുകളില്‍ നിന്നും കുട്ടികളെ സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റ് ഏജന്‍സിയാണ് ക്യാമ്പസ് ഫ്രണ്ടെന്ന് തെളിയിക്കുന്ന തെളിവുകളാണ് പോലീസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അത് സംബന്ധിക്കുന്ന ലഘുലേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
കൊലയാളി സംഘത്തിന് രക്ഷപ്പെടാനുള്ള വഴികള്‍ നേരത്തെ തന്നെ പോപ്പുലര്‍ഫ്രണ്ട് നേതൃത്വം ഒരുക്കിയിട്ടിരുന്നു എന്നാണ് പോലീസിന് ലഭിക്കുന്ന വിവരങ്ങള്‍. കൊലപാതകം നടത്തിയാലുടന്‍ എവിടേക്ക് വരണമെന്നും തുടര്‍ന്ന് ഓരോരുത്തരും എങ്ങോട്ടേക്കൊക്കെ പോകണമെന്നും തീരുമാനിച്ചിട്ടുണ്ടായിരുന്നു. പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ കൊച്ചിയില്‍തന്നെ ഉപേക്ഷിച്ചശേഷമാണ് രക്ഷപ്പെട്ടത്. കുറ്റകൃതൃത്തില്‍ പങ്കെടുത്തവര്‍ എല്ലാം തന്നെ തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ അന്നു രാത്രിയില്‍തന്നെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തു ഉപേക്ഷിക്കുകയായിരുന്നു. ഇതു കൊണ്ടുതന്നെ ഇവരെ പിടികൂടാന്‍ സൈബര്‍ സെല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഗുണം ചെയ്യില്ല. അക്രമി സംഘവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുള്ള ആളുകള്‍ കൊച്ചിയില്‍തന്നെ പല സ്ഥലങ്ങളിലും ഒളിവിലാണ്.
സിറ്റി കണ്ട്രോള് റൂം അസിസ്റ്റന്റ് സിറ്റി പോലീസ് കമ്മിഷണര്‍ എസ് ടി സുരേഷിനായിരിക്കും ഇനി കേസിന്റെ അന്വേഷണച്ചുമതല. നിലവില്‍ കേസ് അന്വേഷിച്ചിരുന്ന സി ഐ അനന്തലാല്‍ അന്വേഷണസംഘത്തില്‍ തുടര്‍ന്നേക്കും. എറണാകുളം അസി. പോലീസ് കമ്മിഷണര്‍ കെ ലാല്ജിയും കേസ് അന്വേഷിക്കുന്ന സംഘത്തിലുണ്ടാവും. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. ചില പ്രതികള്‍ ഇടുക്കി വഴി തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ജിലിലയിലെ നാറാത്ത്, ചക്കരക്കല്‍ പ്രദേശങ്ങളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. മംഗലാപുരത്തേക്കും അന്വേഷണം വ്യാപിപ്പിച്ച പോലീസ് സംഘം കുടകിലും മൈസൂരിലും ബാംഗ്ലൂരിലും സമാന്തര അന്വേഷണങ്ങള്‍ വ്യാപിപ്പിച്ചു.
07-Jul-2018
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ
അഡ്മിൻ