അഭിമന്യു വധം കൂടുതല്‍ ഇസ്ലാമിക് തീവ്രവാദികള്‍ അറസ്റ്റില്‍

എറണാകുളം : മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പിറകിലുള്ള ഇസ്ലാമിക് തീവ്രവാദസംഘത്തെ കുടുക്കാനുള്ള പോലീസ് നടപടികള്‍ ദ്രുതഗതിയില്‍ മുന്നേറുന്നു. ഗൂഡാലോചനയിലും കൊലപാതകത്തിലും പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്ന രണ്ടുപേര്‍ കൂടി ഇന്ന് പോലീസ് പിടിയിലായി. കാലാവാല നവാസും ജഫ്രിയുമാണ് പോലീസ് വലയിലായത്. രണ്ടുപേകും എസ് ഡി പി ഐയുടെ സജീവ പ്രവര്‍ത്തകരാണ്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. 15 പേര്‍ കേസിലുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും പ്രതികള്‍ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. കൊലപാതകം നടക്കുമ്പോള്‍ ഇന്ന് കസ്റ്റഡിയിലായ നവാസ് കോളജിന് സമീപം എത്തിയിരുന്നതിനുള്ള തെളിവുകള്‍ പോലീസിന്റെ കൈയ്യിലുണ്ട്. പ്രതികള്‍ക്ക് ആവശ്യമായ മാരകായുധങ്ങള്‍ ഇയാള്‍ വഴിയാണ് എത്തിയതെന്നാണ് സംശയിക്കുന്നത്. മട്ടാഞ്ചേരി ഫിഷ് ലാന്‍ഡിംഗ് സെന്ററില്‍ ജോലി ചെയ്യുന്ന ഇയാള്‍ എസ് ഡി പി ഐ ബ്രാഞ്ച് സെക്രട്ടറിയാണ്. അതേ സമയം മലപ്പുറം ജില്ലയിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പ്രതികള്‍ക്കായി വ്യാപകമായ തിരച്ചില്‍ നടക്കുന്നുണ്ട്.

മഞ്ചേരി സത്യസരണി, ഗ്രീന്‍വാലി, കാടാമ്പുഴ മലബാര്‍ ഹൗസ് എന്നിവിടങ്ങളില്‍ റെയ്ഡ് നടന്നു. കസ്റ്റഡിയില്‍ എടുത്ത പ്രവര്‍ത്തകരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ആലുവ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ച 132 എസ് ഡി പി ഐ പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തു. അഭിമന്യുവധത്തില്‍ ഉള്‍പ്പെട്ട പ്രതികള്‍ സംസ്ഥാനം വിട്ടുവെന്ന സൂചനയാണ് പോലീസ് നല്‍കുന്നത്. ഇവര്‍ രാജ്യം വിട്ടുപോകാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസിനുള്ള നടപടികള്‍ പോലീസ് ആരംഭിച്ചു. എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണമുണ്ട്. കേസിലെ ഒന്നാം പ്രതി മൂന്നാംവര്‍ഷ അറബിക് വിദ്യാര്‍ത്ഥി മുഹമ്മദാണ്. അഭിമന്യൂവിനെ കുത്തിയത് ഇയാള്‍ തന്നെയാണോ എന്ന് വ്യക്തമായിട്ടില്ല. വട്ടവടയില്‍ ആയിരുന്ന അഭിമന്യൂവിനെ തുടര്‍ച്ചയായി ഫോണില്‍ വിളിച്ച് കോളജില്‍ എത്താന്‍ നിര്‍ബന്ധിച്ചത് മുഹമ്മദ് ആണെന്ന സംശയവും ബലപ്പെടുന്നുണ്ട്. അങ്ങനെയെങ്കില്‍ കൊല ചെയ്യാനുള്ള പദ്ധതി നേരത്തെ തയ്യാറാക്കി കുത്തിക്കൊല്ലാനായി അഭിമന്യുവിനെ വിളിച്ചുവരുത്തിയതാവാനാണ് സാധ്യത.

എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്ക് രക്ഷപ്പെടാനുള്ള സാമ്പത്തിക സഹായം നല്‍കുന്നതിന് ചില പള്ളികള്‍ കേന്ദ്രീകരിച്ച് പണപ്പിരിവ് നടക്കുന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. അത്തരം പള്ളികളും അവിടെ വന്നുപോവുന്ന വ്യക്തികളും പോലീസ് നിരീക്ഷണത്തിലാവും. സംശയം തോന്നുന്നവരുടെയെല്ലാം മൊബൈല്‍ഫോണ്‍ കോളുകള്‍ പോലീസ് നിരീക്ഷിക്കുന്നുണ്ട്.

07-Jul-2018