വട്ടവട: പ്രമുഖ സിനിമാതാരവും ബി ജെ പിയുടെ രാജ്യസഭാ എം പിയുമായ സുരേഷ്‌ഗോപിയുടെ വകതിരിവില്ലായ്മയ്ക്ക് ഇന്ന് അഭിമന്യുവിന്റെ വീടും പരിസരവും സാക്ഷ്യം വഹിച്ചു. മഹാരാജാസ് കോളജില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ഇസ്ലാമിക് തീവ്രവാദികള്‍ കുത്തിക്കൊന്ന അഭിമന്യുവിന്റെ വട്ടവടയിലുള്ള ഒറ്റമുറി വീട്ടിലേക്കെത്തിയ സുരേഷ് ഗോപി എം പി, മരണവീട്ടില്‍ പാലിക്കേണ്ട മര്യാദ പോലും കാണിച്ചില്ലെന്ന് വ്യാപകമായ ആക്ഷേപമുയര്‍ന്നു.
വട്ടവടയില്‍ അഭിമന്യുവിന്റെ വീട്ടിലേക്കുള്ള വഴിയിളും മുറ്റത്തും സെല്‍ഫി എടുക്കുന്നതിലായിരുന്നു ബി ജെ പി എം പിയുടെ ശ്രദ്ധ. കൂടെയുള്ള ചില ബി ജെ പി പ്രാദേശിക നേതാക്കള്‍ അദ്ദേഹത്തിന്റെ അനൗചിത്യപരമായ രീതി തടയാന്‍ ശ്രമിച്ചെങ്കിലും വിവിഐപി എം പിയോട് എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ അവര്‍ക്ക് പരിമിതിയുണ്ടായിരുന്നു. ഇസ്ലാമിക് തീവ്രവാദികള്‍ നടത്തിയ അരുംകൊലയുടെ ഞെട്ടലില്‍ നിന്ന് വട്ടവട ഇനിയും മുക്തമായിട്ടില്ല. അഭിമന്യുവുമായി ഇടപഴകാത്ത, ആ കുട്ടിയുടെ സ്‌നേഹം പങ്കുവെക്കാത്ത ഒരാള്‍പോലും ആ നാട്ടിലില്ല. അവിടെയാണ് സുരേഷ്‌ഗോപി തന്റെ സ്റ്റാര്‍വാല്യു ഉപയോഗിച്ച് മുതലെടുപ്പ് നടത്താനായി എത്തിയത്. അഭിമന്യുവിനെ കൊലപാതകത്തെ വര്‍ഗീയമായി മുതലെടുക്കാന്‍ നേരത്തെ തന്നെ സംഘപരിവാര്‍ ശ്രമിച്ചിരുന്നു. അഭിമന്യുവിന്റെ കൊലപാതകം ഹിന്ദുവിന്റെ കൊലപാതകം എന്ന രീതിയിലാണ് സംഘപരിവാരം ചിത്രീകരിച്ചത്. അഭിമന്യുവിന്റെ കുടുംബത്തിന് സഹായവുമായി ഹിന്ദു ഹെല്‍പ്പ്‌ലൈന്‍ പ്രവര്‍ത്തകര്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഹിന്ദു ഹെല്‍പ്പ്‌ലൈന്റെ സഹായം അഭിമന്യുവിന്റെ പിതാവ് നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് സുരേഷ്‌ഗോപിയെ കളത്തിലിറക്കി സംഘപരിവാരം രാഷ്ട്രീയ മുതലെടുപ്പ് നടത്താനാവുമോ എന്ന് പരീക്ഷിക്കുന്നത്.