കേരളത്തിന്‌ ലോകത്തിന്‍റെ ആദരം

തിരുവനന്തപുരം : കേരള മുഖ്യമന്ത്രി പിണറായി വിജയനേയും ആരോഗ്യമന്ത്രി കെ.കെ ഷൈലജയേയും അമേരിക്കയിലെ ബാള്‍ടിമോര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി (ഐ.എച്ച്.വി) ആദരിച്ചു. നിപ വൈറസ് ബാധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം സ്വീകരിച്ച മികച്ച നടപടികള്‍ക്കാണ് ആദരവ്. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ.റോബര്‍ട്ട് ഗെലോ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും  ഉപഹാരം സമ്മാനിച്ചു.

എയ്ഡ്‌സിന് കാരണമാകുന്ന എച്ച് ഐ വി വൈറസ് കണ്ടെത്തിയ ശാസ്ത്ര സംഘത്തിലെ പ്രമുഖനാണ് ഡോ. ഗെലോ. റോബര്‍ട്ട് ഗെലോയും ഇന്‍സ്റ്റിറ്റിയൂട്ടിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരും വിവിധ അക്കാദമിക് വിഭാഗങ്ങളുടെ തലവന്‍മാരും മുഖ്യമന്ത്രിയുമായും ആരോഗ്യമന്ത്രിയുമായും ചര്‍ച്ച നടത്തി. ഗവേഷണരംഗത്ത് കേരളവുമായുളള സഹകരണം, തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രവര്‍ത്തനം എന്നിവയാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. ഡോ. എം.വി. പിള്ള, ഡോ.ശാര്‍ങധരന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

07-Jul-2018