തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്നും ആറുകുട്ടികള്‍ പുറത്തേക്ക്

ബാങ്കോക്ക് : മരണത്തിന്റെ  നീരുറവകള്‍ നീന്തികടന്ന് തായ്‌ലന്‍ഡിലെ ഗുഹയില്‍ നിന്നും കുട്ടികള്‍ പുറത്തേക്കെത്തിയപ്പോള്‍ ലോകത്തിന്റെ പ്രാര്‍ത്ഥനകള്‍ സാര്‍ത്ഥകമാകുന്നു. കനത്ത മഴയെ തുടര്‍ന്ന് തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിപ്പോയ ഫുട്‌ബോള്‍ ടീമിലെ ആറു കുട്ടികളെയാണ് 13 ദിവസത്തിനു ശേഷം പുറത്തെത്തിച്ചത്. ഗുഹയില്‍ ബാക്കിയായ പരിശീലകനും ബാക്കി ആറു കുട്ടികള്‍ക്കുമായി വീണ്ടും ലോകം നെഞ്ചുരുകി പ്രാര്‍ത്ഥിക്കുകയാണ്. 12 അംഗ സംഘത്തിലെ നാലു പേരെ ഗുഹയില്‍ നിന്ന് പുറത്തെത്തിച്ചതായി തായ്‌ലന്‍ഡ് നേവി സീല്‍ സമൂഹമാധ്യമത്തിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ വ്യക്തമാക്കിയിരുന്നു.

11 മണിക്കൂര്‍ നീളുന്ന ദൗത്യത്തിന്റെ ഒന്‍പതാം മണിക്കൂറിലാണ് ആറു പേരെ പുറത്തെത്തിച്ചത്. ആറു കുട്ടികളും കോച്ചും പുറത്തേക്കുള്ള വഴിയിലാണെന്നാണ് സൂചനകള്‍. നീന്തല്‍ വിദഗ്ധരുടെ സംഘവും ഇവര്‍ക്കൊപ്പമുണ്ട്. രക്ഷാപ്രവര്‍ത്തനം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്  അതേ വേഗത്തില്‍ മുന്നോട്ടു നീങ്ങിയാല്‍ ബാക്കിയുള്ളവരെയും വളരെ പെ്‌ട്ടെന്ന് തന്ന പുറത്തെത്തിക്കാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. നാളെ വീണ്ടും പുനരാരംഭിക്കും.  രക്ഷപ്പെടുത്തിയ കുട്ടികളെ ചിയാങ് റായിലെ ആശുപത്രിയിലെത്തിച്ചു. ഏറ്റവും ദുര്‍ബലരായ കുട്ടികളെയാണ് ആദ്യം പുറത്തെത്തിച്ചത്. ആംബുലന്‍സുകളും സൈനിക ഹെലികോപ്ടറുകളും മേഖലയില്‍ സജീവമാണ്. 

കഴിഞ്ഞ ജൂണ്‍ 23 നാണ് അണ്ടര്‍ 16 ഫുട്‌ബോള്‍ ടീം അംഗങ്ങളും പരിശീലകനും ഗുഹയില്‍ കുടുങ്ങിയത്. തൊട്ടുപിന്നാലെ പെയ്ത കനത്തമഴയെ തുടര്‍ന്ന് വെള്ളവും ചെളിയും അടിഞ്ഞ് സംഘം ഗുഹയില്‍ അകപ്പെടുകയായിരുന്നു. ഇപ്പോള്‍ അഞ്ചു തായ് മുങ്ങല്‍ വിദഗ്ധരും 13 രാജ്യന്തര നീന്തല്‍ സംഘത്തിലെ അംഗങ്ങളും അടങ്ങുന്ന 18 അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. മഴ അല്‍പം കുറഞ്ഞു നില്‍ക്കുന്നതിനാല്‍ ജലനിരപ്പ് ഇപ്പോള്‍ താഴ്ന്നുവരികയാണ്. ഇതോടെ ഗുഹയില്‍ നിന്നു പുറത്തേക്കുള്ള വഴിയില്‍ പലയിടത്തും കുട്ടികള്‍ക്കു നടന്നെത്താനുമാവും. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗുഹാപരിസരത്തു തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകരെ ഒഴിപ്പിച്ചു. ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ 12 കുട്ടികളെയും അവരുടെ പരിശീലകനേയും പുറത്തെത്തിക്കാനുള്ള 11 മണിക്കൂര്‍ നീണ്ട ദൗത്യം തായ്‌ലന്‍ഡില്‍ ആരംഭിച്ചു. ഇനി പ്രതീക്ഷയുടെ നിമിഷങ്ങളാണ്.
        

09-Jul-2018