അഭിമന്യു വധം എസ് ഡി പി ഐ നേതൃത്വം ഗൂഡാലോചനയില്‍ പങ്കാളികള്‍?

എറണാകുളം : പോപ്പുലര്‍ ഫ്രണ്ട്, എന്‍ ഡി എഫ്, എസ് ഡി പി ഐ, ക്യാമ്പസ് ഫ്രണ്ട് നേതൃത്വത്തിന്റെ ഏറെ കാലങ്ങളായുള്ള ഗൂഡാലോചനയുടെ ഭാഗമാണ് മഹാരാജാസിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകമെന്ന് കസ്റ്റഡിയിലുള്ള പ്രതികള്‍ പോലീസിനോട് സമ്മതിച്ചതായി സൂചനകള്‍. കൊലപാതകം മാത്രമല്ല വന്‍ കലാപങ്ങളും ഇസ്ലാമിക് തീവ്രവാദ സംഘം പ്ലാന്‍ ചെയ്തിരുന്നു. വിവിധ ജില്ലകളില്‍ ഇതിന്റെ ഭാഗമായി ഉയരുന്ന പ്രതിഷേധങ്ങളോട് പ്രതികരിച്ച് അക്രമ പരമ്പരകളൊരുക്കുവാനായിരുന്നു തീവ്രവാദികളുടെ പദ്ധതി. അതിന്റെ ഭാഗമായാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും എസ് ഡി പി ഐ അക്രമങ്ങള്‍ തുടങ്ങിയത്. പോലീസിന്റെ അതീവജാഗ്രതയോടെയുള്ള ഇടപെടലിലൂടെയാണ് അക്രമങ്ങള്‍ പടര്‍ന്നുപിടിക്കാതെ പോയത്. ജൂലായ് ഒന്നിന് മഹാരാജാസില്‍ കോളേജിലെ കൊലപാതകത്തിന് പിന്നിലുള്ള ഗൂഡാലോചനയില്‍ ഇസ്ലാമിക് തീവ്രവാദ സംഘടനകളിലെ സംസ്ഥാന നേതൃത്വത്തിന് പങ്കുണ്ടെന്നാണ് സൂചനകള്‍.

എസ് എഫ് ഐ വെള്ളയടിച്ച ചുവരില്‍ എഴുതാനും അതേ തുടര്‍ന്നുണ്ടാവുന്ന വാക്ക് തര്‍ക്കത്തെ സംഘര്‍ഷമാക്കി മാറ്റാനുമുള്ള ഡ്രസ് റിഹേഴ്‌സല്‍വരെ പോപ്പുലര്‍ ഫ്രണ്ടിന്റെ രഹസ്യ കേന്ദ്രങ്ങളില്‍ നടന്നിരുന്നു. അഭിമന്യുവിന്റെയും അര്‍ജ്ജുന്റെയും നെഞ്ചില്‍ കത്തികുത്തിയിറക്കാനുള്ള പരിശീനവും ഡമ്മി ഉപയോഗിച്ച് ചെയ്തിരുന്നു എന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായി മൂന്ന് തെരുവുപട്ടികളില്‍ ആ കത്തി ഉപയോഗിച്ച് മരണം ഉറപ്പുവരുത്തി മുന്‍കരുതലുമെടുത്തു. അതിന് ശേഷമാണ് കൊലയ്ക്കായി മഹാരാജാസിലേക്ക് ഇസ്ലാമിക് തീവ്രവാദികള്‍ പോയത് എന്നാണ് സൂചന. നേരത്തെ പ്ലാന്‍ ചെയ്ത ദിവസം അഭിമന്യു സ്ഥലത്തില്ലാതെ പോയാല്‍ കൊലപാതകവും അക്രമവും നടത്താന്‍ മറ്റ് ജില്ലകളില്‍ നിന്നും അറിയിപ്പ് നല്‍കി വിളിച്ചവര്‍ തിരികെ പോകേണ്ടിവരുമെന്നുള്ളതുകൊണ്ടാണ്. വട്ടവടയിലുള്ള അഭിമന്യുവിനെ നിരന്തരം വിളിച്ച് രാത്രിയോടെ മഹാരാജാസിലേക്ക് എത്തിച്ചത്. തുടര്‍ന്നായിരുന്നു അരുംകൊല നടത്തി ഇസ്ലാമിക് തീവ്രവാദി സംഘം രക്ഷപ്പെട്ടത്.

സംസ്ഥാനത്തെ എസ് ഡി പി ഐയുടെ ഓഫീസുകളിലും സ്ഥാപനങ്ങളിലും പോലീസ് പരിശോധന തുടരുകയാണ്. പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്. ബിലാല്‍, റിയാസ്, ഫറൂക്ക് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. എസ് ഡി പി ഐ യുടെ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി, പോപ്പുലര്‍ ഫ്രണ്ടിന്റെ ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ തുടങ്ങിയവരുടെ മൊബൈല്‍പോണ്‍ കോളുകളും ടവര്‍ ലൊക്കേഷനുകളും പോലീസ് പരിശോധിക്കുന്നുണ്ട്. കണ്ണൂര്‍ നീര്‍വേലിയില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രൊഫഷണല്‍ കൊലപാതക സംഘത്തിലെ ചിലര്‍ അഭിമന്യുവിന്റെ വധത്തിന് മൂന്നുദിവസം മുമ്പ് എറണാകുളത്തേക്ക് എത്തിയെന്ന പ്രതികളുടെ മൊഴിയിലും പോലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുന്നുണ്ട്.

09-Jul-2018