കോള്‍ തട്ടിപ്പില്‍ കുടുങ്ങരുതെന്ന് കേരളപോലീസ്

തിരുവനന്തപുരം  : നിങ്ങളുടെ മൊബൈല്‍ ഫോണിലേക്കെത്തുന്ന അന്യരാജ്യങ്ങളിലെ അപരിചിതമായ നമ്പറുകളില്‍ നിന്നുള്ള മിസ്‌കാളുകളോട് പ്രതികരച്ചാല്‍ കീശ കാലിയാകും. വാന്‍ഗിറി എന്ന തട്ടിപ്പിന്റെ ബാഗമായാണ് കഴിഞ്ഞ ഒരാഴ്ചയായി കേരളത്തില്‍ വ്യാപകമായി ഇത്തരം കാളുകള്‍ വരുന്നതെന്ന് പോലീസ് വ്യക്തമാക്കി. +591 എന്ന നമ്പറില്‍ തുടങ്ങുന്ന ബൊളീവിയന്‍ മൊബൈല്‍ വിളികളാണ് കൂടുതലും. ഇത് സംബന്ധിച്ച് പോലീസിന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.

ഈ നമ്പറുകളിലേക്ക് തിരികെ വിളിച്ചാല്‍ മിനിറ്റിന് 200 രൂപ വരെ നഷ്ടമാകും. ജാപ്പനീസ് ഭാഷയില്‍' 'വാന്‍' എന്നാല്‍ ഒന്ന് (ഒറ്റ ബെല്‍) എന്നും 'ഗിറി' എന്നാല്‍ കോള്‍ കട്ട് ചെയ്യുക എന്നുമാണ് അര്‍ഥം. ഒറ്റ ബെല്ലില്‍ അവസാനിക്കുന്ന മിസ്ഡ് കോളുകളെന്നാണു വാന്‍ഗിറിയുടെ അര്‍ഥം. ഏതാനും മാസങ്ങള്‍ക്കിടയില്‍ യുഎഇയിലും കെനിയയിലും വാന്‍ഗിറി തട്ടിപ്പുകള്‍ വ്യാപകമായിരുന്നു. +41 (സ്വിറ്റ്‌സര്‍ലാന്‍ഡ്), +963 (സിറിയ), +252 (സൊമാലിയ), +37 (ലാത്വിയ) എന്നിവയില്‍ തുടങ്ങുന്ന നമ്പറുകളില്‍നിന്നും പലപ്പോഴായി കേരളത്തില്‍ തട്ടിപ്പു കോളുകള്‍ എത്തിയിട്ടുണ്ട്. വിളിയെത്തുന്നത് അതതു രാജ്യത്തുനിന്നുതന്നെയാവണമെന്നില്ല. തട്ടിപ്പുകാരന്‍ ചില രാജ്യങ്ങളിലെ പ്രീമിയം നിരക്കുകള്‍ ഈടാക്കാവുന്ന നമ്പറുകള്‍ (ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന മാര്‍ക്കറ്റിങ് കോളുകള്‍ക്കു സമാനം) സ്വന്തമാക്കുന്നു. ഇവ കണ്ടെത്തുക അസാധ്യം. കംപ്യൂട്ടറിലെ പ്രത്യേക സോഫ്റ്റ്!വെയറിലൂടെ അസംഖ്യം ഫോണ്‍ നമ്പറുകളിലേക്ക് ഈ നമ്പറില്‍നിന്നു വിളിയെത്തുന്നു. ഒറ്റ ബെല്ലില്‍ കോള്‍ അവസാനിക്കും. മിസ്ഡ് കോള്‍ ലഭിക്കുന്നവരില്‍ ചിലരെങ്കിലും തിരികെ വിളിക്കുന്നു. കോളെത്തുന്നത് പ്രീമിയം നമ്പറിലേക്ക്. സാധാരണ ഐഎസ്ഡി നിരക്കുകളേക്കാള്‍ വളരെ കൂടുതല്‍ തുക വിലിക്കുന്നയാള്‍ക്ക് നഷ്ടമാവും.

പ്രീമിയം റേറ്റ് നമ്പര്‍ ആയതിനാല്‍ ടെലികോം സേവനദാതാവ് ഒരു വിഹിതം ലാഭമായി നമ്പറിന്റെ ഉടമയ്ക്കു നല്‍കുന്നു. കൂടുതല്‍ ലാഭത്തിനായി നമ്പര്‍ ഡയല്‍ ചെയ്യുമ്പോള്‍ മുതല്‍ കോളായി പരിഗണിക്കുന്ന സംഭവങ്ങളുമുണ്ട്. ഡയല്‍ ചെയ്യുമ്പോള്‍ കേള്‍ക്കുന്ന റിങ് ശബ്ദം പോലും നേരത്തേ റിക്കോര്‍ഡ് ചെയ്തു വച്ചതാകാം. സംഭവത്തില്‍ കേരള പോലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പരിചയമില്ലാത്ത ഒരു രാജ്യാന്തര നമ്പറുകളിലേക്കും തിരിച്ചുവിളിക്കാതിരിക്കുക. ഇന്ത്യയുടെ രാജ്യാന്തര കോഡ് ആയ +91 ഒഴികെ വിവിധ രാജ്യാന്തര കോഡുകളിലുള്ള കോളുകളില്‍നിന്നു മിസ്ഡ് കോളുകള്‍, എസ്എംഎസുകള്‍ കണ്ടാല്‍ ജാഗ്രത പാലിക്കുക. അറിയാതെ തിരികെ വിളിച്ചാല്‍ ഉടന്‍ കോള്‍ കട്ട് ചെയ്യുക. അപരിചിതര്‍ വിളിച്ചാല്‍ വ്യക്തിഗത വിവരങ്ങള്‍ പങ്കുവയ്ക്കാതിരിക്കുക. ഫോണ്‍ ബാലന്‍സ്, ബില്‍ എന്നിവയില്‍ അസ്വാഭാവിക മാറ്റങ്ങളുണ്ടോയെന്നു പരിശോധിക്കുക. ജാഗ്രതാ മുന്നരിയിപ്പുമായി കേരള പോലീസ് തട്ടിപ്പുകാരെ കുടുക്കാനുള്ള വലവിരിച്ചുകഴിഞ്ഞു.  

09-Jul-2018