പോപ്പുലര്‍ ഫ്രണ്ട്, നിലപാട് കടുപ്പിച്ച് സിപിഐ എം

തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള ഇസ്ലാമിക് തീവ്രവാദ സംഘടനകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി സിപിഐ എം. കേന്ദ്രകമ്മിറ്റി അംഗവും സി ഐ ടിയു ജനറല്‍ സെക്രട്ടറിയുമായ  എളമരം കരീം എം പി, സിപിഐ എം മുഖപത്രമായ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലൂടെയാണ് നിലപാട് വ്യക്തമാക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെ വര്‍ഗീയ സ്വഭാവങ്ങളും ത്രീവ്രവാദ നിലപാടുകളും തുറന്നെഴുതുന്ന എളമരം മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന തീവ്രവാദികളാണ് പോപ്പുലര്‍ ഫ്രണ്ടെന്ന് ലേഖനത്തില്‍ ഊന്നി പറയുന്നു. ജമാ അത്തെ ഇസ്ലാമി ആവിഷ്‌കരിച്ച നിരോധിച്ച തീവ്രവാദ സംഘടനയായ സിമിയുടെ നേതാക്കള്‍തന്നെയാണ് പോപ്പുലര്‍ ഫ്രണ്ടിനെ നയിക്കുന്നതെന്നും എളമരം തുറന്നുകാട്ടുന്നുണ്ട്.

2003ലെ മാറാട് കൂട്ടക്കൊലയുടെ ഉത്തരവാദിത്വവും പോപ്പുലര്‍ ഫ്രണ്ടിനാണെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കഠ്വ സംഭവത്തിന്റെ പേരില്‍ കേരളത്തില്‍ നടന്ന വാട്‌സ്ആപ്പ് ഹര്‍ത്താലിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിനും പങ്കുണ്ടെന്നും എളമരം പറയുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിന്റെ എല്ലാ വിധ്വംസകപ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമാണ് മഞ്ചേരിയിലെ ഗ്രീന്‍വാലി എന്നു ചൂണ്ടിക്കാട്ടുന്ന ലേഖനത്തില്‍, താലിബാനിസമാണ് ഇവര്‍ നടപ്പാക്കുന്നതെന്ന് ആരോപിക്കുന്നു.

ഇസ്‌ലാം മതത്തിലേക്കുള്ള പരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്ന പോപ്പുലര്‍ ഫ്രണ്ട്, ഇസ്‌ലാം മതത്തില്‍നിന്നു മറ്റു മതങ്ങളിലേക്കു മാറുന്നവരെ വകവരുത്തുന്നുവെന്ന ആരോപണവും എളമരം കരീം ഉന്നയിക്കുന്നുണ്ട്. സംഘപരിവാറിന്റെ അതിക്രമങ്ങളുടെ 'ഇര' എന്ന പേരില്‍ പോപ്പുലര്‍ ഫ്രണ്ട് ചിലരെ പ്രദര്‍ശിപ്പിക്കുമെന്നും ചില ബുദ്ധിജീവികളെ വിലയ്‌ക്കെടുക്കുമെന്നും കൊലപാതകങ്ങളിലും മറ്റും പോലീസ് നടപടിയുണ്ടാകാതിരിക്കാന്‍ ഇവര്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ കവചമാക്കുമെന്നും ലേഖനത്തിലുണ്ട്.

ദേശാഭിമാനിയുടെ എഡിറ്റോറിയല്‍ പേജില്‍ എളമരം കരീമിന്റെ കൂടാതെ പ്രസിദ്ധീകരിച്ചിരിക്കുന്ന പുരോഗമന കലാസാഹിത്യ സംഘം സെക്രട്ടറി കെ ഇ എന്നിന്റെ ലേഖനവും മതവര്‍ഗീയതയ്‌ക്കെതിരായുള്ളതാണ്. എന്നാല്‍, പോപ്പുലര്‍ ഫ്രണ്ടിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും വേദി പങ്കിടുന്ന കെ ഇ എന്നിന്റെ നിലപാടിനെതിരെ ഇടതുപക്ഷത്തുതന്നെ അതൃപ്തിയുണ്ട്. എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ ഇസ്ലാമിക് തീവ്രവാദികള്‍ കൊലപ്പെടുത്തിയതിന് ശേഷം പുറത്തിറങ്ങിയ ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമം വാരികയില്‍ കെ ഇ എന്നിന്റെ കാളനും കാളയും കൊലകളും എന്ന ലേഖനമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. സ്വത്വ രാഷ്ട്രീയം പരിപോഷിപ്പിക്കുന്നതിന് ദളിത്‌ ആദിവാസി വിഭാഗങ്ങള്‍ക്ക് വലിയ പ്രാമുഖ്യം നല്‍കുന്ന മാധ്യമം വാരിക, ആദിവാസി വിഭാഗത്തില്‍പ്പെട്ട അഭിമന്യുവിന്റെ കൊലപാതകത്തെ ഒരു ചെറിയ കുറിപ്പില്‍ ഒതുക്കിയതും വിവാദമായിട്ടുണ്ട്.

09-Jul-2018