സീരിയല്‍ സംവിധായകനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു.

എറണാകുളം : സീരിയില്‍ സംവിധായകന്‍ തന്റെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന ജനപ്രിയ സീരിയല്‍ അഭിനേത്രി നിഷാ സാരംഗിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സീരിയല്‍ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനെതിരെ വനിതാ കമ്മിഷന്‍ കേസ്. നിഷ, സംവിധായകനെതിരെ ഗുരുതരങ്ങളായ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നത്. ഫഌവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സീരിയലില്‍ തുടര്‍ന്ന് അഭിനയിക്കില്ലെന്നും നിഷ പറഞ്ഞിരുന്നു. സംഭവം വലിയ ചര്‍ച്ചയാവുകയും ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടന 'ആത്മ', സിനിമ അഭിനേതാക്കളുടെ സംഘടന 'അമ്മ' തുടങ്ങിയവരും വ്യക്തികളും നിഷയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഇതിനിടെ, ആര്‍ ഉണ്ണികൃഷ്ണന് ഈഗോ പ്രശ്‌നങ്ങളുണ്ടെന്ന ആരോപണങ്ങളുമായി നടി രചന നാരായണന്‍കുട്ടിയും രംഗത്തെത്തി. 'ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ സമയത്ത് അദ്ദേഹത്തിന് ചില ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടു സീരിയലിന്റെ അടുത്ത ഷെഡ്യൂള്‍ തൊട്ടു വരേണ്ടെന്നു വിളിച്ചുപറഞ്ഞു. എന്നെയും വിനോദ് കോവൂരിനെയും അങ്ങനെയാണു പുറത്താക്കിയത്. അത് ഭയങ്കര വിഷമം ഉണ്ടാക്കി'– രചന പറഞ്ഞു. സംവിധായകന്റെ പീഡനങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ നിഷ സാരംഗിന് 'അമ്മ'യുടെ പൂര്‍ണപിന്തുണയുണ്ട്. സംഭവം അറിഞ്ഞപ്പോള്‍ തന്നെ നിഷയെ വിളിച്ചിരുന്നുവെന്നും രചന പറഞ്ഞു.

09-Jul-2018