കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത. ജാഗ്രത പാലിക്കണം

തിരുവനന്തപുരം : കേരള തീരത്ത് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗത്തിലും ചില അവസരങ്ങളില്‍ ഇത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപ് തീരത്തും പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലും കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ മീന്‍പിടുത്തത്തിന് പോകരുതെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും സൂക്ഷിക്കണമെന്ന് റവന്യു അധികാരികള്ളും അറിയിച്ചു.

എറണാകുളം, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി. കനത്ത മഴയെ തുടര്‍ന്നാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണെന്നും എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു. പകരം മറ്റൊരു ശനിയാഴ്ച പ്രവൃത്തി ദിവസം ആയിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. വയനാട് ജില്ലയിലെ അംഗനവാടികള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ ഡാമുകളിലും പുഴകളിലും ഇറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കി.

09-Jul-2018