ജെ എന്‍ യു പുറത്ത്. റിലയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് അകത്ത്.
അഡ്മിൻ
ന്യൂഡല്‍ഹി: റിലയന്‍സിന്റെ ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിന് ശ്രേഷ്ഠപദവി. ജെ എന്‍ യുവിന്റെ പദവി എടുത്തുകളഞ്ഞു. രാജ്യത്തെ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രേഷ്ഠ പദവി നല്‍കിയത്. മൂന്ന് വീതം സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളെ ലിസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഐ.ഐ.ടി ഡല്‍ഹി, ഐ.ഐ.ടി ബോംബെ, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് (ഐ.ഐ.എസ്.സി), ബി.ഐ.ടി.എസ് പിലാനി, മണിപ്പാല്‍ അക്കാദമി ഓഫ് ഹൈ എഡ്യുക്കേഷന്‍, കിഡ്സ്, നവി മുംബൈയില്‍ തുടങ്ങാനിരിക്കുന്ന റിലയന്‍സ് ഫൗണ്ടേഷന്റെ ജിയോ ഇന്‍സ്റ്റിറ്റിയൂട്ട് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് മാനവശേഷി മന്ത്രാലയം ശ്രേഷ്ഠപദവി പ്രഖ്യാപിച്ചിരിക്കുന്നത്.
ഡല്‍ഹി ജെ എന്‍ യു ഉള്‍പ്പെടെയുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴിവാക്കപ്പെട്ടപ്പോള്‍ തുടങ്ങാനിരിക്കുന്ന ജിയോ ഇന്‍സ്റ്റിറ്റിയൂട്ട് പട്ടികയില്‍ ഉള്‍പ്പെട്ടത് വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ആര് എസ് എസ് നിര്‍ദേശം മാനിച്ചാണ് ജെ എന്‍ യുവിനെ പുറത്താക്കിയത്. രാജ്യത്തെ 20 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ശ്രേഷ്ഠ പദവി നല്‍കാനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാല്‍, ലോകറാങ്കില്‍ വരില്ലെന്ന കാരണം പറഞ്ഞ് ഇത് ആറായി ചുരുക്കി. ജെ എന്‍ യു ഉള്‍പ്പെടെയുള്ള 114 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പദവിക്കായി അപേക്ഷിച്ചിരുന്നു. 11 കേന്ദ്ര സര്‍വകലാശാലകളും സംസ്ഥാന സര്‍വകലാശാലകളും പ്രമുഖ ഐ ഐ ടികളും പദവിക്കായി അപേക്ഷിച്ചിരുന്നെങ്കിലും തഴയപ്പെട്ടു. ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്ന പദവിക്കൊപ്പം ശ്രേഷ്ഠ പദവി ലഭിച്ച സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഓരോന്നിനും മാനവശേഷി മന്ത്രാലയത്തില്‍ നിന്ന് 1000 കോടി രൂപ വീതം സഹായം ലഭിക്കും.
റിലയന്‍സിന്റെ ജിയോ ഇന്‍സ്റ്റിറ്റിയൂട്ട് പദവി കൈവരിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ റിലയന്‍സിന് വഴിവിട്ട് സഹായങ്ങള്‍ നല്കുന്നു എന്ന ആക്ഷേപം കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്.