അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങി ഇന്ത്യ; ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യവെട്ടിക്കുറച്ചു
അഡ്മിൻ
അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങി ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യവെട്ടിക്കുറച്ചു. പ്രതിദിനം 7,05,200 ബാരലായിരുന്ന ഇറക്കുമതി 5,92,800 ബാരലായിയാണ് കുറച്ചത്. ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതി നവംബർ നാലിനകം പൂർണമായും അവസാനിപ്പിക്കണമെന്ന അമേരിക്കയുടെ അന്ത്യശാസനത്തെ തുടർന്നാണ് ഇന്ത്യ ഇറക്കുമതി വെട്ടിച്ചുരുക്കിയത്.
യുഎൻ തീരുമാനിക്കുന്ന ഉപരോധങ്ങളോട് മാത്രമേ ഇന്ത്യ സഹകരിക്കൂവെന്നും, ഏതെങ്കിലും രാജ്യം ഏകപക്ഷീയമായി എടുക്കുന്ന തീരുമാനങ്ങളോട് യോജിക്കില്ലെന്നുമാണ് മോഡി സർക്കാർ ഇതുവരെ അവകാശപ്പെട്ടിരുന്നത്. ആഭ്യന്തരവിപണിയിൽ പെട്രോൾ‐ഡീസൽ വില ദിനംപ്രതി ഉയരുമ്പോഴാണ് സാമ്പത്തികമായി ഇന്ത്യക്ക് ഏറെ ഗുണം ചെയ്തിരുന്ന ഇറാൻ എണ്ണ ഇറക്കുമതി മോദി സർക്കാർ വെട്ടിച്ചുരുക്കിയത് എന്നത് ശ്രദ്ദേയമാണ്.
ഇറാഖും സൗദിയും കഴിഞ്ഞാൽ ഇന്ത്യക്ക് ഏറ്റവുമധികം ക്രൂഡോയിൽ നൽകുന്ന രാജ്യമാണ് ഇറാൻ. ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യക്ക് പല കാരണങ്ങളാലും സാമ്പത്തികമായി നേട്ടമാണ് ഉണ്ടാക്കിയിരുന്നത്. പണമടവിന് രണ്ടുമാസംവരെ സാവകാശം ഇറാൻ നൽകാറുണ്ട്. മറ്റു രാജ്യങ്ങൾ പരമാവധി ഒരുമാസമാണ് അനുവദിക്കുക. മാത്രമല്ല ഇറാനുമായുള്ള പണമിടപാട് ഡോളറിനുപകരമായി യൂറോയിലാണ് ഇന്ത്യ നടത്തിയിരുന്നത്. ഡോളറിനെതിരായി രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്ന പശ്ചാത്തലത്തിൽ യൂറോ ഇടപാട് കറന്റ് അക്കൗണ്ട് കമ്മി പിടിച്ചുനിർത്തുന്നതിൽ സർക്കാരിന് സഹായിച്ചിരുന്നു.