നെടുമ്പാശ്ശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി.
അഡ്മിൻ
എറണാകുളം : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം റണ്‍വെയില്‍ നിന്നും തെന്നിമാറി. റണ്‍വേയിലെ ഒരു ലൈറ്റ് തകര്‍ത്താണ് വിമാനം നിര്‍ത്താനായത്. സംഭവത്തില്‍ ആര്‍ക്കും അപകടമില്ല. ഒരു ലീഡ് ഇന്‍ ലൈറ്റാണ് തകര്‍ന്നത്. ഈ വിമാനം വൈകുന്നതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാരെ ഉച്ചയ്ക്കുള്ള വിമാനത്തില്‍ കയറ്റിവിടും.
ഖത്തര്‍ എയര്‍വെയ്സിന്റെ വിമാനമാണ് നിലം തൊട്ട ശേഷം റണ്‍വേയിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടയില്‍ മഴകാരണം ഒരു വശത്തേക്ക് തെന്നിപ്പോയത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. വിമാനത്തിന് പ്രത്യേകിച്ച് കേടുപാടുകളൊന്നും പറ്റിയില്ല. അതേസമയം റണ്‍വേയിലൂടെ ഓടിയ വിമാനം പൈലറ്റുമാര്‍ക്ക് കാണുന്നതിനായി റണ്‍വേയില്‍ സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ തകര്‍ത്തു. സംഭവത്തേ തുടര്‍ന്ന ഖത്തറിലേക്ക് പോകേണ്ട വിമാനം വൈകുകയാണ്. കഴിഞ്ഞദിവസം ബംഗളുരു ആകാശത്ത് ഇന്‍ഡിഗോ വിമാനങ്ങളുടെ കൂട്ടിയിടി തലനാരിഴയ്ക്ക് ഒഴിവായതോടെ രക്ഷപ്പെട്ടതു മലയാളികള്‍ അടക്കം ഏകദേശം 330 യാത്രക്കാരായിരുന്നു. ബംഗളുരു-കൊച്ചി, കോയമ്പത്തൂര്‍-െഹെദരാബാദ് എ 320 വിമാനങ്ങളാണ് ആകാശത്ത് ആശങ്കവിതച്ചത്. രണ്ടു വിമാനങ്ങളും തമ്മിലുള്ള അകലം 200 അടി മാത്രമുള്ളപ്പോഴാണ് അപായം തിരിച്ചറിഞ്ഞ് അധികൃതര്‍ മുന്നറിയിപ്പു നല്‍കിയത്. ചൊവ്വാഴ്ച നടന്ന സംഭവം ഇന്നലെയാണു പുറംലോകം അറിയുന്നത്. ബംഗളുരു-കൊച്ചി വിമാനത്തില്‍ 166 യാത്രക്കാരും കോയമ്പത്തൂര്‍- ഹൈദരാബാദ് വിമാനത്തില്‍ 162 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. ആകാശമധ്യേയുള്ള കൂട്ടയിടി ഒഴിവാക്കാനുള്ള കോക്പിറ്റിലെ സംവിധാനം പൈലറ്റുമാര്‍ക്കു മുന്നറിയിപ്പു നല്‍കിയതോടെയാണു കൂട്ടയിടി ഒഴിവായത്. ഇത്തരം വിഷയങ്ങളിലെല്ലാം വ്യോമയാന മന്ത്രാലയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ വക്താക്കള്‍ പറഞ്ഞു.