ന്യൂഡല്‍ഹി : കേരള മുഖ്യമന്ത്രിക്കും കൂടെയുള്ള സര്‍വ്വകക്ഷി സംഘത്തിനും സംസ്ഥാനത്തിന്റെ വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുവാനുള്ള അനുമതി നിഷേധിച്ച നടപടി പ്രധാനമന്ത്രി നരേന്ദ്രമോഡി തിരുത്തി. കേരളത്തില്‍നിന്നുള്ള സര്‍വ്വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കി. ഈ മാസം 19ന് പ്രധാനമന്ത്രിയെ കാണാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കഞ്ചിക്കോട് കോച്ച് ഫാക്ടറി, റേഷന്‍ വിഹിതം വെട്ടിക്കുറച്ച വിഷയം തുടങ്ങിയ കാര്യങ്ങളിലാണ് സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തുക. നേരത്തെ രണ്ടു തവണ പ്രധാനമന്ത്രിയെ കാണാന്‍ കേരളത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു. തുടര്‍ന്ന് മുഖ്യമന്ത്രി ഡല്‍ഹിയില്‍ പത്രസമ്മേളനം വളിക്കുകയും കേരളത്തോടുള്ള കേന്ദ്രത്തിന്റെ ചിറ്റമ്മനയം തുറന്നുകാട്ടുകയും ചെയ്തിരുന്നു.
അതേ സമയം കേരളത്തിലെ സര്‍വ്വകക്ഷി സംഘത്തില്‍ ബി ജെ പി പ്രതിനിധിയെ ഉള്‍പ്പെടുത്താതിരുന്നിട്ടും മുഖ്യമന്ത്രിക്കും സംഘത്തിനും ചര്‍ച്ചയ്ക്ക് സമയം നല്‍കിയ പ്രധാനമന്ത്രി മോഡിയുടെ നടപടിയില്‍ കേരളത്തിലെ ബി ജെ പി നേതൃത്വം അതൃപ്തിയിലാണുള്ളത്. നേരത്തെ ബി ജെ പി കേന്ദ്രനേതൃത്വത്തോട് മോഡിയെ കാണാനുള്ള പിണറായി വിജയന്റെ നീക്കങ്ങള്‍ അനുവദിക്കരുതെന്ന് കേരള ബി ജെ പി ആവശ്യപ്പെട്ടിരുന്നു.